• 01 Feb 2023
  • 08: 50 AM
Latest News arrow

ഇന്ത്യ സെമിയില്‍

മെല്‍ബണ്‍: ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിന്റെ പ്രതിരോധത്തിനെതിരെ 300 കടക്കുമെന്ന് ആദ്യത്തെ 30 ഓവറില്‍ തോന്നിച്ചിരുന്നില്ല. അത്രയും ഓവര്‍ വരെ ബംഗ്ലാദേശ് കളിയിലുയണ്ടായിരുന്നു. പിന്നീട് കളിയുടെ മേല്‍ അവര്‍ക്ക് പിടിവിട്ടുവെങ്കിലും അതുവരേക്കും അവര്‍ പൊരുതി. ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി, അചിങ്ക്യ രഹാനെ എന്നിവരെ 30 ഓവറിനുള്ളില്‍ ബംഗ്ലാദേശ് പുറത്താക്കിയിരുന്നു. അപ്പോള്‍ സ്‌കോര്‍ മൂന്നു വിക്കറ്റിന് 115. എന്നാല്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയും സുരേഷ് റെയ്‌നയുടെ അരസെഞ്ച്വറിയും  ജയിക്കാന്‍ ആവശ്യമായ റണ്‍സ്  നിക്ഷേപിക്കുന്നതിന് ഇന്ത്യയെ സഹായിച്ചു. അവസാത്തെ 15 ഓവറില്‍ രോഹിതിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് ബൗളിംഗിനെ ഇന്ത്യ കടന്നാക്രമിച്ചതാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. അതോടെ സ്‌കോര്‍ 300 കടന്നു. കൃത്യമായി അറു വിക്കറ്റിന് 302. പിന്നീട് ഇന്ത്യയുടെ പേസര്‍മാര്‍ കളി ഏറ്റെടുത്തു. തുടര്‍ച്ചയായി ഏഴാം തവണയും ഇന്ത്യ എതിരാളികളുടെ മുഴുവന്‍ വിക്കറ്റും കൈക്കലാക്കി. ബംഗഌദേശ് 45 ഓവറില്‍ 193 റണ്‍സിന് പുറത്ത്. ഇന്ത്യ 109 റണ്‍സിന് ജയിച്ചു. പാകിസ്താന്‍-ഓസ്‌ട്രേലിയ മത്സര വിജയിയെയാണ് ഇന്ത്യ സെമിയില്‍ നേരിടുക.

വലിയ സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നു കളിക്കാനുള്ള കെല്പ് ഇന്ത്യ വീണ്ടും വെളിപ്പെടുത്തിയ കളിയായിരുന്നു ഇതും. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ നൂറാമത്തെ ജയമാണിത്.
          
ഒരു ബാറ്റ്‌സ്മാന്റെ നീണ്ട സെഞ്ച്വറിയും അതിനെ പിന്തുണക്കുന്ന വേഗത്തിലുള്ള അരസെഞ്ച്വറിയും ഉണ്ടായാല്‍ ഒരു ടീമിന് മുന്നൂറിനോട് അടുക്കുന്ന നല്ല സ്‌കോര്‍ പടുത്തുയര്‍ത്താം. അതല്ലെങ്കില്‍ നാലഞ്ച് പേരുടെ അരസെഞ്ച്വറി. ഈ ലോകകപ്പില്‍ ഇതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയുടെ  സെഞ്ച്വറിക്ക് സുരേഷ് റെയ്‌നയുടെ അരസെഞ്ച്വറി അകമ്പടി സേവിച്ചപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ മുന്നൂറ് കടന്നു. ഒന്നോ രണ്ടോ കളിക്കാര്‍ പുറത്തായാല്‍ മറ്റൊരാള്‍ നീണ്ട ഇന്നിംഗ്‌സ് കളിക്കാന്‍ ഇന്ത്യയുടെ നിരയിലുണ്ട് എന്നതാണ് ടീമിന്റെ ശക്തി. എല്ലാവരും കൂടി പൊളിഞ്ഞുപോകുന്ന ഒരു കളി ഇന്ത്യ കളിച്ചിട്ടില്ല. എന്നാല്‍ ബംഗ്ലാദേശിന് അത്തരമൊരു ഇന്നിംഗ്‌സ് കളിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പൊട്ടിത്തെറിക്കുന്ന ഇന്നിംഗ്‌സ് ഒരാള്‍ കളിക്കണം. അല്ലെങ്കില്‍ എല്ലാവരും സംഭാവന നല്‍കി സ്‌കോര്‍ കെട്ടിപ്പടുക്കണം. അതും കണ്ടില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു, ഫീല്‍ഡര്‍മാര്‍ നന്നായി പന്ത് തടുക്കുകയും ചെയ്തു. 14 ബൗണ്ടറിയും മൂന്ന് സിക്‌സറും നേടി അഞ്ചാമനായി പുറത്തായ രോഹിത് ആണ് കളിയിലെ മിന്നും താരം.

