ഷമി ഇല്ല; ഇന്ത്യ യുഎഇക്ക് എതിരെ

പെര്‍ത്ത്: യുഎഇയുമായുള്ള മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കില്ല. മുട്ടിന് ചെറിയ പരിക്കുള്ളതാണ് കാരണം. പകരം ആരിറങ്ങുമെന്ന് ഉറപ്പായിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍, സ്റ്റ്യൂവര്‍ട്ട് ബിന്നി എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കും. പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ച ഇന്ത്യക്ക് വേണ്ടി ഷമി ഇതുവരെ ആറു വിക്കറ്റ് വീഴ്ത്തി.
അവസാന അഞ്ച് ഓവറുകളില്‍ വേണ്ടത്ര റണ്‍സ് നേടാനായിട്ടില്ലെന്നാണ് ഇന്ത്യ ദൗര്‍ബല്യമായി കാണുന്ന ഒരു വശം. വലിയ സ്കോര്‍ പിന്തുടര്ന്ന് ജയിക്കാന്‍ ടീമുകള്‍ പൊതുവെ പ്രയാസപ്പെടുന്നുണ്ട്. ടോസ് നേടി ബാറ്റു ചെയ്യാനാണ് ഇന്ത്യ തീരുമാനിച്ചത് ഇതുവരെ. ഇപ്രാവശ്യം മറിച്ച് ചിന്തിച്ചു കൂടെന്നില്ല.
സിംബാബ്വെയോടും അയര്‍ലണ്ടിനോടും തോറ്റുവെങ്കിലും യുഎഇ ഇതുവരെ നന്നായി കളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ അവര്‍ക്ക് വ്യത്യസ്തരായ എതിരാളികളായിരിക്കും. പെര്‍ത്തിലെ ബൗണ്‍സ് മാത്രമായിരിക്കില്ല അവരെ വിഷമിപ്പിക്കുക. അശ്വിന്റെയും ജഡേജയുടെയും സ്പിന്നും അവരെ വലച്ചേക്കാം. അതേസമയം തങ്ങള്‍ നല്ല മനസ്സോടെയാണ് കളിക്കാനിറങ്ങുന്നതെന്ന് യുഎഇ ക്യാപ്റ്റന്‍ മുഹമ്മദ് തക്വീര് പറയുന്നു.
ഇന്ത്യ കളിക്കുന്നതു കൊണ്ട് ഈ കളിക്കും കാണികള്‍ കുറവായിരിക്കില്ല. ഇന്ത്യ പാകിസ്താന് മത്സരം ടിവിയിലൂടെ 28 കോടി ആളുകള്‍ കണ്ടു എന്നാണ് കണക്ക്.