കോപ്പയ്ക്കും ചുണ്ടിനുമിടയില്‍ അര്‍ജന്റീന

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചു . ഏകപക്ഷീയമായ മത്സരത്തില്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് അര്‍ജന്റീന അമേരിക്കയെ തകര്‍ത്തത്. ഗോണ്‍സാലോ ഹിഗ്വയ്ന്‍ രണ്ടും ലയണല്‍ മെസ്സിയും എസ്‌ക്വല്‍ ലവെസിയും ഓരോ ഗോളും നേടി. നായകനായ മെസിയുടെ കരുത്തിലായിരുന്നു അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം.
പകുതി സമയത്ത് ലവെസിയും മെസ്സിയും നേടിയ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന മുന്നിലായിരുന്നു.
അര്‍ജന്റീനയുടെ മുന്നേറ്റത്തോടെ ആരംഭിച്ച മത്സരത്തിന്റെ മൂന്നാംമിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. മെസിയുടെ പാസില്‍ നിന്നും എസ്‌ക്വല്‍ ലെവസിയാണ് ഗോള്‍ നേടിയത് .
മുപ്പത്തിരണ്ടാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്രം കുറിച്ച ഗോള്‍. ബോക്‌സിന് തൊട്ടു പുറത്ത് നിന്നെടുത്ത ഇടങ്കാലന്‍ ഫ്രീകിക്ക് ഗോളിയുടെ കൈകള്‍ക്കും കിട്ടാതെ വലയില്‍ കയറിയപ്പോള്‍ ഗ്യാലറി ആര്‍ത്തുവിളിച്ചു . അര്‍ജന്റീനയ്ക്കുവേണ്ടിയുള്ള മെസ്സിയുടെ 55മത് ഗോള്‍. ടൂര്‍ണമെന്റിലെ അഞ്ചാമത്തെ ഗോള്‍ നേട്ടത്തോടെ അര്‍ജന്റീനക്കായി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമായി മെസി മാറി. ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെ 54ഗോളുകള്‍ എന്ന റെക്കോഡാണ് മെസി മറികടന്നത്.
50 മത് മിനിറ്റില്‍ ഹിഗ്വയ്‌നും ലക്ഷ്യം കണ്ടു. അര്‍ജന്റീന മടക്കമില്ലാത്ത മൂന്ന് ഗോളിന് മുന്നില്‍.
അമേരിക്ക ഗോള്‍ മടക്കാനുള്ള ശ്രമങ്ങളൊന്നും നടത്താതിരിക്കുമ്പോള്‍ 86 മത് മിനിറ്റില്‍ നാലാം ഗോളും വീണു.
തൊണ്ണൂറു മിനിറ്റ് നേരവും മത്സരത്തില്‍ അര്‍ജന്റീന യ്ക്കായിരുന്നു ആധിപത്യം.
നാളെ കാലത്ത് ഇന്ത്യന്‍സമയം 5 .30 ന് നടക്കുന്ന സെമിയില്‍ ഏറ്റുമുട്ടുന്ന കൊളംബിയയോ ചിലിയോ ആയിരിക്കും ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി.