• 22 Sep 2023
  • 03: 24 AM
Latest News arrow

അല്‍അറബ് ചാനല്‍ സംപ്രേഷണം ബഹ്‌റൈന്‍ സസ്‌പെന്‍ഡ് ചെയ്തു

മനാമ: പ്രമുഖ സൗദി വ്യവസായി അല്‍ വലീദ് രാജകുമാരന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച അല്‍അറബ് ചാനല്‍ സംപ്രേഷണം ബഹ്‌റൈന്‍ സസ്‌പെന്‍ഡ് ചെയ്തു. ബഹ്‌റൈനില്‍നിന്നും സംപ്രേക്ഷണം ആരംഭിക്കും മുന്‍പ് ആവശ്യമായ ലൈസന്‍സുകള്‍ നേടിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ബഹ്‌റൈന്‍ വാര്‍ത്താ വിനിയമയ മന്ത്രി ഇസാ അബ്ദുല്‍റഹ്മാന്‍ അല്‍ ഹമ്മാദി അറിയിച്ചു. അല്‍ അറബ് സാറ്റലൈറ്റ് ടിവി ചാനല്‍ പ്രവര്‍ത്തനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ഹൈ അതോറിറ്റി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍നല്‍കിയ ശുപാര്‍ശ തിങ്കളാഴ്ച ബഹ്‌റൈന്‍ ക്യാബിനറ്റ് അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.

ബഹ്‌റൈന്‍ ആസ്ഥാനമായി ഫെബ്രുവരി ഒന്നിനാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. പിന്നീട്
പ്രമോഷന്‍ വീഡിയോകള്‍ അല്ലാതെ വാര്‍ത്താ പരിപാടികള്‍ ഉണ്ടായിരുന്നില്ല. സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് പ്രശ്‌നങ്ങളാണ് ചാനല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണമെന്നും ഉടന്‍ പുനഃരാരംഭിക്കുമെന്നുമായിരുന്നു ചാനല്‍ അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചിരുന്നത്. ഭരണപരവും സാങ്കേതികപരവുമായ കാര്യങ്ങള്‍ക്കായി ചാനല്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ അഫയേഴ്‌സ് അതോറിറ്റിയും അറിയിച്ചിരുന്നു.
ചാനല്‍ പ്രവര്‍ത്തനം സസ്‌പെന്‍ഡ് ചെയ്യുന്നതായി തിങ്കളാഴ്ച രാത്രി മന്ത്രി സഭാ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി അറിയിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ശേഷം ചാനലില്‍ അല്‍ അറബിന്റെ വെള്ളയും പച്ചയും കലര്‍ന്ന ലോഗോയും മാത്രമാണ് കാണിക്കുന്നത്.

മീഡിയ നിയമങ്ങളും ചട്ടങ്ങളും അതുപോലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാജ്യങ്ങള്‍(ജിസിസി), അന്താരാഷ്ട്ര കരാറുകള്‍ എന്നിവയോട് വിധേയമായും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും നിര്‍ണായകമായ ഭീകരതക്കെതിരായ യുദ്ധത്തിന്റെ പ്രധാന്യവും കണക്കിലെടുത്തുമായിരിക്കണം ചാനല്‍ പ്രവര്‍ത്തനമെന്ന് മന്ത്രി ഇസാ അബ്ദുല്‍റഹ്മാന്‍ വ്യക്തമാക്കി.
അതേസമയം, നിഷ്പക്ഷ നിലപാട് സ്വീകരിക്കാത്തതിനാലാണ് ചാനലിന്റെ സംപ്രേഷണം വിലക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബഹ്‌റൈനിലെ പ്രതിപക്ഷ ഷിയാ കക്ഷിയായ അല്‍ വെഫാഖിന്റെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനായ ഖലീല്‍ മര്‍സൂക്കിന്റെ അഭിമുഖം ആദ്യ ദിനം തന്നെ സംപ്രേക്ഷണം ചെയ്ത് ചാനല്‍ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

ഖത്തറിന്റെ അല്‍ ജസീറക്കും സൗദി കോടീശ്വരന്‍ ഷെയ്ഖ് വലീദ് അല്‍ ഇബ്രാഹിമിന്റെ ഉടമസ്ഥതയില്‍ ദുബായ് ആസ്ഥാനമാക്കിയുള്ള അല്‍ അറേബ്യയക്കും ശേഷം മാര്‍ക്കറ്റില്‍ പ്രവേശിച്ച ഏറ്റവും പ്രമുഖ പാന്‍ അറബ് ചാനല്‍ എന്നാണ് അല്‍ അറബ് വിശേഷിക്കപ്പെട്ടത്. 30 രാജ്യങ്ങളില്‍ ലേഖകരടക്കം തങ്ങള്‍ക്ക് 280 സ്റ്റാഫ് ഉണ്ടെന്ന് ചാനല്‍ ജനറല്‍ മാനേജര്‍ ജമാല്‍ കശോഖി അറിയിച്ചിരുന്നു. 20 ജീവനക്കാരുമായി റിയാദായിരുന്നു ഏറ്റവും വലിയ ബ്യൂറോ.
അന്തരിച്ച സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അനന്തരവനും ആദ്യ ഭരണാധികാരി അബ്ദുല്‍ അസീസ് രാജാവിന്റെ പേരമകനുമാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. 2013 ല്‍ അറേബ്യന്‍ ബിസിനസ് പുറത്തിറക്കിയ കണക്കുപ്രകാരം അദ്ദേഹത്തിന്റെ ആസ്തി 31.2 ബില്ല്യണ്‍ ഡോളറാണ്. അറബ് മേഖലയിലെ ഏറ്റവും സ്വധീനമുള്ള വ്യക്തിയെന്ന ഗണത്തിലും അദ്ദേഹം ഉള്‍പ്പെട്ടു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ്‌സ് കമ്പനിക്ക് സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ന്യൂസ് കോര്‍പ്പ്, ട്വിറ്റര്‍ തുടങ്ങി ലോക പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ട്.