ഷെന്‍വാരി അഫ്ഗാനിസ്താനെ ജയിപ്പിച്ചു

ഡുനേഡിന്‍: ഷമിയുള്ള ഷെന്‍വാരിയുടെ അവിസ്മരണീയമായ പോരാട്ടത്തോടെ അഫ്ഗാനിസ്താന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ട് സ്കോട്ലന്ഡിനെതിരെ അവരെ വരകടത്തി. മൂന്ന് പന്ത് ബാക്കി നില്‍ക്കേ ഒരു വിക്കറ്റിന് അഫ്ഗാനിസ്താന് ജയം നേടി. 96 റണ്‍സെടുത്ത ഷെന്‍വാരി ടീമിനെ വിജയത്തിന്റെ വഴിയിലെത്തിച്ച ശേഷം 46ാമത്തെ ഓവറില്‍ ഒരു പന്ത് ബാക്കി നില്‍ക്കേ പുറത്തായി. അപ്പോള്‍ അഫ്ഗാനിസ്താന് ജയിക്കാന്‍ 19 റണ്‍സ് കൂടി വേണമായിരുന്നു. അവസാന ബാറ്റ്സമാന്മാരായ ഹമീദ് ഹസ്സനും (15) ഷാപൂര്‍ ഷദ്രാനും (12) കൂടി അവരെ ജയത്തിലേക്ക് നയിച്ചു. 49.3 ഓവറില്‍ 9 വിക്കറ്റിന് 211 ആണ് സ്കോര്‍. ലോകകപ്പില്‍ ഒരിക്കല്‍ കൂടി അസോസിയേറ്റ് ടീമുകള്‍ തമ്മിലുള്ള കളി ഇഞ്ചോടിഞ്ച് പോരാട്ടമായി മാറി. തങ്ങള്‍ ഈ ലോകകപ്പില്‍ വെറുതെ വന്നതല്ലതെന്ന് ചെറു ടീമുകള്‍ ഒരു നിലവിളിയോടെ പറഞ്ഞുകൊണ്ടിരിക്കയാണ്. യുഎഇ -അയര്‍ലണ്ട് മത്സരവും ആവേശകരമായിരുന്നു.
നല്ല തുടക്കങ്ങള്‍ ഒരാള്‍ക്കും മുതലാക്കാനാവാതെ വന്നപ്പോള്‍ ആദ്യം ബാറ്റുചെയ്ത സ്കോട്ലന്ഡ് 210 റണ്‍സിന് പുറത്തായി. ആറ് ബാറ്റ്സ്മാന്മാര് 23നും 31നും ഇടക്കാണ് പുറത്തായത്. കോറ്റ്സര്‍ 25, മച്ചാന് 31, ക്യാപ്റ്റന്‍ മോംസന്‍ 23, ബെറിങ്ടണ്‍ 25, മജീദ് ഹഖ് 31, ഇവാന്‍സ് 28 എന്നിങ്ങനെയായിരുന്നു സ്കോര്‍. ഷാപൂര്‍ ഷദ്രാന് 38 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി.
അഫ്ഗാന് ഓപ്പണര്‍ ജാവേദ് അഹ്മദി നന്നായി തുടങ്ങിയെങ്കിലും വിക്കറ്റ് കളഞ്ഞ് പുറത്തായി. 51 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു അഹ്മദി. തുടര്‍ന്ന് അവര്‍ക്ക് മുറയ്ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തില്‍ 97 റണ്‍സിന് 7 വിക്കറ്റ് നഷ്ടപ്പെട്ട അവരെ പരാജയം തുറിച്ചു നോക്കുകായിരുന്നു. സമിയുള്ള ഷെന്‍വാരി മാത്രമേ പിടിച്ചു നില്ക്കുന്നുണ്ടായിരുന്നുള്ളൂ. 147 പന്ത് കളിച്ചു ഷെന്‍വാരി. 7 ഫോറിന് പുറമെ 5 സിക്സറും ഈ ഇന്നിംഗ്സിലുണ്ട്. അഹ്മദിയെയും ഷെന്വാരിയെയും കൂടാതെ ഇരട്ട അക്കങ്ങള്‍ നേടിയവര്‍ അവസാന ബാറ്റ്സ്മാന്മാരായ ഹസ്സനും സദ്രാനും മാത്രമാണ്. റിച്ചീ ബെറിങ്ടണ്‍ 40 റണ്‍സിന് 4 വിക്കറ്റെടുത്തു.
എ പൂളില്‍ ബംഗ്ലാദേശിനോട് തോറ്റ അഫ്ഗാനിസ്താന് ശ്രീലങ്കയെ അട്ടിമറിക്കുന്നതിന് നന്നെ അടുത്തെത്തിയിരുന്നു. ലോകകപ്പില്‍ അഫ്ഗാനിസ്താന്റെ ആദ്യജയമാണിത്.