ഐപിഎല്‍ ലേലം: സഞ്ജുസാംസണെ 4.2 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി; ഷെയ് ന്‍ വാട്‌സണ് 9.5 കോടി

ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണെ 4.2 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. രണ്ടുകോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. പൂനെ ടീമും സഞ്ജുവിന് വേണ്ടി രംഗത്തെത്തിയിരുന്നുവെങ്കിലും വാശിയേറിയ ലേലത്തിനൊടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയായിരുന്നു സഞ്ജു കളിച്ചത്. ലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരമായ ഷെയ്ന്‍ വാട്‌സണാണ് ലേലത്തിലെ ഏറ്റവും വിലയുള്ള താരം. ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ ഒടുവിലത്തെ മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണ്‍ ഓസീസിനെ നയിക്കുകയും സെഞ്ചുറി നേടുകയും ചെയ്തിരുന്നു. ഒന്‍പതര കോടി രൂപ മുടക്കിയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഷെയ്ന്‍ വാട്‌സണെ സ്വന്തമാക്കിയത്. അതേസമയം ഇന്ത്യന്‍താരം യുവരാജ് സിങ്ങിനെ ഏഴുകോടിക്ക് ഹൈദരബാദ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.
രണ്ടുകോടി രൂപയായിരുന്നു യുവരാജ് സിങ്ങിന്റെ അടിസ്ഥാന വിലയായി കണക്കാക്കിയിരുന്നത്. ഇപ്പോള്‍ മികച്ച ഫോമിലുളള ഇശാന്ത് ശര്‍മ്മയെ മൂന്നുകോടി എണ്‍പതുലക്ഷം രൂപ നല്‍കിയാണ് പൂനെ ജയന്റ്‌സ് സ്വന്തമാക്കിയത്. ലേലം ബംഗളുരുവില്‍ പുരോഗമിക്കുകയാണ്.