ആഞ്ചലോട്ടി പുറത്തേക്ക്

കരാറില്‍ ഒരു കൊല്ലം കൂടി ബാക്കിയുണ്ടെങ്കിലും റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി പരിശീലക സ്ഥാനത്തു നിന്ന് പുറത്തായി. 55 കാരനായ ആഞ്ചലോട്ടി രണ്ടു വര്‍ഷമായി റയലിന്റെ പരിശീലക സ്ഥാനത്തുണ്ട്. 2013 14 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗും കോപ്പ ഡെല്‍ റേയും നേടിയിരുന്നുവെങ്കിലും ഈ സീസണില്‍ ക്ലബ്ബിന്റെ അലമാറയിലേക്ക് പ്രധാനപ്പെട്ട ട്രോഫിയൊന്നും വന്നിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പുറമെ ലാലീഗയും ഇപ്രാവശ്യം കൈവിട്ടു. ഇതോട ഇറ്റലിക്കാരനായ പരിശീലകന് സ്ഥാനം പോകുമെന്ന് ഉറപ്പായിരുന്നു.
കളിക്കാര്‍ക്കു വേണ്ടി വന്‍തുക മുടക്കുന്ന റയലിന് വിജയങ്ങള്‍ കൂടിയേ തീരൂ. ട്രോഫികള്‍ കൊണ്ടു വരാത്ത കോച്ചിന് പിന്നെ പുറത്തേക്കാണ് വഴി. ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയുടെ കോച്ച് റാഫേല്‍ ബെനിറ്റേസ് ആയിരിക്കും റയലിന്റെ അടുത്ത കോച്ച് എന്ന് സംസാരമുണ്ട്.