ബാഴ്സ ക്വാര്‍ട്ടറില്‍; ഇംഗ്ലീഷ് ടീമുകള്‍ പുറത്ത്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബാഴ്സക്കെതിരെ അല്‍പ്പ നേരം മാത്രമേ ശോഭിക്കാനായുള്ളൂ. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ ഒരു പെനാല്‍ട്ടി പാഴാക്കി. പക്ഷെ ബാഴ്സയുടെ മികച്ച കളിയെ തകിടം മറിക്കണമെങ്കില്‍ അവര്‍ക്ക് കൂടുതല്‍ പെനാല്‍ട്ടി കിട്ടണമായിരുന്നു. ഐവാന്‍ റാക്കിറ്റിച്ചിന്റെ ഗോളില്‍ ബാഴ്സലോണ ഒരു ഗോളിന് ജയിച്ചതോടെ ലീഗില്‍ നിന്ന് അവസാനത്തെ ഇംഗ്ലീഷ് ടീമും പുറംതള്ളപ്പെട്ടു.
ഗോളി ജോ ഹാര്‍ട്ടിന്റെ മികച്ച സെയ്വുകളാണ് സിറ്റിയെ കൂടുതല്‍ ഗോള്‍ വീഴാതെ കാത്തത്. എന്നാല്‍ ഹാര്‍ട്ടിന്റെ കളിയില്‍ നിന്ന് കൂട്ടുകാര്‍ക്ക് വളം വലിച്ചെടുക്കാന്‍ കഴിഞ്ഞില്ല.ജെറാര്‍ഡ് പീക്കെ അഗ്യുറോയെ ബോക്സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടി അഗ്യൂറോ തന്നെയാണ് അടിച്ചത്. ഗോളി മാര്‍ക്ക് ആന്ദ്രേ ടെര് സ്റ്റെഗന് അത് തടുത്തു.
ആദ്യ പാദത്തില്‍ പെനാല്‍ട്ടി പാഴാക്കിയ മെസ്സി ആ കുറവ് തീര്‍ക്കാനെന്നവണ്ണമാണ് കളിച്ചത്. തന്റെ ഏറ്റവും മികച്ച നിലവാരത്തിന്റെ അടുത്തെവിടെയോ ആയിരുന്നു മെസ്സിയുടെ കളി. ഗോളിയെ കീഴ്പ്പെടുത്തുകയൊഴിച്ച് എല്ലാം ചെയ്തു മെസ്സി. നെയ്മര്‍, സുവാരസ് എന്നിവരും തിളങ്ങിയതോടെ സിറ്റിക്ക് രക്ഷയില്ലാതായി. 31 ാം മിനുട്ടില്‍ മെസ്സിയുടെ പാസ്സില്‍ നിന്ന് റാക്കിറ്റിച്ച് ഹാര്‍ട്ടിനെ കീഴ്പ്പെടുത്തി പന്ത് വലയിലേക്ക് ഉയര്‍ത്തിയിട്ടു. ആദ്യ പാദത്തില്‍ 21 ന് ജയിച്ച ബാഴ്സ മൊത്തം 31 ന് ജയിച്ചുകൊണ്ടാണ് ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്.
ബൊറൂസിയ ഡോര്ട്ടമുണ്ടിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് യൂവന്റസും ക്വാര്‍ട്ടറില്‍ കടന്നു. കാര്‍ലോസ് ടവേസ് രണ്ടു ഗോള്‍ നേടി. ഗോളി റൊമാന് വെയ്ഡന്ഫെല്ലറുടെ ശ്രമമില്ലായിരുന്നെങ്കില്‍ ഡോര്‍ട്ട്മുണ്ടിന് കൂടുതല്‍ ഗോള്‍ കുടുങ്ങുമായിരുന്നു. അല്‍വീറോ മൊറാറ്റയുടെ വകയായിരുന്നു മറ്റെ ഗോള്‍. മൊത്തം 51 നാണ് യൂവന്റസിന്റെ ജയം.
ആഴ്സണല്‍ മോണക്കോവിനെ എതിരാളികളുടെ ഗ്രൗണ്ടില്‍ വെച്ച് രണ്ട് ഗോളിന് തോല്‍പ്പിച്ചുവെങ്കിലും ലണ്ടനിലെ ആദ്യപാദത്തില്‍ 31 ന് ജയിച്ച മോണക്കോ എവേ ഗോളിന്റെ ബലത്തില്‍ ക്വാര്‍ട്ടറില്‍ കടന്നു.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ അത്ലറ്റിക്കോ മഡ്രീഡ് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബേയര്‍ ലെവര്‍ക്യൂസനെ പരാജയപ്പെടുത്തി. ആദ്യ പാദത്തില്‍ ബേയര്‍ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ അത്ലറ്റിക്കോ 27 ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. എക്സ്ട്രാ ടൈമില്‍ അത്ലറ്റിക്കോയ്ക്ക് മുന്നിലെത്താന്‍ അവസരം കിട്ടിയിരുന്നവെങ്കിലും കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.ഷൂട്ടൗട്ടില്‍ അത്ലറ്റിക്കോ 32 ന് ജയിച്ചു.
ബാഴ്സലോണ,അത്ലറ്റിക്കൊ,മോണക്കോ,യൂവന്റസ് എന്നിവര്‍ക്ക് പുറമെ റയല്‍ മഡ്രീഡ്,പിഎസ്ജി,ബയേണ്‍ മ്യൂണിക്ക്,എഫ് സി പോര്‍ട്ടോ എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ കടന്നിട്ടുള്ളത്. ക്വാര്‍ട്ടര്‍ എതിരാളികളെ രാജ്യം ഏതെന്ന് നോക്കാതെ നറുക്കെടുത്താണ് തീരുമാനിക്കുക. അങ്ങനെ വന്നാല്‍ റയല്‍ മഡ്രീഡിന് ബാഴ്സലോണ തന്നെ എതിരാളികളായേക്കാം.