• 03 Feb 2023
  • 09: 35 PM
Latest News arrow

'മണി'ക്കെതിരെ പാക്മാന്‍; ലോക പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു

മിന്‍ഡനാവോവിലെ ജനറല്‍ സാന്റോസ് സിറ്റിയിലെ തെരുവില്‍ വട പോലുള്ള ഡോനട്‌സ് വിറ്റ് പട്ടിണി മാറ്റിയ കുട്ടിക്കാലം മാനി പേക്കിയോ മറന്നിട്ടില്ല. അതിന് പിന്നാലെ ജീവിത വ്യാപാരമായി തുടങ്ങിയതാണ്  ബോക്‌സിങ്. നിയമവിധേയമല്ലാത്ത, ഒളിവില്‍ നടക്കുന്ന ബോക്‌സിങ് മത്സരങ്ങളിലായിരുന്നു അരങ്ങേറ്റം. രണ്ട് ഡോളര്‍ വരെ കിട്ടും. നിയമ പരിരക്ഷയില്ലാത്തതുകൊണ്ട് തന്നെ ആപത്കരമവുമായിരുന്നു അത്. പേക്കിയോയുടെ രണ്ട് സുഹൃത്തുക്കള്‍ അങ്ങനെ മരിച്ചിട്ടുണ്ട്. പേക്കിയോക്ക് ഒന്നും പറ്റിയിട്ടില്ല. ബോക്‌സിങ് കുടിലില്‍ നിന്ന് മാനിലയിലെ കൊട്ടാരത്തിലേക്കുള്ള യാത്രയായിരുന്നു അയാള്‍ക്ക്. ലോകത്ത് ഇപ്പോള്‍ ഏറ്റവും അറിയപ്പെടുന്ന ബോക്‌സര്‍മരില്‍ ഒരാളാണ്  ഈ ഫിലിപ്പൈന്‍സുകാരന്‍. പാക്മാന്‍ എന്ന് വിളിപ്പേര്.

അമേരിക്കക്കാരനായ ഫ്‌ളോയ്ഡ് മേവെതര്‍, പേക്കിയോക്ക് പറ്റിയ എതിരാളിയാണ്. പേക്കിയോക്ക് 36 വയസ്സായെങ്കില്‍ മേവെതര്‍ക്ക് ഒരു വയസ്സ് കൂടും. മേവെതര്‍ ഇതുവരെ ആരോടും തോറ്റിട്ടില്ല. മണി എന്ന വിളിപ്പേരുള്ള മേവെതര്‍ തോറ്റ ചരിത്രം കേട്ടിട്ടില്ല. മണി എന്നാല്‍ money തന്നെ. ബിസിനസ്സ് ബൂദ്ധി നന്നായി ഉള്ള ആളാണ് മേവെതര്‍. ഇരുവരും തമ്മിലുള്ള മത്സരം ബോക്‌സിങ് കാഴ്ചക്കാര്‍ കാത്തുകാത്തിരുന്ന ഒന്നാണ്. അത് ഉണ്ടാവുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ചു വര്‍ഷമായി. ഇന്ന് നാളെ എന്നു പറഞ്ഞ് അത് നീണ്ടു. ഇപ്പോള്‍ ആ ഫൈറ്റ് യാഥാര്‍ഥ്യമാവാന്‍ പോവുന്നു. മെയ് 2ന് ലോസ് ഏഞ്ചലസിലെ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡനില്‍ വെച്ച് ഇരുവരും ഏറ്റുമുട്ടും. അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ ഒരു ബോക്‌സിങ് പോരാട്ടം ശ്രദ്ധയാകര്‍ഷിച്ചിട്ടില്ല.

പ്രൊഫഷണല്‍ ബോക്‌സിങിനെ നിയന്ത്രിക്കുന്ന സംഘടനകള്‍ പലതുണ്ട്. അതില്‍ ലോക ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ (ഡബ്ലിയുബിഒ) വെല്‍ട്ടര്‍ വെയ്റ്റ് ചാമ്പ്യനാണ് പേക്കിയോ. മേവെതര്‍ ലോക ബോക്‌സിങ് കൗണ്‍സിലിന്റെയും (ഡബ്ലിയുബിസി) ലോക ബോക്‌സിങ് അസോസിയേഷന്റെയും (ഡബ്ലിയുബിഎ) ചാമ്പ്യനാണ്. എട്ട് വ്യത്യസ്ത വേയ്റ്റ് ഡിവിഷനുകളില്‍ ചാമ്പ്യനായിട്ടുള്ള ഒരേയൊരാളാണ് പേക്കിയോ.

മുഹമ്മദലിയും ജോ ഫ്രേസ്യറും അലിയും ഫോര്‍മാനും തമ്മിലുമുള്ള പോരാട്ടങ്ങള്‍ മുമ്പ് ലോകത്തെമ്പാടും മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അമേരിക്കക്ക് പുറത്തു വെച്ചായിരുന്നു ഇതിലെ രണ്ട് പോരാട്ടങ്ങള്‍. പേക്കിയോയുടെ നഗരമായ മാനിലയിലായിരുന്നു ഇതിലൊന്ന്. മാനിലയിലെ ത്രില്ലര്‍ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. അത് അങ്ങനെ തന്നെ കലാശിക്കുകയും ചെയ്തു. സയറിലെ കിന്‍ഷാസയില്‍ വെച്ച് അലി ഫോര്‍മാനെ തോല്പിച്ച് ചാമ്പ്യന്‍പട്ടം വീണ്ടെടുത്ത മത്സരത്തെ കാട്ടിലെ മുരള്‍ച്ച (റംബിള്‍ ഇന്‍ ദ ജങ്കിള്‍) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ബോക്‌സിങ് ചരിത്രത്തില്‍ ഇടം പിടിച്ച മത്സരങ്ങളാണ് ഇവ രണ്ടും. അതു പോലുള്ള ഒരു മത്സരമായിട്ടാണ് പേക്കിയോ മേവെതര്‍ പോരാട്ടത്തെ കെട്ടിപ്പൊക്കിയിട്ടുള്ളത്. ചിലപ്പോള്‍ അത് അങ്ങനെയാവാം. അല്ലെങ്കില്‍ നനഞ്ഞ പടക്കം പോലെ ശൂ എന്ന് തീര്‍ന്നു എന്നും  വരാം. പലതരം അസോസിയേഷനുകള്‍ക്ക് കീഴില്‍ പരതരം വെയ്റ്റുകളില്‍ പലതരം ബോക്‌സര്‍മാര്‍ മത്സരിക്കുന്ന അവസ്ഥയില്‍ ലോകമാസകലം അലിയെപ്പോലെ അല്ലെങ്കില്‍ ഫ്രേസ്യറെപ്പോലെ അറിയപ്പെടുന്ന ബോക്‌സര്‍മാര്‍ ഇന്നില്ല. കൂട്ടത്തില്‍ പ്രശസ്തരാണ് പേക്കിയോവും മേവെതറും. അതിനാല്‍ ഈ പോരാട്ടം വമ്പിച്ച ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

രണ്ട് ഡോളറിനു വേണ്ടി പോരാടിക്കൊണ്ടാണ് പേക്കിയോ തുടങ്ങിയതെങ്കില്‍ ഈ പോരാട്ടത്തില്‍ നിന്ന് പേക്കിയോയ്ക്ക് കിട്ടുക 80 ലക്ഷം ഡോളറായിരിക്കും, ഏതാണ്ട് 500 കോടി രൂപ. മേവെതര്‍ക്ക് കിട്ടുക ഒരു കോടി ഡോളര്‍. രൂപക്കണക്കില്‍ 630 കോടി വരും ഇത്.

