നാഷണല്‍ ഗെയിംസ് ഫുട്‌ബോളിന് എന്തു നല്‍കും?

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മോശമല്ലാത്ത നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ നാഷനല്‍ ഗെയിംസില്‍ കോഴിക്കോട് വേദിയാകുന്ന ഫുട്‌ബോള്‍ മത്സരങ്ങളെപറ്റി വലിയ പ്രതീക്ഷയ്ക്ക് വഴിയുണ്ടോ എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ചോദ്യം. ബംഗാള്‍, പഞ്ചാബ്, സര്‍വീസസ്, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, മിസോറാം, കേരളം എന്നീ എട്ട് സ്‌റ്റേറ്റ് ടീമുകള്‍ രണ്ടു ഗ്രൂപ്പുകളില്‍ (പൂള്‍ 'എ', പൂള്‍ 'ബി') കളിക്കുന്ന ഏകപാദ ലീഗും തുടര്‍ന്ന് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടു ടീമുകള്‍ വീതം സെമിഫൈനല്‍ മുതല്‍ മാറ്റുരയ്ക്കുന്ന നോക്കൗട്ട് മത്സരങ്ങളുമാണ് നാഷനല്‍ ഗെയിംസ് ഫുട്‌ബോള്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒരു ക്രോസ്‌സെക്ഷന്‍ കാണികള്‍ക്ക് ഈ മത്സരങ്ങള്‍ വഴി ലഭിക്കുമെന്ന് തീര്‍ച്ചയാണ്.
ഞാന്‍ ഒരു ഫുട്‌ബോളറായിരുന്ന 1960കളില്‍ കേരളത്തില്‍ അഞ്ചില്‍കുറയാതെയും തെക്കെ ഇന്ത്യയില്‍ മാത്രമായി രണ്ടു ഡസനോളവും അഖിലേന്ത്യാ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്ന ഫുട്‌ബോള്‍ കളിക്ക് പില്‍ക്കാലത്ത് സംഭവിച്ച പതനത്തിന്, ഒളിമ്പിക് ഫുട്‌ബോളില്‍ നാലാംസ്ഥാനം കരസ്ഥമാക്കുവാന്‍ കഴിഞ്ഞ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇപ്പോള്‍ ലോകറാങ്കിങ്ങില്‍ 171-ാം സ്ഥാനത്തേക്ക് (താഴത്തുനിന്ന് മുകളിലേക്ക് എണ്ണിയാല്‍ 38-ാം സ്ഥാനം!!) വീണതിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാരണങ്ങള്‍ കണ്ടെത്തുവാനും കോഴിക്കോട്ടെ മത്സരങ്ങള്‍ വേദിയൊരുക്കുമെന്ന് തീര്‍ച്ചയാണ്.
ഐഎസ്എല്‍ ടീമുകളില്‍ പകുതിയോളം വിദേശതാരങ്ങളെ അണിനിരത്തിക്കൊണ്ട് കളിക്കുന്നതിനാല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പരിചയ സമ്പത്തും ഒത്തിണക്കവും കളിയിലെ വീറും വാശിയും വര്‍ദ്ധിച്ചു എന്നത് മത്സരങ്ങളുടെ ടിവി കവറേജ് തന്നെ സാക്ഷ്യപത്രം നല്‍കുന്നുണ്ട്.
അത്രത്തോളമില്ലെങ്കിലും 'ഐ' ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രഫഷണല്‍ ക്ലബുകള്‍ സ്റ്റേറ്റ് ടീമുകളിലേക്ക് തങ്ങളുടെ കളിക്കാരെ വെച്ചുകൊണ്ട് സഹകരിക്കുകയാണെങ്കില്‍ നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുന്ന സ്റ്റേറ്റ് ടീമുകള്‍ക്ക് മികച്ച പ്രകടനം സാധ്യമാകുമെന്ന് ഉറപ്പാണ്. നാളെയുടെ വാഗ്ദാനമായി നാഷണല്‍ ഗെയിംസിന് പങ്ക് വഹിക്കാം.
അടിക്കുറിപ്പ്
2022ലെ ലോകകപ്പ് വേദി തീരുമാനിക്കുന്നതിനുള്ള ഫിഫ കോണ്‍ഗ്രസിലെ വോട്ടെടുപ്പില്‍ കൈക്കൂലി വാങ്ങി വോട്ട് നല്‍കിയ എഐഎഫ്എഫ് ഭാരവാഹിയെ പുറത്താക്കി ദീര്‍ഘകാലം സസ്‌പെന്‍ഷനില്‍ നിര്‍ത്തുന്ന ഫിഫ നടപടിക്ക് വിധേയമായ അംഗരാജ്യമാണ് നമ്മുടെ മഹത്തായ രാഷ്ട്രം- ഇന്ത്യ!
കൈക്കൂലി ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മാത്രമല്ല, വേദികളുടെ തെരഞ്ഞെടുപ്പിലും!
ജീവിതത്തില്‍ ഒരിക്കല്‍പോലും മൈതാനത്ത് ഇറങ്ങാത്തവര്‍ക്ക് ടിവ്ി കമന്ററിയും റിപ്പോര്‍ട്ടിങ്ങും നടത്താമെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് ഭാരവാഹികളും ആവാമെന്ന് തെളിയിച്ചിരിക്കുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍! ശൈലന്‍ മന്നയും മേവലാലും ടി അബ്ദുള്‍റഹിമാനും.
ഇതിഹാസങ്ങളായിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രഭ വീണ്ടെടുക്കുവാന്‍ സന്തോഷ് ട്രോഫിക്കും നാഷണല്‍ ഗെയിംസിനും കഴിയണമെങ്കില്‍ എല്ലാ തലങ്ങളിലും മാറ്റങ്ങള്‍ അനിവാര്യമത്രെ.