• 22 Sep 2023
  • 04: 07 AM
Latest News arrow

ഐപിഎല്‍ മുന്നോട്ട്; അടുത്ത തവണയും എട്ടു ടീമുകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഒമ്പതാം പതിപ്പ് എട്ട് ടീമുകളെ തന്നെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുമെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ശൂക്ല അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതോടെ ടീമുകളുടെ എണ്ണം ആറായി ചുരുങ്ങിയിരുന്നു. സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റിയാണ് രണ്ടു ടീമുകളെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ ഐപിഎല്ലിന്റെ ഭാവി എന്താകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഐപിഎല്ലിന് ഒരു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുകയുണ്ടായി.

ലോധ കമ്മിറ്റിയുടെ ഉത്തരവ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പൂര്‍ണമായും അനുസരിക്കുമെന്ന് ശുക്ല അറിയിച്ചു. ഐപിഎല്ലിന്റെ ഒമ്പതാമത്തെ പതിപ്പിന് രൂപം നല്‍കാന്‍ ഇനിയും സമയമുണ്ട്. ഐപിഎല്‍ കൗണ്‍സിലിന്റെ ഞായറാഴ്ച ചേര്‍ന്ന യോഗം കാര്യങ്ങള്‍ പഠിക്കാന്‍ ഒരു പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കി. രണ്ട് പുതിയ ടീമുകള്‍ക്ക് രുപം നല്‍കാന്‍ ടെണ്ടര്‍ വിളിക്കണമെന്ന നിര്‍ദ്ദേശം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു വന്നു. അടുത്ത രണ്ടു സീസണുകളില്‍ എട്ട് ടീമുകളും 2018 മുതല്‍ 10 ടീമുകളുടെ ലീഗും നടത്താനുള്ള നിര്‍ദ്ദേശമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഏതൊക്കെ നഗരങ്ങളിലാണ് പുതിയ ഫ്രാഞ്ചൈസികള്‍ക്ക് അവസരം ലഭിക്കുക എന്നതൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ.