അനധികൃത താമസക്കാര്‍ക്കായി സൗദിയില്‍ വ്യാപക റെയ്ഡ്

ജിദ്ദ: അനധികൃത താമസക്കാരായ വിദേശികള്‍ക്കായി സൗദിയില്‍ പരിശോധന വ്യാപകമാക്കി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വിവിധ രാജ്യക്കാരായ നിരവധി പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചാണ് റെയ്ഡ് നടത്തുന്നത്.
ജിദ്ദയില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്ന് വ്യാഴാഴ്ച അനധികൃത താമസക്കാരായ 11 വിദേശികളെ പിടികൂടി. നാടുകടത്തുന്നതിനു വേണ്ടി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ജിദ്ദ നഗരത്തിലെ സ്വകാര്യ പ്രസില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ റെയ്ഡില്‍ ഏതാനും നിയമ ലംഘകര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. സ്പോണ്‍സറെ മാറി ജോലി ചെയ്തവരും സൗദിവല്‍ക്കരിച്ച തസ്തികകളില്‍ ജോലി ചെയ്തവരും പ്രൊഫഷന് മാറി ജോലി ചെയ്തവരും ഇതില്‍ ഉള്‍പ്പെടും. സൗദി വനിതകളെ ജോലിക്കു വെച്ചതായി വ്യാജ രേഖകളുണ്ടാക്കി പ്രവര്‍ത്തിച്ചതിനാല്‍ വ്യാജ സൗദിവല്‍ക്കരണം നടത്തിയെ കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയതായി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മക്കയിലെ വിവിധ ജില്ലകളില്‍ ബുധനാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡുകളില് അനധികൃത താമസക്കാരായ 255 വിദേശികളും സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയ നിരവധി വേലക്കാരികളും പിടിയിലായി. ജബല്‍ ശറാശിഫ്, മിസ്ഫല, അല്ഹഫായിര്, മന്‍സൂര്‍ സ്ട്രീറ്റ് എിവിടങ്ങളില്‍ നിയമ ലംഘകര്‍ കൂട്ടത്തോടെ കഴിയുന്ന കെട്ടിടങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തിയ ശേഷമായിരുന്നു റെയ്ഡ്. വിവിധ പ്രവിശ്യകളില്‍നിന്ന് ഒളിച്ചോടി മക്കയിലെ താമസസ്ഥലം കേന്ദ്രീകരിച്ച് അനാശാസ്യത്തിലേര്‍പ്പെട്ട വേലക്കാരികളും പിടിയിലായി.
നിയമലംഘകര്‍ക്ക് താമസസ്ഥലം വാടകക്ക് നല്കിയ കെട്ടിട ഉടമകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നാലു മാസത്തിനിടെ മക്കയില്‍ പൊലീസ് നടത്തിയ റെയ്ഡുകളില് 26,628 നിയമ ലംഘകര്‍ പിടിയിലായതായും അധികൃതര്‍ അറിയിച്ചു.
രണ്ടു ദിവസത്തിനിടെ ദമാം പൊലീസ് നടത്തിയ റെയ്ഡുകളില് 123 ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ പിടിയിലായി. തുടര്‍ നടപടികള്‍ക്കായി നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യാ പൊലീസ് വക്താവ് കേണല്‍ സിയാദ് അല്റഖീത്തി പറഞ്ഞു.
തബൂക്കിലും പ്രവിശ്യയിലെ വിവിധ നഗരങ്ങളിലും തബൂക്ക് പൊലീസ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡുകളില് 2,989 നിയമ ലംഘകര്‍ പിടിയിലായി. റെയ്ഡ് തുടരുമെന്ന് തബൂക്ക് പോലീസ് വക്താവ് ലെഫ്. കേണല്‍ ഖാലിദ് അല്‍ഗുബാന്‍ പറഞ്ഞു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