• 22 Sep 2023
  • 04: 47 AM
Latest News arrow

സൗദി വ്യവസായ മേഖലയില്‍ സ്വദേശിവല്‍ക്കരണം കുറയ്ക്കും

ജിദ്ദ: വ്യവസായ മേഖലക്ക് ബാധകമായ സൗദിവല്‍ക്കരണ തോത് കുറക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം. സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ വ്യവസായ മേഖലയെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ വ്യത്യസ്ത സൗദിവല്‍ക്കരണതോത് ബാധകമാക്കുന്ന കാര്യത്തില്‍ തൊഴില്‍ മന്ത്രാലയവുമായി ധാരണയിലെത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നിതാഖാത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് നിതാഖാത്ത് -3 ഏപ്രില്‍ 20 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അതിനുമുമ്പ് പുതിയ സൗദിവല്‍ക്കരണ തോത് മന്ത്രാലയം പ്രഖ്യാപിക്കും. ഭൂരിഭാഗം വ്യവസായ മേഖലകള്‍ക്കും ബാധകമായ സൗദിവല്‍ക്കരണ തോത് നിതാഖാത്ത്-3 ല്‍ കുറയുമെന്നാണ് പ്രതീക്ഷ.

നിതാഖാത് മൂന്നിന്റെ ഭാഗമായി ഏപ്രില്‍ 20 മുതല്‍ സൗദിവല്‍ക്കരണ തോത് വലിയ തോതില്‍ ഉയര്‍ത്താന്‍ തൊഴില്‍ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ഇടത്തരം പച്ചയിലാകുന്നതിന് നടപ്പാക്കേണ്ട സൗദിവല്‍ക്കരണ തോത് 59 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കണമെന്ന് സൗദി കൗസില്‍ ഓഫ് ചേംബേഴ്‌സിനു കീഴിലെ തൊഴില്‍ വിപണി കമ്മിറ്റി തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലുകള്‍ സ്വീകരിക്കാന്‍ സന്നദ്ധരാവുന്ന സൗദി ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് പടിപടിയായി സൗദിവല്‍ക്കരണ തോത് ഉയര്‍ത്തുകയാണ് വേണ്ടതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
നിതാഖാത്ത്-3 ന്റെ ഭാഗമായി പുതിയ ഏതാനും മേഖലകള്‍ തൊഴില്‍ മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില മേഖലകളിലെ സൗദിവല്‍ക്കരണ തോതില്‍ ഭേദഗതി വരുത്തുകയും ചെയ്തു. ഇടത്തരം, പച്ച വിഭാഗം സ്ഥാപനങ്ങള്‍ക്ക് ബാധകമായ സൗദിവല്‍ക്കരണ തോതാണ് ഏപ്രില്‍ 20 മുതല്‍ തൊഴില്‍ മന്ത്രാലയം വലിയ തോതില്‍ ഉയര്‍ത്തുക. തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് സ്ഥാപനങ്ങള്‍ ഇടത്തരം പച്ച വിഭാഗത്തിലാകണമെന്നാണ് വ്യവസ്ഥ.