സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ സ്കൂള്‍ ഗ്രൗണ്ട് ഉപയോഗിക്കാന്‍ അനുവദിക്കണം: അഭിനവ് ബിന്ദ്ര

ന്യൂഡല്‍ഹി:സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെ വൈകുന്നേരങ്ങളില്‍ സ്കൂള്‍ ഗ്രൗണ്ട് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. ഡല്‍ഹി ഡയലോഗ് കമ്മീഷന് സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഭിനവ്. സ്പോര്‍ട്സ് വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കാനും സര്‍ക്കാര്‍ സ്കൂളുകളിലെ ക്ലാസില്ലാത്ത സമയങ്ങളില്‍ കുട്ടികള്‍ക്ക് കായിക വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കണമെന്നും ബിന്ദ്രയടക്കമുള്ള കായിക താരങ്ങള്‍ കെജ്രിവാള് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സ്പോര്‍ട്സിനെ പിന്തുണക്കുന്നതിന് വേണ്ടി സ്പോര്‍ട്സ് ബില്ല് പാസാക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കായിക താരങ്ങളായ മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര, ടെന്നീസ് താരം മനീഷ് മല്‍ഹോത്ര തുടങ്ങിയവരും മീറ്റിങ്ങില്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ കായിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിനായി നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും റെസിഡന്റ് അസോസിയേഷനുകളില്‍ സ്പോര്‍ട്സിന് വേണ്ടി പാര്‍ക്കുകള്‍ നിര്‍മ്മിക്കാനും ആപ്പ് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്.