ബംഗ്ലാദേശിന്റെ പ്രതിരോധ ബൗളിങ്ങിനെതിരെ പതുക്കെയായിരുന്നു രോഹിതിന്റെ മുന്നേറ്റം. എന്നാല്‍ അവസാന ഘട്ടത്തില്‍ രോഹിത് ആഞ്ഞടിച്ചു. ആദ്യത്തെ 60 റണ്‍സിന് 80 പന്ത് ചെലവിട്ട രോഹിത് പിന്നീടങ്ങോട്ട് വേഗത കൂട്ടി. 137 റണ്‍സ് എടുത്തു പുറത്താവുമ്പോള്‍ 126 പന്ത് കളിച്ചിരുന്നു ഇന്ത്യന്‍ ഓപ്പണര്‍. 57 പന്ത് കളിച്ച് 65 റണ്‍സെടുത്ത സുരേഷ് റെയ്‌ന തന്റെ പങ്കു വഹിച്ചു. 90 റണ്‍സില്‍ നില്‍ക്കേ രോഹിതിന്റെ ഒരടി ബംഗ്ലാദേശ് ക്യാച്ചാക്കി മാറ്റിയിരുന്നുവെങ്കിലും സ്‌ക്വയര്‍ ലെഗ്  അമ്പയര്‍ അലീം ദാര്‍ നോബോള്‍ വിളിച്ചതിനാല്‍ രോഹിതും ഇന്ത്യയും രക്ഷപ്പെട്ടു. അരയ്ക്കുയരത്തില്‍ വന്ന പന്ത് പൂര്‍ണമായും നോബോള്‍ ആയിരുന്നില്ല എന്ന് ചുരുങ്ങിയ പക്ഷം ബംഗ്ലാദേശുകാരെങ്കിലും കരുതുന്നു.

രോഹിതിന്റെ സാന്നിധ്യം അവസാന ഘട്ടത്തില്‍ ഇന്ത്യക്ക് വലിയ ഗുണം ചെയ്തു. 35ാമത്തെ ഓവറില്‍ മൂന്നു  വിക്കറ്റിന് 155 റണ്‍സില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യ അവിടെ നിന്ന് കുതിച്ചു. രൊഹിത് താന്‍ നേരിട്ട അവസാനത്തെ ഒമ്പത് പന്തില്‍ നിന്ന് 25 റണ്‍സ് നേടി. 10 പന്തില്‍ നിന്ന്  പുറത്താകാതെ 23 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും സ്‌കോര്‍ ഉയര്‍ത്തുന്നതിന് സഹായിച്ചു. ധോണി ആറു റണ്‍സെടുത്ത് പുറത്തായപ്പോള്‍ അശ്വിന്‍ പുറത്താകാതെ മൂന്നു റണ്‍സ് എടുത്തു. കളിയുടെ മിന്നും താരം രോഹിത് തന്നെ.

