• 23 Sep 2023
  • 02: 55 AM
Latest News arrow

ദേശീയ സുരക്ഷാ കേസ്: തടവില്‍ കഴിയുന്നവരില്‍ ഒന്‍പത് ഇന്ത്യക്കാരും

റിയാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ ദേശീയ സുരക്ഷാ സംബന്ധമായ കേസുകളില്‍ 3,472 പേര്‍ സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ഒന്‍പത് ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടും. തടവു പുള്ളികളില്‍ 2,953 പേര്‍ (85 ശതമാനം) സൗദികളാണെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരപ്രവര്‍ത്തനം, ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കല്‍, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു കേസുകള്‍ എന്നിവയാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
സൗദികള്‍ കഴിഞ്ഞാല്‍ ജയിലില്‍ കഴിയുന്നവരില്‍ കൂടുതല്‍ യെമന്‍ സ്വദേശികളാണ്-183. പാക്കിസ്ഥാന്‍-38, ഈജിപ്ത്-33, ചാഡ്-20, പലസ്തീന്‍-16, ബംഗ്ലാദേശ്-10, ഇന്ത്യ-9, അഫ്ഗാന്‍-7, ബഹ്‌റൈന്‍-7, ലബനണ്‍-5, നൈജീരിയ-4, സോമാലി-4, അമേരിക്ക-3, റഷ്യ-2, ഫിലിപ്പൈന്‍സ്-2 എന്നിങ്ങനെയാണ് മറ്റു രാജ്യക്കാരുടെ എണ്ണം. എട്ടു പേര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ 'തവാസൂല്‍' പ്രകാരം ഈയിടെ പിടിയിലായ മൂന്നു ഇന്ത്യക്കാരുള്‍പ്പെടെ 59 പേരും ഈ സുരക്ഷാ തടവുകാരില്‍ ഉള്‍പ്പെടും. ജനുവരിയിലും ഫെബ്രുവരി ആദ്യ വാരവുമായി നടന്ന റെയ്ഡുകളില്‍നിന്നായാണ് 59 പേരെ പിടികൂടിയത്. ഇതില്‍ 44 പേര്‍ സൗദികളാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഭീകരവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായിരുന്നു റെയ്ഡ്. ഈ മൂന്ന് ഇന്ത്യക്കാരെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശ മന്ത്രാലയം സൗദിയോട് തേടിയിരുന്നു. ഇവര്‍ക്ക് അല്‍ഖ്വായ്ദ, ഐഎസ് ഭീകരരുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.