• 01 Jun 2023
  • 06: 01 PM
Latest News arrow

ദക്ഷിണാഫ്രിക്കക്ക് ലോകകപ്പ് അനുവദിക്കാന്‍ കൈക്കൂലി വാങ്ങി

ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയില്‍ നടമാടുന്ന അഴിമതിക്കെതിരെ ഇപ്പോള്‍ അമേരിക്കന്‍ അധികൃതര്‍ തുടങ്ങിവച്ച നടപടി ഒരു തുടക്കം മാത്രമാണെന്ന് അവര്‍ പറയുന്നു. കൈക്കൂലി, വഞ്ചന, പണം വെളുപ്പിക്കല്‍  തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച്  47 ഇനങ്ങളിലാണ് ഇപ്പോള്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് 17 പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവരില്‍ ഏഴ് ഫിഫ അധികൃതരെ  ഇന്നലെ സ്വിറ്റ്‌സര്‍ലണ്ടിലെ സ്യൂറിച്ചില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അമേരിക്കക്ക് വിട്ടുകിട്ടാന്‍ വേണ്ടിയുള്ള നിയമനടപടികളാണ് അടുത്ത ഘട്ടം. കേസ് കോടതിയില്‍ എത്തണമെങ്കില്‍ ഇനിയും കാലമെടുക്കും എന്നര്‍ത്ഥം. അമേരിക്കന്‍ ബാങ്കിങ് വ്യവസ്ഥ ഉപയോഗപ്പെടുത്തി എന്നത് കൊണ്ടാണ് ഇവര്‍ക്കെതിരെ അമേരിക്കക്ക് നടപിട സ്വീകരിക്കാന്‍ അവസരമുണ്ടായത്. അമേരിക്കയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായാല്‍ അവര്‍ക്ക് കേസെടുക്കാം.

 ഫിഫ മുന്‍വൈസ് പ്രസിഡന്റ് ജാക്ക് വാര്‍ണര്‍ 2010ലെ ലോകകപ്പ് വേദി നിശ്ചയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് അനുകൂലമായി താനും കൂട്ടരും വോട്ടു ചെയ്യുന്നതിന് ഒരു കോടി ഡോളര്‍ (ഏതാണ്ട് 63 കോടി രൂപ) കൈക്കൂലി വാങ്ങിയതായി അമേരിക്കന്‍ അന്വേഷകര്‍ പറയുന്നു. ഫിഫ എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളാണ് വേദി വോട്ടിനിട്ട് തീരുമാനിക്കുന്നത്. 2010ലെ ലോകകപ്പിന് വേണ്ടി മൊറോക്കോയും ഈജിപ്തും ദക്ഷിണാഫ്രിക്കയും രംഗത്തുണ്ടായിരുന്നു. വാര്‍ണര്‍ക്ക് മൊറോക്കോ 10 ലക്ഷം ഡോളര്‍ (ഏതാണ്ട് ആറു കോടി രൂപ) അനുകൂലമായി വോട്ടു സംഘടിപ്പിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കാര്‍ വാര്‍ണര്‍ നിയന്ത്രിക്കുന്ന വോട്ടുകള്‍ക്ക് വേണ്ടി വിലപേശി, കൈക്കൂലി ഒരു കോടി ഡോളറില്‍ എത്തിക്കുകയും ടൂര്‍ണമെന്റ് നേടിയെടുക്കുകയും ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വാര്‍ണര്‍ ട്രിനിഡാഡില്‍  പോലീസില്‍ ഹാജരായി.

 പണം ഇടപാടില്‍ ഇടനിലക്കാരായി നില്‍ക്കുന്നവര്‍ തന്നെ അതിന് വേണ്ടി വന്‍തുക കൈപ്പറ്റിയിരുന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. ഒന്നര ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസും രണ്ട് ശതമാനം കമ്മീഷനുമാണ് ഇതിന് വാങ്ങിയിരുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  വീണ്ടും പ്രസിഡന്റാവാന്‍ ഒരുങ്ങുന്ന സെപ്പ് ബ്ലാറ്ററുടെ പദവിയെയോ 2018ലെയും 22ലെയും ലോകകപ്പിനെയോ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ എങ്ങനെ ബാധിക്കും എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ലോകകപ്പ് വേദി അനുവദിച്ചതു സംബന്ധിച്ച് സ്വിറ്റ്‌സര്‍ലണ്ട് വേറെ തന്നെ അന്വേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ച് ഫിഫ തന്നെ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കൈക്കൂലിക്ക് തെളിവില്ലെന്നാണ് പറഞ്ഞിരുന്നത്.

  അതിനിടെ ഇന്ന് നടക്കാനിരിക്കുന്ന ഫിഫ തിരഞ്ഞെടുപ്പ് ആറുമാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ഫിഫയുടെ യുറോപ്യന്‍ ഘടകമായ യുവേഫ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാം തവണയും  ബ്ലാറ്റര്‍ തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. ബ്ലാറ്റര്‍ക്കെതിരെ ഇപ്പോള്‍ ആരോപണങ്ങള്‍ നീണ്ടിട്ടില്ലെങ്കിലും അന്വേഷണം വിപുലമാവുമ്പോള്‍ എന്തും സംഭവിക്കാം. എന്നാല്‍ 2018ല്‍ റഷ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് തല്‍ക്കാലം ഭീഷണിയില്ലെന്ന് കരുതുന്നു. റഷ്യന്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയില്ല.

 അമേരിക്കക്കാര്‍ തങ്ങളെ ദ്രോഹിക്കാനാണ് ഇപ്പോള്‍ അറസ്റ്റുകള്‍ നടത്തിയിരിക്കുന്നതെന്ന് അവര്‍ ആക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്. റഷ്യക്ക് വേദി അനുവദിച്ചതിന്റെ പേരില്‍ പാശ്ചാത്യരാജ്യങ്ങളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. യുക്രെയിനിലെ ഗവണ്‍മെന്റ് വിരുദ്ധര്‍ക്ക് റഷ്യ നല്‍കിവരുന്ന പിന്തുണയും ക്രൈമിയ പിടിച്ചെടുത്തതുമാണ് എതിര്‍പ്പിന് കാരണം. അതേസമയം എല്ലാവരും ഫിഫ കോണ്‍ഗ്രസ്സിനായി ഒത്തുകൂടുമ്പോള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എളുപ്പമായതു കൊണ്ടാണ് അമേരിക്കക്കാര്‍ നീങ്ങിയത് എന്നു പറയുന്നു. അതല്ലെങ്കില്‍ ഓരോരുത്തരേയും വിട്ടുകിട്ടുന്നതിന് കുറെ രാജ്യങ്ങളെ സമീപിക്കണം.