• 08 Jun 2023
  • 05: 16 PM
Latest News arrow

നര്‍സിംഗ് റിയോ ഒളിംപിക്‌സ് ഗോദയില്‍ ഉണ്ടാകും ; വിലക്ക് നീക്കി

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പിടിക്കപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിനുള്ള വിലക്ക് ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ)  നീക്കി. നാഡ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. നര്‍സിംഗ് നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെട്ട സ്റ്റിറോയ്ഡിന്  നര്‍സിംഗ് ഇരയാവുകയായിരുന്നുവെന്ന്  സമിതി കണ്ടെത്തി.

ഇതോടെ റിയോ ഒളിംപിക്‌സില്‍ നര്‍സിംഗ് യാദവ് ഉണ്ടാകും . 74 കിലോ ഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍  ആണ് നര്‍സിംഗ് യാദവ് മത്സരിക്കുന്നത്.

താന്‍ നിരപരാധിയാണെന്നും സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള നര്‍സിംഗിന്റെ വാദം അച്ചടക്കസമിതി അംഗീകരിക്കുകയായിരുന്നു. ഗുസ്തി അസോസിയേഷന്റെ പിന്തുണയും നര്‍സിംഗിനുണ്ടായിരുന്നു.സോനിപ്പത്തിലുള്ള സായ് സെന്ററിലെ കാന്റീനില്‍ വെച്ച് നര്‍സിങ്ങിനായി തയ്യാറാക്കിയ ഭക്ഷണത്തില്‍ പുറത്തു നിന്നുള്ളയാള്‍ എന്തോ വസ്തു ചേര്‍ക്കുന്നത് കണ്ടതായി അവിടുത്തെ പാചകക്കാരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരാളെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ അയാള്‍ അറിയാതെ എതിരാളികളോ മറ്റോ നിരോധിത മരുന്ന് നല്‍കുകയാണെന്ന് തെളിഞ്ഞാല്‍ അയാള്‍ക്ക്  വിലക്കില്‍ നിന്ന് ഒഴിവാകാം .