കെകെആര്‍ ജയത്തോടെ തുടങ്ങി ; എംഐ 168/3, കെകെആര്‍ 170/3(18.3)

കൊല്‍ക്കൊത്ത: ചാമ്പ്യന്മാരായ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി മോര്‍ണി മോര്‍ക്കല്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ഞെരുങ്ങി. അവസാനത്തെ ആറ് ഓവറില്‍ അവര്‍ 88 റണ്‍സ് എടുത്തെങ്കിലും അത് തികയാതെ പോയി. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലുള്ള ഓവറുകളിലെ ആ നഷ്ടം രോഹിത് ശര്‍മ നന്നായി ബാറ്റു ചെയ്തിട്ടും നികത്താനായില്ല. 98 റണ്‍സെടുത്ത രോഹിത് ഭീഷണിയുയര്‍ത്തിയെങ്കിലും മറ്റുള്ളവരെ കെകെആര്‍ ബൗളര്‍മാര്‍ വാരിക്കെട്ടി. അതോടെ ഐപിഎല്‍ എട്ടാം സീസണിലെ ആദ്യമത്സരത്തില്‍ വിജയം ചാമ്പ്യന്മാര്ക്കായി.
മുംബൈയുടെ 168 റണ്‍സ് അവര്‍ പ്രതിരോധിക്കാന്‍ പാടുപെടുമെന്ന് ഗംഭീറിന്റെ ബാറ്റിംഗ് കണ്ടപ്പോള്‍ ഉറപ്പായിരുന്നു. ക്യാച്ചുകള്‍ വിട്ടുകളഞ്ഞതും മുംബൈയ്ക്ക് വിനയായി. ഗംഭീര്‍ 57 റണ്‍സും മനീഷ് പാണ്ഡെ 40 റണ്‍സും സൂര്യകുമാര്‍ യാദവ് പുറത്താകാതെ 46 റണ്‍സും നേടി. റോബിന് ഉത്തപ്പ 9 റണ്‍സെടുത്തപ്പോള്‍ യൂസുഫ് പഠാന് പുറത്താകാതെ 14 റണ്‍സെടുത്തു.
മുംബൈയുടെ ഇന്നിംഗ്സില്‍ രോഹിത് ശര്‍മയെ കൂടാതെ കോറി ആന്ഡേഴ്സണ് നന്നായി ബാറ്റു ചെയ്ത് പുറത്താകാതെ 55 റണ്‍സ് നേടിയെങ്കിലും അതിനു മുമ്പേ ടോപ് ഓര്‍ഡര്‍ ക്ഷണത്തില്‍ തകര്‍ന്നു കഴിഞ്ഞിരുന്നു. ആറണ്‍ ഫിഞ്ച് 5, ആദിത്യ താരെ 7, അമ്പട്ടി റായുഡു 0 എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. മോര്‍ക്കലിന്റെ നാലോവറില്‍ ഒന്ന് മെയിഡനായിരുന്നു. മിന്നും താരം മോര്‍ക്കല്‍ തന്നെ. ഷക്കീബ് അല്‍ ഹസ്സന് 48 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി. സുനില്‍ നാലോവറില്‍ വിട്ടുകൊടുത്തത് 28 റണ്‍സായിരുന്നു.