• 17 Jan 2019
  • 09: 58 PM
Latest News arrow

പൂജാരയുടെയും പന്തിന്റെയും റൺവേട്ട : 622 / 7 ന് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു

സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ കൂറ്റൻ സ്‌കോർ കെട്ടിപ്പൊക്കി ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 81 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെയാണ്‌ ഡിക്ലയർ ചെയ്തത്. 159 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 24 റണ്‍സെടുത്തിട്ടുണ്ട്.

ഋഷഭ് പന്തും ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യയുടെ കൂറ്റൻ സ്കോറിന്റെ ഉടമകൾ. 193 റണ്‍സ് എടുത്താണ് പൂജാര പുറത്തായത്. തുടർന്ന് ഋഷഭ് 189 പന്തില്‍ 15 ഫോറും ഒരു സിക്‌സുമടക്കം 159 റണ്‍സ് കൈക്കലാക്കി. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ്,  ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യയുടെ സ്‌കോറിൽ വരവ് വെച്ചു. ഋഷഭ് പന്തിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തമാക്കി. 

ഇരട്ട സെഞ്ചുറി തികയ്ക്കാൻ ഏഴ് റണ്‍സ് ബാക്കി നിൽക്കെയാണ് പൂജാര പുറത്തായത്. 373 പന്തില്‍ 22 ഫോർ നേടിയ പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു.

ഹനുമ വിഹാരിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 96 പന്തില്‍ 42 റണ്‍സടിച്ച വിഹാരിയേയും നഥാന്‍ ലിയോണാണ് പുറത്താക്കിയത്. 

സിഡ്നി ടെസ്റ്റിൽ  വിജയിക്കുകയാണെങ്കിൽ  ഇന്ത്യക്ക് ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാണെങ്കിലും 14 വര്‍ഷത്തിന് ശേഷം  ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി  നേടാം.ടെസ്റ്റ് പരമ്പരയില്‍ 2-1ന് ഇന്ത്യ  മുന്നിലാണ്. അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യയ്ക്കായിരുന്നു ജയം. പെര്‍ത്തില്‍ ഓസ്‌ട്രേലിയയ്ക്കും.