• 08 Jun 2023
  • 05: 42 PM
Latest News arrow

ഉത്തേജകമരുന്നിന് കൊടുക്കേണ്ടിവരുന്ന കനത്തവില; റിയോ ഒളിംപിക്‌സ് റഷ്യക്ക് നഷ്ടമായേക്കും

ലൂസാന്‍ : റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റഷ്യന്‍ കായികതാരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി തള്ളി. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ കായികതാരങ്ങള്‍ക്ക് റിയോ ഒളിംപിക്‌സ് നഷ്ടമാകാനാണു സാധ്യത എന്നാണ് വിലയിരുത്തുന്നത്.  68 റഷ്യന്‍ കായികതാരങ്ങളാണ് ഉത്തേജകമരുന്ന് വിവാദത്തെ തുടര്‍ന്ന് ആര്‍ബിട്രേഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതിയുടെ തീര്‍പ്പ് അറിഞ്ഞശേഷം അടുത്ത നടപടികളിലേക്ക് കടക്കാനായിരുന്നു ഒളിംപിക്  കമ്മിറ്റി തീരുമാനിച്ചിരുന്നത് . കോടതി അപ്പീല്‍ തള്ളിയ സ്ഥിതിക്ക് ഒളിംപിക്  കമ്മിറ്റിയും റഷ്യക്കെതിരായ നിലപാടെടുക്കാനാണ് സാധ്യത. 

സര്‍ക്കാറിന്റെ പിന്തുണയോടെ ഉത്തേജകമരുന്നുപയോഗിച്ചുവെന്ന പരാതിയില്‍ റഷ്യക്കെതിരായ നടപടിയെന്തെന്ന് ഒരാഴ്ചയ്ക്കകം തീരുമാനിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്  കമ്മിറ്റി വ്യക്തമാക്കിയതിന് പിന്നാലെയാണ് കോടതി അപ്പീല്‍ തള്ളിയത്. സര്‍ക്കാറിന്റെ പിന്തുണയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് റഷ്യയെ  ഒന്നടങ്കം റിയോ ഒളിംപിക്‌സില്‍ നിന്ന് വിലക്കണമെന്ന ആവശ്യം ശക്തമാണ് .

അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സി (വാഡ)ക്കു വേണ്ടി അന്വേഷണം നടത്തിയ കനേഡിയന്‍ നിയമവിദഗ്ദ്ധന്‍ റിച്ചാര്‍ഡ് മക്ലാറന്റെ റിപ്പോര്‍ട്ട് ഈയിടെയാണു പുറത്തുവന്നത്. ആ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്  റഷ്യയെ ഒന്നടങ്കം ഒളിംപിക്‌സില്‍ നിന്ന് വിലക്കണമെന്ന് വാഡ ആവശ്യപ്പെട്ടത് . നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും വാഡ വ്യക്തമാക്കിയിരുന്നു. അമേരിക്ക, കാനഡ, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും റഷ്യക്കെതിരെ നടപടിവേണമെന്ന നിലപാടാണ് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ ഉന്നയിച്ചത്. 

2010മുതല്‍ 2014വരെ നാലുവര്‍ഷത്തോളം റഷ്യയില്‍ സര്‍ക്കാറിന്റെ പിന്തുണയോടെ ഉത്തേജകമരുന്നുപയോഗം  നടന്നുവെന്നാണ് കണ്ടെത്തല്‍. 2014ല്‍ റഷ്യയിലെ സോചിയില്‍ നടന്ന ശീതകാല ഒളിംപിക്‌സിനിടയില്‍  ഉത്തജകമരുന്നുപയോഗം പരിശോധിക്കാനെടുത്ത സാമ്പിളുകളില്‍ കൃത്രിമം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.