ആമിറിന് കളി തുടരാം

ലണ്ടന്‍: കളിക്കിടെ തത്സമയം ഒത്തുകളി നടത്തിയതിന് ശിക്ഷിക്കപ്പെട്ട പാകിസ്താന് ഫാസ്റ്റ്ബൗളര്‍ മുഹമ്മദ് ആമിറിന് ഉടനെ കളിയിലേക്ക് തിരിച്ചുവരാം. കളിക്കാരന് ഏര്‍പ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഇളവ് ചെയ്തതിനെ തുടര്‍ന്നാണ് ഇത്. അഞ്ചു വര്‍ഷത്തേക്ക് വിലക്ക് കല്പിക്കപ്പെട്ടിരുന്ന ആമിറിന്റെ ശിക്ഷ സപ്തംബര്‍ 2നാണ് അവസാനിക്കേണ്ടത്. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചതിനാല്‍ ഇളവ് നല്‍കുകയായിരുന്നു.
2010ല്‍ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള കളികള്‍ക്കിടെ ഇംഗ്ലണ്ടില്‍ വെച്ച് ഒത്തുകളി നടത്തി പിടിക്കപ്പെട്ട മൂന്നു കളിക്കാരില്‍ ഒരാളാണ് ആമിര്‍. മുന്‍ ക്യാപ്റ്റന്‍ സല്മാന് ബട്ട്, മുഹമ്മദ് ആസിഫ് എന്നിവരാണ് മറ്റു രണ്ടുപേര്‍. ആമിറിന് ഇപ്പോള്‍ 22 വയസ്സേ ആയിട്ടുള്ളൂ. അന്ന് നന്നായി തിളങ്ങിനില്‍ക്കവേയാണ് ആമിര്‍ വാതുവെപ്പുകാരുടെ വലയില്‍പെട്ടത്. ആമിറിന് നല്കിയ കഠിനമായിപ്പോയി എന്ന് അന്നേ അഭിപ്രായമുണ്ടായിരുന്നു.
അന്ന് ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന മസ്ഹര്‍ മഹമൂദ് രഹസ്യ പ്രവര്‍ത്തനം നടത്തിയാണ് ഒത്തുകളി പുറത്തുകൊണ്ടു വന്നത്. ഫെയ്ക്ക് ഷെയ്ക്ക് എന്ന് അറിയപ്പെട്ടിരുന്ന മെഹമൂദിന്റെ തെളിവ് ഒരു ഫുട്ബോള്‍ വാതുവെപ്പ് കേസില്‍ അടുത്തിടെ കോടതി സ്വീകരിക്കുകയുണ്ടായില്ല. പോലീസ് അറസ്റ്റു ചെയ്തിരുന്ന ഫുട്ബോള്‍ കളിക്കാരെ കോടതി വിട്ടയച്ചിരുന്നു.