നാട്ടില്‍ വെറും ബോക്‌സിങ് താരം മാത്രമല്ല പേക്കിയോ. ഒരു പ്രാവശ്യം ഫിലിപ്പൈന്‍സ് പാര്‍ലമെന്റ് അംഗമായിരുന്നു. അഭിനയരംഗത്തും ഗാന രംഗത്തും പയറ്റിയിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്ന് വെടിയേല്‍ക്കാത്ത കാഡില്ലാക് എസ്‌കലാഡെ എസ്‌യുവില്‍ പോലീസ് അകമ്പടിയോടെയാണ് പേക്കിയോ ജിമ്മിലേക്ക് പോകുക. 8 ആണ് നമ്പര്‍പ്ലേറ്റ്. കൊട്ടാരം പോലുള്ള വീട്ടില്‍ ഭാര്യയും അഞ്ചു കുട്ടികളുമൊത്താണ് താമസം.

മത്സരത്തിന് ഒരുങ്ങാന്‍ പേക്കിയോ ലോസ് എഞ്ചലസില്‍ എത്തിക്കഴിഞ്ഞു. പരിശീലകന്‍ ഫ്രെഡി റോച്ച് അവിടെയാണ്. 2001 മുതല്‍ പാക്മാന്‍ എന്ന് വിളിപ്പേരുള്ള പേക്കിയോവിന്റെ പരിശീലകനാണ് റോച്ച്. പാക്മാന്റെ ബോക്‌സിങ് വിജയങ്ങള്‍ക്കു പിന്നില്‍ റോച്ച് ഉണ്ട്. മക്കാവുവില്‍ മറ്റൊരു ഫൈറ്റ് കഴിഞ്ഞേ റോച്ച് തിരിച്ചെത്തൂ. ഐബിഎഫ് ഫ്‌ളൈവെയ്റ്റ് മത്സരത്തില്‍ ചൈനക്കാരനായ ഷൗ ഷിമിങ്ങിന്റെ പരിശീലിപ്പിക്കാന്‍ അവിടെ ചെന്നിരിക്കയാണ് ഈ പരിശീലകന്‍. മേവെതറുടെ ട്രെയിനര്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ഫ്‌ളോയ്ഡ് മേവതര്‍ സീനിയര്‍ തന്നെയാണ്.

ബോക്‌സിങ് ചരിത്രത്തിലെ വലിയ പോരാട്ടങ്ങളിലൊന്നായിരിക്കും പാക്മാനും മണിയും തമ്മില്‍ നടക്കുക എന്ന് മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ് കരുതുന്നു. ബോക്‌സര്‍മാരെ പോരു കാളകളെപ്പോലെ കെട്ടിപ്പൊക്കിക്കൊണ്ടു വരുമ്പോള്‍ ഇരട്ടപ്പേരിടുക സാധാരണമാണ്. മുഹമ്മദലിയെ ലൂയിസ്‌വില്ലിലെ വായാടി എന്ന് വിളിച്ചിരുന്നു. ജോ ഫ്രേസിയര്‍ സ്‌മോക്കിംഗ് ജോ ആണ്. ഫ്രേസ്യറുടെ ട്രെയിനര്‍ തുടക്കക്കാലത്ത് അദ്ദേഹത്തോട് പറഞ്ഞത് ഗ്ലൗസില്‍ നിന്ന് തീപാറി പുകവരണമെന്നാണ്. അതാണ് സ്‌മോക്കിംഗ് ആയത്.

