• 25 Jan 2021
  • 06: 07 AM
Latest News arrow

ലോകകപ്പ് അവസാനത്തെ കുതിപ്പിലേക്ക്

അസോയിയേറ്റ് ടീമുകള്‍ ഈ ലോകകപ്പില്‍ പൂര്‍ണമായും ക്രിക്കറ്റ് സമൂഹത്തിന്റെ ഭാഗമാകുന്നതിന് ഒരു പടി കൂടി അടുത്തിരിക്കായാണ്. 2011ല്‍ അസോസിയേറ്റുകളില്‍ പ്രൊഫഷണല്‍ കളിക്കാര്‍ കുറവായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. 42 കളികള്‍ നീണ്ട പ്രാഥമിക റൗണ്ടിന്റെ ഒടുവില്‍ പ്രതീക്ഷിച്ചതിന് വിപരീതമായി ഒന്നും സംഭവിച്ചില്ല. ഇംഗ്ലണ്ടിന്റെ പതനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്ന് പറയുക വയ്യ. ക്വാര്‍ട്ടറില്‍ കടന്ന എട്ടു ടീമുകളില്‍ ഒന്നു രണ്ടു ടീമുകളുടെ കാര്യം അവസാന നിമിഷം വരെ സംശത്തിലായിരുന്നു.  പല കളികളും അങ്ങോട്ടുമിങ്ങോട്ടും മാറിമറിയാവുന്ന സ്ഥിതിയിലുമായിരുന്നു. ഇത് കളികളുടെ ചൂട് കെടാതെ നിലനിര്‍ത്തി. വാസ്തവത്തില്‍ ലോകകപ്പിനെ രണ്ട് ടൂര്‍ണമെന്റുകളായി കാണുകയാവും നല്ലത്, പ്രാഥമിക റൗണ്ടും അവസാനത്തെ നോക്കൗട്ട് റൗണ്ടും. അങ്ങനെ കാണുമ്പോള്‍ പ്രാഥമിക റൗണ്ടിലെ കളികള്‍ അര്‍ഥവത്തായിരുന്നു എന്നു കാണാം. എട്ടു ടീമുകളെ കണ്ടെത്താന്‍ 14 ടീമുകള്‍ 42 കളികളില്‍ കളിക്കുമ്പോള്‍ അത് മറ്റൊരു ടൂര്‍ണമെന്റായി മാറുന്നു. ക്വാര്‍ട്ടറില്‍ എത്തിയില്ലെങ്കിലും അയര്‍ലണ്ട് നേടിയ ജയങ്ങള്‍ അതിനാല്‍ വെറുതെയാവുന്നില്ല. പാകിസ്താന് ക്വാര്‍ട്ടറില്‍ സ്ഥാനം നേടാന്‍ അവസാനമായി അയര്‍ലണ്ടിന്റെ ചെറുത്തുനില്പ്പ് മറികടക്കേണ്ടി വന്നു എന്നത് ഈ ടൂര്‍ണമെന്റ് ചെറിയ ടീമുകള്‍ക്ക് എന്തായിരുന്നു എന്ന് വെളിവാക്കുന്നു.

മറ്റൊരു തട്ടിലുള്ള രണ്ടാമത്തെ 'ടൂര്‍ണമെന്റി'ന് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാര്‍ച്ച് 18 നടക്കുന്ന മത്സരത്തോടെ തുടക്കം കുറിക്കുകയാണ്. മാര്‍ച്ച് 19ന് ബംഗ്ലാദേശ് ഇന്ത്യയെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നേരിടുന്നു. ഓസ്‌ട്രേല്യയും പാകിസ്താനും തമ്മിലുള്ള മൂന്നാം മത്സരം മാര്‍ച്ച് 20ന് അഡലെയ്ഡ് ഓവലിലാണ്. വെല്ലിംഗ്ടണില്‍ ന്യൂസീലന്‍ഡും വെസ്റ്റിന്‍ഡീസും തമ്മില്‍ മാര്‍ച്ച് 21ന് നടക്കുന്ന മത്സരത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാവും.

ക്വാര്‍ട്ടറില്‍ എത്തിയ ടീമുകള്‍ തീര്‍ച്ചയായും പല സ്വാഭാവക്കാരാണ്. ബംഗ്ലാദേശ് ന്യീസീലന്‍ഡിനെ അവസാന കളിയില്‍ അവസാന ഘട്ടം വരെ വലിച്ചുകൊണ്ടു പോവുകയുണ്ടായി. 3 വിക്കറ്റിന് കടിച്ചു പിടിച്ചാണ് ആതിഥേയര്‍ ജയിച്ചത്. അതുപോലെ സ്‌കോട്‌ലന്‍ഡിന്റെ ചെറിയ സ്‌കോറായ 142 മറികടക്കാന്‍ ന്യൂസീലന്‍ഡ് 7 വിക്കറ്റ് ബലി കഴിക്കുകയുണ്ടായി. എങ്കിലും ദൗര്‍ബല്യങ്ങള്‍ അധികം പ്രകടിപ്പിക്കാത്ത ടീമാണ് ന്യൂസീലന്‍ഡ്. മെക്കല്ലം തികഞ്ഞ ആക്രമണ ബൂദ്ധിയോടെ ടീമിനെ നയിക്കുന്നു. ടിം സൗത്തിയുടെ സ്വിംഗ് ബൗളിംഗിന് പുറമെ വെറ്റോറിയുടെ സ്പിന്നും അവര്‍ക്ക് തുണയേകുന്നു. ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ ടിം സൗത്തി നടത്തിയ സ്വിംഗ് പ്രകടനം ദീര്‍ഘകാലം ഓര്‍മിക്കപ്പെടും. എതിരാളിയുടെ വേഗതയെ കയറിട്ട് പിടിക്കാന്‍ കഴിയുന്ന സ്പിന്നറാണ് വെറ്റോറി.

വെസ്റ്റിന്‍ഡീസിനെ പക്ഷെ എഴുതിത്തള്ളാനാവില്ല. ടൂര്‍ണമെന്റിലെ ഏറ്റവും അപ്രവചനീയമായ ടീമാണ് അവര്‍. ചിലപ്പോള്‍ എളുപ്പം പൊടിഞ്ഞു പോകാം. ക്രിസ് ഗെയ്‌ലിന്റെ ബാറ്റിന്മേര്‍ പന്ത് ശരിയായി കൊള്ളാന്‍ തുടങ്ങിയാല്‍ കളി മാറുകയും ചെയ്യാം. സിംബാബ്‌വെക്ക് എതിരെ നേടിയ 215 റണ്‍സ് എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നി പര്‍വതമായി ഉയര്‍ന്നുനില്‍ക്കുന്നു. ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെതിരെ 400 കടക്കുകയുണ്ടായി.

ന്യൂസീലന്‍ഡിന് ഒപ്പം നില്‍ക്കുന്ന ടീമാണ് ഓസ്‌ട്രേലിയ. ഇരുവരും തമ്മിലുള്ള മത്സരം ടൂര്‍ണമെന്റിലെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു. ചെറിയ ടോട്ടലുകള്‍ തമ്മിലുള്ള മത്സരം ബൗളര്‍മാര്‍ തമ്മിലുള്ള പോരാട്ടമായി കലാശിച്ചു.