യുഎഇ പൊരുതി; അയര്‍ലണ്ടിന് രണ്ടു വിക്കറ്റ് ജയം

മെല്‍ബണ്‍: തങ്ങളുടെ ആദ്യമത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ഞെട്ടിച്ച അയര്‍ലണ്ട് യുഎഇയോട് കഷ്ടപ്പെട്ടുവെങ്കിലും നാലു പന്തുകള്‍ ബാക്കി വെച്ചു കൊണ്ട് രണ്ട് വിക്കറ്റിന് ജയം നേടി. യുഎഇ പ്രൊഫഷണല്‍ താരങ്ങളടങ്ങിയ അയര്‍ലണ്ടിനെതിരെ നന്നായി പൊരുതി. അവര്‍ 9 വിക്കറ്റിന് 278 റണ്‍സെടുത്തപ്പോള്‍ അയര്‍ലണ്ട് 49.2 ഓവറില്‍ എട്ട് വിക്കറ്റിന് 279 റണ്‍സെടുത്തു. ആറാമനായി ഇറങ്ങി 80 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഗാരി വില്‍സനാണ് മാന്‍ ഓഫ് ദി മാച്ച്. 69 പന്തില്‍ നിന്ന് ഇത്രയും റണ്‍സ് നേടിയ വില്‍സണ്‍ പുറത്താവുമ്പോള്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നു. അലക്സ് കുസാക്കും (5 നോട്ടൗട്ട്) ജോര്‍ജ് ഡോക്റലും (7) ചേര്‍ന്ന് അത്രയും റണ്‍സ് നേടി.
തങ്ങളുടെ ആദ്യമത്സരത്തില്‍ വെസ്റ്റിന്‍ഡീസിന്റെ 304 റണ്‍സ് നാല് ഓവര്‍ ബാക്കിവെച്ചാണ് അയര്‍ലണ്ട് മറികടന്നതെങ്കിലും യുഎഇയെ കീഴ്പ്പെടുത്താന്‍ അവര്‍ വിഷമിച്ചു. യുഎഇയുടെ ഫീല്‍ഡിങിന് അല്പം കൂടി മൂര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
ഇരു ടീമുകളുടെയും ഇന്നിംഗ്സുകള്‍ ഏതാണ്ട് ഒരു പോലെയാണ് മുന്നേറിയത്. മുറയ്ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷം നടു ഓവറുകളില്‍ ഇരുവരും കുറെ കേടുപാടുകള്‍ തീര്‍ത്തു. 83 പന്തില്‍ നിന്ന് 106 നേടിയ ഷൈമാന്‍ അന്‍വറാണ് യുഎഇയെ പൊതാവുന്ന നിലയിലെത്തിച്ചത്. 35ാമത്തെ ഓവര്‍ കഴിയുമ്പോള്‍ 6 വിക്കറ്റിന് 161 റണ്‍സായിരുന്നു അവരുടെ സ്കോര്‍. 42 റണ്‍സെടുത്ത അംജദ് ജാവേദ് അന്‍വര്‍ക്ക് നല്ല പിന്തുണ നല്കി. അന്‍വറും ജാവേദും ഏഴാം വിക്കറ്റിന് നേടിയ 107 റണ്‍സ് ലോകകപ്പ് റെക്കോഡാണ്. ഏകദിനത്തില്‍ ഒരു യുഎഇ കളിക്കാരന് നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണ് അന്വറുടേത്. ഓപ്പണര്‍ അംജദ് അലി 46 റണ്‍സെടുത്തപ്പോള്‍ ഖുറം ഖാന് 36 റണ്‍സെടുത്തു. മലയാളിയായ കൃഷ്ണചന്ദ്രന് റണ്‍ എടുക്കാതെ പുറത്തായി. മാക്സ സോറന്‍സന്‍, അലക്സ് കുസാക്ക്, പോള്‍ സ്റ്റര്‍ലിങ്,കെവിന് ഓബ്രയന്‍ എന്നിവര്‍ ഈരണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
അയര്‍ലണ്ടിന്റെ തുടക്കം മോശമായിരുന്നു. പോള്‍ സ്റ്റര്‍ലിങ് 3 റണ്‍സിന് പുറത്തായ ശേഷം ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡും (37) എഡ് ജോയ്സും (37) ചേര്‍ന്ന് സ്കോര്‍ 72ല്‍ എത്തിച്ചു. പിന്നീട് അവര്‍ക്ക് മുറക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 40 ഓവര്‍ വരെ യുഎഇക്ക് മത്സരത്തിന്റെ മേല്‍ പിടിയുണ്ടായിരുന്നു. അവസാനത്തെ 10 ഓവറില്‍ അയര്‍ലണ്ടിന് ജയിക്കാന്‍ 95 റണ്‍സ് വേണമായിരുന്നു. അവിടെവെച്ച് യുഎഇക്ക് പിടിവിട്ടു. അടുത്ത 27 പന്തില്‍ നിന്ന് അവര്‍ 59 റണ്‍സെടുത്തു. 24 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടിയ കെവിന്
ഓബ്രയന്‍ പുറത്തായതോടെ കളിയുടെ അന്ത്യരംഗങ്ങള്‍ നാടകീയമായി. 47ാം ഓവറില്‍ വില്‍സണ്‍ ഒരു എല്‍ബിഡബ്ല്യൂ അപ്പീല്‍ നേരിയ വ്യത്യാസത്തില്‍ അതിജീവിച്ചു. 48ാമത്തെ ഓവറില്‍ വില്‍സണെ പുറത്താക്കി യുഎഇ തിരിച്ചടിച്ചു. നേരിയ വ്യത്യാസത്തില്‍ അവര്‍ക്ക് പിന്നീട് അവസരങ്ങള്‍ നഷ്ടമായി. അവസാന രണ്ടോവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരുന്ന അയര്‍ലണ്ട് കഷ്ടിച്ച് പിടിച്ചുനിന്ന് അതുനേടി.
ബി പൂളില്‍ ശനിയാഴ്ച ഇന്ത്യയുമായാണ് യുഎഇയുടെ അടുത്ത മത്സരം. എ പൂളില്‍ വ്യാഴാഴ്ച ഡുനേഡിനില് അഫ്ഗാനിസ്താന് സ്കോട്ലന്ഡിനെയും മെല്‍ബണില്‍ ശ്രീലങ്ക ബംഗ്ലാദേശിനെയും നേരിടും.