57 മത്സരങ്ങള്‍ പാക്മാന്‍ ജയിച്ചിട്ടുണ്ട്. അഞ്ചു തവണ തോറ്റു. രണ്ട് സമനില. മേവതറുടെ റെക്കോഡ് 47-0-0 എന്നതാണ്. മീറ്ററുകളിലേതു പോലുള്ള ഈ അക്കങ്ങള്‍ മെയ് 2ന് മാറുമോ എന്നറിയാം. പ്രതിരോധത്തില്‍ അഗ്രഗണ്യനാണ് മണി. എതിരാളിയെ ഇടിച്ചിടാന്‍ അധികം നോക്കാറില്ല. പോയന്റ് നേടുന്നതിലാണ് ശ്രദ്ധ, പ്രായം കൂടിയപ്പോള്‍ വിശേഷിച്ചും. റിങ്ങില്‍ വഴുതി നീങ്ങും. വേഗതയുണ്ട്. സമര്‍ഥനാണ്. കണ്ണും മൂക്കുമില്ലാതെ ഇടിക്കുകയെന്നതല്ല ഇയാള്‍ക്ക് ബോക്‌സിങ്. പാക്മാന് കൈകളിലും കാലുകളിലും വേഗതയുണ്ട്. ഇരുകൈകളിലും ഇടിച്ചിടാനുള്ള കരുത്ത് കതിനയിലെന്ന പോലെ നിറച്ചുവെച്ചരിക്കുന്നു .ഇടതുകൈ വിശേഷിച്ചും കൂടുതല്‍ ശക്തമാണ്. മേവെതറെ പിടിച്ചാല്‍ കിട്ടില്ലെങ്കിലും പരിശുദ്ധമായ ഏതാനും ഇടികള്‍ ആ പ്രതിരോധത്തെ ഭേദിച്ച് ലക്ഷ്യത്തിലെത്തിക്കാന്‍ തനിക്ക് ആവുമെന്ന് പേക്കിയോ കരുതുന്നു. എന്നാല്‍ മേവതറുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ഫിലിപ്പൈന്‍സുകാരന്‍ തന്നെയായ ബോക്‌സിംഗ് നിരീക്ഷകന്‍ റീച്ച് ട്രിനിഡാഡ് പറയുന്നത്.

ഹെവി വെയ്റ്റ് ചാമ്പ്യനായിരുന്ന റോക്കി മാര്‍സ്യാനോയുടെ റെക്കോഡ് 49-0 ആണ്. ഏതാണ്ട് അതിനടുത്താണ് മേവെതര്‍. ഏറ്റവും മികച്ച പൗണ്ടിന് പൗണ്ട് (പൗണ്ട് ഫോര്‍ പൗണ്ട്) ബോക്‌സറാണ് ഇയാള്‍. വിവിധ ഭാരവിഭാഗങ്ങളിലുള്ള ബോക്‌സര്‍മാര്‍ പരസ്പരം മത്സരിക്കാത്തതുകൊണ്ട് ഇവരില്‍ ആരാണ് കേമന്‍ എന്ന് എങ്ങനെ അളക്കും? അതിന് കണ്ടുപിടിച്ച ഒരു വഴി എല്ലാവരുടെയും ഭാരവും വലിപ്പവും തുല്യമാണെങ്കില്‍ ആരാവും ജയിക്കുക എന്ന് റെക്കോഡ് നോക്കി വിലയിരുത്തുകയാണ്. അതിനെ പൗണ്ട് ഫോര്‍ പൗണ്ട് എന്ന് വിശേഷിപ്പിക്കുന്നു. ദി റിംഗ് മസികയുടെ കണക്കില്‍ മണിയാണ് മികച്ച പൗണ്ട് ഫോര്‍ പൗണ്ട് ബോക്‌സര്‍. പേക്കിയോ മൂന്നാം സ്ഥനാത്താണ്.

അലി സോണി ലിസ്റ്റണുമായി ആദ്യം മത്സരിച്ചപ്പോള്‍ തന്റെ എതിരാളിയെ പ്രകോപിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഒരു രാത്രി അലിയും സംഘവും ലിസ്റ്റണ്‍ താമസിക്കുന്ന ഹോട്ടലില്‍ ചെന്ന് ലിസ്റ്റണെ ചെന്ന് വെല്ലുവിളിച്ച് ബഹളം കൂട്ടുകവരെയുണ്ടായി. ലിസ്റ്റണെ വ്യക്തിപരമായി അധിക്ഷേപിക്കാനും അലി മുതിര്‍ന്നിരുന്നു. ഇപ്പോള്‍ അത്തരം സംഭവങ്ങളൊന്നുമില്ല. എന്നാലും പാകമാന്‍-മണി മത്സരം ബോക്‌സിങ് ചരിത്രത്തിലെ സംഭവമായേക്കാം. പൊട്ടിപ്പോയെന്നും വരാം.