ഇന്ത്യയുടെ ഓപ്പനര്‍മാര്‍ ആദ്യവിക്കറ്റിന് റണ്‍സ് നേടിയ ശേഷം ശിഖര്‍ ധവാന്‍ പുറത്തായി. 50 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ധവാനെ ഷാക്കീബിന്റെ പന്തില്‍ മുഷ്ഫിക്കുര്‍ സ്റ്റംപ് ചെയ്തു. മൂന്നു റണ്‍സെടുത്ത വിരാട് കൊഹ്‌ലിയെ റുബേലിന്റെ പന്തില്‍ മുഷ്ഫിക്കുര്‍ തന്നെ പിടിച്ചു. അചിങ്ക്യ രഹാനെയും അധികനേരം നിന്നില്ല. 19 റണ്‍സെടുത്ത രഹാനെ തസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ ഷക്കീബിന് ക്യാച്ച് കൊടുത്ത് പുറത്തായി. തുടര്‍ന്നാണ് റെയ്‌നയും രോഹിത് ശര്‍മയും ഒന്നു ചേര്‍ന്നത്. അതുവരേക്കും നന്നായി പ്രതിരോധിച്ചു കളിച്ചിരുന്ന ബംഗ്ലാദേശിന് അവിടെവെച്ച് പിടിവിട്ടു.

ഫാസ്റ്റ് ബൗളര്‍  തസ്‌കിന്‍ 69 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ ഒരിക്കല്‍ കൂടി നന്നായി ബൗള്‍ ചെയ്ത റുബേല്‍ ഹുസൈന് കൊഹ്‌ലിയുടെ വിക്കറ്റ്‌കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഷാക്കീബ് 58ന് ഒരു വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ മുഷ്‌റഫെ ഒരു വിക്കറ്റിന് 69 റണ്‍സ് വഴങ്ങി.

300 മറികടക്കണമെങ്കില്‍ ആപത് സാധ്യത കണക്കിലെടുക്കാതെ കളിക്കുകയേ ബംഗ്ലാദേശിന് മുന്നില്‍ വഴിയുണ്ടായിരുന്നുള്ളൂ. അതിനാണ് അവര്‍ ശ്രമിച്ചതും. എന്നാല്‍ ടൂര്‍ണമെന്റില്‍ ഉടനീളം ഒന്നാംതരമായി ബൗള്‍ ചെയ്തു വരുന്ന ഇന്ത്യന്‍ സംഘത്തിന് മുന്നില്‍ അത് ചെയ്ത് ഫലിപ്പിക്കാനുള്ള ശക്തി ബംഗ്ലാദേശിന് ഇല്ലായിരുന്നു. അവരുടെ വിക്കറ്റുകള്‍ മുറക്ക് വീണു. നല്ല തുടക്കത്തിനുമേല്‍ ഒരു ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ല.

എല്ലാം കൈവിട്ടപ്പോള്‍ ബാറ്റ് ചെയ്യാനിറങ്ങിയ സ്പിന്നര്‍ നാസിര്‍ ഹുസൈനാണ് അവരുടെ ടോപ് സ്‌കോറര്‍. നാസിര്‍ 35 റണ്‍സെടുത്തു. തമീം ഇക്ബാല്‍ 25, ഇംറുള്‍ കെയിസ് 5, സൗമ്യ സര്‍ക്കാര്‍ 29, മഹമദുള്ള 21, ഷാക്കീബ് 10, മുഷ്ഫിക്കുര്‍ റതഹീം 27, സബ്ബീല്‍ റഹ് മാന്‍ 30, മുഷ്‌റഫെ 1, റുബേല്‍ 0, തസ്‌കിന്‍ പുറത്താകാതെ 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.

ഉമേശ് യാദവ് 31 റണ്‍സിന് നാലു വിക്കറ്റെടുത്തു. ഷമി 37 റണ്‍സിന് രണ്ടു വിക്കറ്റും ജഡേജ 42 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്ത്തി. മോഹിത് ശര്‍മ 36 റണ്‍സിന് ഒരു വിക്കറ്റെടുത്തു.