• 22 Mar 2019
  • 02: 46 AM
Latest News arrow

'രണ്ടാമൂഴം': നിർമ്മാതാവ് ബി.ആർ ഷെട്ടിയും പിന്മാറിയെന്ന് സൂചന

താന്‍ ഇന്നലെ രാത്രി എംടിയെ കാണാന്‍ പോയിട്ടില്ലെന്ന് ശ്രീകുമാർ മേനോൻ

കോഴിക്കോട് : തുടക്കത്തിലേ വിവാദങ്ങളിൽപ്പെട്ട 'രണ്ടാമൂഴം' എന്ന ചലച്ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സിനിമാമേഖലയിൽ സജീവമാണ്. ഈ പദ്ധതിയിൽനിന്നും പിന്മാറുന്നുവെന്നും തിരക്കഥ തിരികെവേണമെന്നും ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചതോടെയാണ് ' രണ്ടാമൂഴം' വാർത്തകളിൽ നിറഞ്ഞത് . 

ഇപ്പോഴിതാ , 1000 കോടി ചിലവിട്ട് സിനിമ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രവാസിവ്യവസായി ബി.ആർ ഷെട്ടിയും  'രണ്ടാമൂഴം' ചലച്ചിത്രപദ്ധതിയിൽ നിന്നും പിന്മാറി  എന്ന സൂചന വിദേശത്തുനിന്നും വരുന്നു. ആദ്യം  700 കോടി ബജറ്റിട്ടിരുന്ന പദ്ധതി നിർമ്മാതാവ് തന്നെ മുൻകൈ എടുത്ത് 1000 കോടി ആക്കുകയായിരുന്നു. 

 'മഹാഭാരതം' സിനിമയിൽ നിന്ന് പിറകോട്ടില്ലെന്നാണ് ബി.ആർ .ഷെട്ടി  ആദ്യം വ്യക്തമാക്കിയിരുന്നത് . എം.ടി യുടെ പിന്മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ 1000 കോടി മുതൽ മുടക്കിൽ , താൻ തന്നെ 'മഹാഭാരതം' നിർമ്മിക്കുമെന്നും സംവിധായകനുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വിദേശത്ത് ഒരു മാദ്ധ്യമപ്രവർത്തകനോട് പറഞ്ഞിരുന്നു .തിരക്കഥ ആരായാലും പ്രശ്നമില്ലെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു . ഈ ഒരു സിനിമ മാത്രമേ  താൻ നിർമ്മിക്കൂ എന്നും ബി.ആർ. ഷെട്ടി വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഷെട്ടിയും പിന്മാറി എന്ന സൂചന ലഭിക്കുന്നത് . 

അതിനിടെ , സംവിധായകൻ വി.എ ശ്രീകുമാര്‍ മേനോൻ ഇന്നലെ രാത്രിയടക്കം രണ്ടുതവണ എം.ടിയെ സന്ദർശിച്ചുവെന്നും വൈകുന്നതിൽ ക്ഷമചോദിച്ചുവെന്നും കാര്യങ്ങൾ പറഞ്ഞു ഒത്തുതീർപ്പാക്കിയെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ  എം.ടി , ഇന്നലെ രാത്രി സംവിധായകനെ വീട്ടിൽനിന്നും ഇറക്കിവിട്ടു എന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട് .

അതേസമയം , ഈ വാർത്തകൾ നിഷേധിക്കുകയാണ് സംവിധായകൻ വി.എ ശ്രീകുമാര്‍ മേനോൻ . ഇറക്കിവിടാനായി താന്‍ ഇന്നലെ എംടിയെ കാണാന്‍ പോയിട്ടില്ലെന്നും രാത്രി ഒന്‍പതു മണിവരെ എറണാകുളത്തെ വിസ്മയ മാക്സ് സ്റ്റുഡിയോയില്‍ 'ഒടിയന്‍' എന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങിലായിരുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍  ഒരു വാർത്താചാനലിനോട് പറഞ്ഞു.  മാത്രവുമല്ല, എംടി ഇന്നലെ കോട്ടക്കലില്‍ ഏതോ ഏതോ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എംടിയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു .

1000 കോടി ബജറ്റിൽ , ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാംമൂഴം.  നാലുവര്‍ഷം മുമ്പാണ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ കൈമാറിയത് . മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും നടപടിയുണ്ടായില്ല . രണ്ടുമാസങ്ങൾക്കു മുൻപ് ഇക്കാര്യമെല്ലാം സൂചിപ്പിച്ചു സംവിധായകനും നിർമ്മാണക്കമ്പനിയ്ക്കും എം.ടി നോട്ടീസയച്ചിരുന്നു. എന്നാൽ അതിന് യാതൊരു മറുപടിയും കാണാതായതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. 

ഈ മാസം 25ന് ഈ കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ് .

'രണ്ടാമൂഴ'ത്തിലെ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനിരുന്ന മോഹൻലാൽ എം.ടിയുടെയും ഷെട്ടിയുടേയും പിന്മാറ്റവാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.