• 10 Jun 2023
  • 04: 59 PM
Latest News arrow

സംസ്ഥാന സ്‌കൂള്‍ മീറ്റ് എറണാകുളം മുന്നില്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ രണ്ടാംദിനം പിറന്നത് നടത്തക്കാരുടെ സ്വര്‍ണ്ണക്കുതിപ്പോടെ. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ അനീഷും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാല്‍വരി മൗണ്ട് സ്‌കൂളിലെ സാന്ദ്ര എസ് നായരുമാണ് സ്വര്‍ണ്ണമണിഞ്ഞത്.

22.23.64 സെക്കന്റിലാണ് അനീഷ് നടന്നെത്തിയത്. 23.17.58 സെക്കന്റില്‍ നടന്നെത്തിയ മാതിരപ്പള്ളി സ്‌കൂളിലെ തോമസ് എബ്രഹാം വെള്ളിയും കോഴിക്കോട് മണിയൂര്‍  സ്‌കൂളിലെ അരുണ്‍ദേവ് ഈയിനത്തില്‍ വെങ്കലവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സാന്ദ്ര 17.29.567 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. തേവര സേക്രട്ട് ഹാര്‍ട്ട്‌സിലെ പി ആര്‍ അലീഷ(18.18.13) വെള്ളിയും, പറളി സ്‌കൂളിലെ വി ആര്‍ രേഷ്മ വെങ്കലവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ഡിസ്‌കസ്‌ത്രോ എന്നിവയില്‍ തിരുവനന്തപുരം സായിയിലെ മേഘ ഡബിള്‍ തികച്ചു.
പാലക്കാട് പറളി സ്‌കൂളിലെ കെ ടി നീന കരിയറിലെ ഏഴാം സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചു. പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തിലാണ് തുടര്‍ച്ചയായ ഏഴാം വര്‍ഷവും സ്വര്‍ണമണിഞ്ഞത്. 25:21.74 സെക്കന്‍ഡില്‍ നടന്നെത്തിയാണ് നീന സ്വര്‍ണം നേടിയത്. 26:26.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ എസ് വൈദേഹി വെള്ളിയും 26:46.53  സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പറളി സ്‌കൂളിലെ ജി നിഷ വെങ്കലവും നേടി.

മീറ്റിന്റെ രണ്ടാം ദിനവും 60 പോയിന്റോടെ എറണാകുളം തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 54 പോയിന്റാണുള്ളത്. 27 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനത്താണ്.
സ്‌കൂളുകളുടെ വിഭാഗത്തില്‍ 28 പോയിന്റുമായി എറണാകുളം കോതമംഗലം മാര്‍ ബേസിലാണ് മുന്നില്‍. 27 പോയിന്റുള്ള പറളി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.