ഇംഗ്ലണ്ട് വെറുതെ കളിച്ചു; ബംഗ്ലാദേശ് ശരിക്കും കളിച്ചു

അഡലെയ്ഡ്: ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ദയനീയമായ പ്രകടനത്തിന് ഉത്തരവാദികള്‍ മാറ്റത്തിന് വഴങ്ങാത്ത ടീമിന്റെ സംഘാടകര്‍ തന്നെയാണ്. ഏകദിനത്തെ രണ്ടാം തരമായി കാണുന്ന ഒരു ചിന്താഗതി ഇംഗ്ലണ്ടിന്റെ കളി നടത്തിപ്പില്‍ പ്രകടമാണ്. അതേ സമയം ഓസ്ട്രേലിയയയും ഇന്ത്യയെയും തോല്‍പ്പിച്ചു കൊണ്ട് ടെസ്റ്റ് മത്സരങ്ങില്‍ ഇടക്ക് അവര്‍ ആധിപത്യം പുലര്‍ത്തുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും അതും ദീര്‍ഘനാള്‍ നിലനിന്നില്ല. നടത്തിപ്പിലെ പാകപ്പിഴകളാണ് ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനത്തിന് കാരണം എന്ന നിരീക്ഷണത്തോട് ഒട്ടു മിക്കവരും യോജിക്കുന്നു.
'ഒഡിഐ ക്രിക്കറ്റിന് ഇംഗ്ലണ്ട് മുന്‍ഗണന നല്‍കിയില്ലെന്ന് പറയല്ലേ. ആഷസ് അവിടെയും ഇവിടെയും നമ്മള് കളിച്ചു. അങ്ങനെ ലോകകപ്പിന് മുമ്പ് ആറുമാസം നമ്മള് ഒഡിഐ കളിച്ചു എന്ന് ഉറപ്പുവരുത്തി.' പിണങ്ങിക്കഴിയുന്ന ബാറ്റ്സ്മാന് കെവിന് പീറ്റേഴ്സണ് പ്രതികരിച്ചു.'എനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. സാധിക്കുന്നേയില്ല. വെല്‍ഡണ്‍ ബംഗ്ലാദേശ്. നിങ്ങള്‍ അത് അര്‍ഹിക്കുന്നു.'തുടര്‍ന്നും പീറ്റേഴ്സണ് ട്വിറ്ററില്‍ എഴുതി.
ഇയാന്‍ ബോതമും തന്റെ വിമര്‍ശനം ഒളിപ്പിച്ചുവെച്ചില്ല.'വെല്‍ഡണ്‍ ബംഗ്ലാദേശ്. ഇംഗ്ലണ്ട് ദയനീയം. എന്നാണ് നമ്മള് വണ്‍ഡേ കളിക്ക് പറ്റിയ ഒരു ടീമിനെ തിരഞ്ഞെടുക്കാന്‍ കഴിവുള്ള സെലക്ടര്‍മാരെ കണ്ടെത്തുക. മാറാന്‍ സമയമായി'
' ഇംഗ്ലണ്ടിന്റേത് ഈ കളിക്ക് പറ്റിയ ടീമല്ല. ശൈലിയും തെറ്റ്. ഇന്നത്തെ രാത്രയിലെ മത്സരഫലം ഒരു ഞെട്ടലായിരുന്നില്ല എന്ന് എല്ലാവരും കണ്ടു. മോര്‍ഗനോട് എനിക്ക് അനുതാപമുണ്ട്. കോച്ച് പ്രശ്നത്തിലാണ്' ഷെയ്ന് വോണ്‍ ഇങ്ങനെയാണ് പറഞ്ഞത്. പീറ്റേഴ്സനെപ്പോലെ സാഹസികനായ ഒരു കളിക്കാരന്റെ അഭാവം ഇംഗ്ലണ്ട്് നിരയില്‍ പ്രകടമായിരുന്നു. ഇംഗ്ലണ്ട് ഒരു നിത്യത്തൊഴില്‍ ചെയ്യുന്ന ഭാവത്തോടെയാണ് കളിച്ചതെങ്കില്‍ ബംഗ്ലാദേശ് കളിയില്‍ ആവേശം നിറച്ചു. ഇത് അവര്‍ക്ക് ജീവിതമായിരുന്നു. കളിക്കാര്‍ ഗ്രൗണ്ടില്‍ ചെയ്തത് അവരുടെ കാണികള്‍ പുറത്തിരുന്ന് ചെയ്തു.
ഇംഗ്ലണ്ട് മുറിവുകളുടെ നീറ്റല്‍ അനുഭവിക്കുകയാണെങ്കിലും അത്യാവേശത്തിലാണ് ബംഗ്ലാദേശ്. തന്റെ കളിജീവിതത്തിലെ ഏറ്റവും മികച്ച വിജയമാണ് ഇത് എന്നാണ് ക്യാപ്റ്റന്‍ മുഷ്റഫെ മുര്‍ത്താസ പ്രതികരിച്ചത്. മെല്‍ബണിലേയും ബ്രിസ്ബേനിലെയും അഡലെയ്ഡിലേയും പോലുള്ള പിച്ചുകളില്‍ മുമ്പ് കളിച്ചിട്ടില്ലാത്തതിനാല്‍ നല്ല പ്രയാസമുണ്ടായിരുന്നു. എല്ലായ്പ്പോഴും ഒരേ പോലെ കളിക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു ടീമിന്റെ പ്രശ്നം. അഞ്ചില്‍ രണ്ടു മത്സരങ്ങളിലെങ്കിലും ഒരേ പോലെ തുടര്‍ച്ചയായി കളിച്ചു. അടുത്ത കളികളിലും അങ്ങനെ കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാസ്റ്റ് ബൗളര്‍ റുബേല്‍ ഹുസൈന്റെ ബൗളിങ്ങിനെ മുര്‍താസ എടുത്തുകാട്ടി. നല്ല വേഗതയില്‍ എറിയുന്ന ഹൂസൈന് ഒന്നൊന്നര വര്‍ഷമായി നന്നായി കളിക്കുന്നു. ഹുസൈന് ചൂണ്ടിക്കാട്ടി.
ക്വാര്‍ട്ടറില്‍ ബംഗ്ലാദേശ് ആയിരിക്കും മിക്കവാറും ഇന്ത്യയുടെ എതിരാളി. അവരെ എളുപ്പം തോല്‍പ്പിക്കാമെന്ന് കരുതുന്നത് ആപത്താവുമെന്ന് ഇംഗ്ലണ്ടിനോടുള്ള അവരുടെ കളി തെളിയിക്കുന്നു. മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിക്കുര്‍ നന്നായി ബാറ്റു ചെയ്യുന്നു. അവരുടെ ഫാസ്റ്റ് ബൗളര്‍മാരാകട്ടെ ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ ആപത്കാരികളുമായിട്ടുണ്ട്. 28 ഏകദിന മത്സരങ്ങളില്‍ ബംഗ്ലാദേശിനെതിരെ 24 തവണയും ഇന്ത്യയാണ് ജയിച്ചിട്ടുള്ളതെങ്കിലും ഇംഗ്ലണ്ടിനേക്കാള്‍ ആപത്കാരികളായിരിക്കും അവര്‍ ഇന്ത്യക്ക്. 2007 ലെ ലോകകപ്പില്‍ ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. അതേക്കാള്‍ വലിയ വിജയമാണ് ഇപ്പോള്‍ നേടിയതെന്ന് അവര്‍ കരുതുന്നു. മാര്‍ച്ച് 19 ന് എംസിജിയിലായിരിക്കും ഈ മത്സരം.