ഷൂട്ടൗട്ടില്‍ അര്‍ജന്റീന

സാന്റിയാഗോ: അര്‍ജന്റീനയെ കൊളംബിയ 90 മിനുട്ടും ഗോളടിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്തി. അര്‍ജന്റീന കൂട്ടമായി ആക്രമിക്കുക,കൊളംബിയ അത് എങ്ങനെയെങ്കിലും തടയുക എന്നതായിരുന്നു കളി മുഴുനീളവും. മെസ്സിയേയും കൂട്ടരെയും തടുക്കാന്‍ ഡിഫന്‍സ് വിട്ടുപോയ സന്ദര്‍ഭങ്ങളില്‍ ഗോളി ഒസ്പിന രംഗത്തെത്തി. ഒരു ഇരട്ട സേവും ഓട്ടമെന്‍ഡിയുടെ ഒരടി തിരിച്ചുവിട്ടതും ഉള്‍പ്പെടെ ഒസ്പിന തന്റെ കളം അടക്കിവാണു. കോപ്പ അമേരിക്കയില്‍ എക്‌സ്ട്രാ ടൈമിന് വകുപ്പില്ലാത്തതിനാല്‍ നേരെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങി. ഇവിടെയും കളി നീണ്ടു. സഡന്‍ ഡത്ത് വേണ്ടി വന്നു വിജയികളെ തീരുമാനിക്കാന്‍. അഞ്ച് കിക്കുകള്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ 44 ആയിരുന്നു. അഞ്ചാമത്തെയും ആറാമത്തെയും കിക്കുകളില്‍ അര്‍ജന്റീനക്ക് ജയിക്കാന്‍ അവസരമുണ്ടായിരുന്നു. ലൂക്കാസ് ബിലിയയും റോഹോയും പന്ത് പറത്തിവിട്ടു. ഒടുവില്‍ കാര്‍ലോസ് ടവേസ് ക്ഷമാപൂര്‍വം പന്ത് വലക്കുള്ളിലാക്കി. സ്‌കോര്‍ 5-4.
ഹാമിഷ് റോഡ്രിഗേസ്, ഫല്‍ക്കാവോ, കോഡ്രാഡോ, എന്നിവര്‍ കൊളംബിയക്ക് വേണ്ടി പെനാല്‍ട്ടികള്‍ ഗോളാക്കി. മ്യൂറിയേലും മുറിയ്യോയും അടികള്‍ പാഴാക്കി. സൂനിഗയുടെ അടി ഗോളി സെര്‍ജിയോ റൊമേറോ തടുത്തു. അര്‍ജന്റീനക്ക് വേണ്ടി ടവേസിന് പുറമെ മെസ്സി, ഗരായ്, ബനേഗ, ലവേസി എന്നിവരാണ് കിക്കുകള്‍ ഗോളാക്കിയത്.
റഡാമല്‍ ഫല്‍ക്കാവോവിനെ പുറത്തിരുത്തിയത് ഉള്‍പ്പെടെ നാല് മാറ്റങ്ങളുമായാണ് കൊളംബിയ കളിക്കാനിറങ്ങിയത്. എന്നാല്‍ ഈ മാറ്റങ്ങള്‍ കൊണ്ട് വിശേഷിച്ച് ഫലമുണ്ടായില്ല. കൊളംബിയക്ക് ആകെ കിട്ടിയത് ഒരേയൊരു കോര്‍ണറാണ്. ഗോളി റൊമേറോയ്ക്ക് ഒരു തവണ മാത്രമേ കാര്യമായി ഇടപെടേണ്ടി വന്നുള്ളൂ. 67 ാം മിനുട്ടില്‍ ഒരു കോര്‍ണറിനെ തുടര്‍ന്ന് ജാക്‌സണ്‍ മാര്‍ട്ടിനെസ് ഹെഡ് ചെയ്തത് റൊമേറോ കയ്യിലൊതുക്കി.
മറുഭാഗത്ത് ഒസ്പിനക്ക് ചാടുകയും മറിയുകയും ചെയ്യേണ്ടി വന്നു.26 ാം മിനുട്ടിലായിരുന്നു ഒസ്പിനയുടെ ഡബിള്‍ സേവ.് തൊട്ടു മുന്നില്‍ വെച്ച് അഗ്യൂറോവിന്റെ അടി കാല്‍ കൊണ്ട് ഒസ്പിന തടുത്തു. റീബൗണ്ട് മെസ്സി ഹെഡ് ചെയ്തതാകട്ടെ പിടിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഓട്ടമെന്‍ഡിയുടെ അടിയും ഒസ്പിന തടുത്തു. പന്ത് പോസ്റ്റിന് കൊണ്ട് ഗോള്‍ വരക്കടുത്ത് കറങ്ങിയെങ്കിലും ഗോളായില്ല.
ബ്രസീലോ പാരഗ്വായോ ആയിരിക്കും സെമിയില്‍ അര്‍ജന്റീനയുടെ എതിരാളി. ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നു മണിക്ക് നടക്കും.