ചാത്തുനായരും 'മീനാക്ഷി'യും

നോവല്‍ സാഹിത്യത്തില്‍ കുന്ദലതയ്ക്കും ഇന്ദുലേഖയ്ക്കും ഒരനുജത്തിയുണ്ട് കോഴിക്കോട്ട്- 'മീനാക്ഷി'. തിക്കോടി പഞ്ചായത്തിലെ പള്ളിക്കര ചെറുവലത്ത് ചാത്തുനായര്‍ എഴുതിയ നോവല്‍.കുന്ദലത പിറന്നത് 1887ല്‍. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 'ഇന്ദുലേഖ' വന്നു. അടുത്തകൊല്ലം മീനാക്ഷിയും. മീനാക്ഷിക്ക ്തൊട്ടുപുറകേ മറ്റൊരു നോവല്‍കൂടി പുറത്തുവന്നു- 'ഇന്ദുമതീസ്വയംവരം'. 1890ലാണ് ഈ രണ്ടു കൃതികളും പുറത്തിറങ്ങിയത്. ഈ നോവലുകളെ പരിഹസിച്ചുകൊണ്ട് 1892ല്‍ പുറത്തുവന്ന പറങ്ങോടിപരിണയം എന്ന കൃതിയും കോഴിക്കോട്ടു നിന്നാണുണ്ടായത്. മലയാളത്തിലെ ആദ്യനോവലുകളുടെ പിറവി ഈ ജില്ലയില്‍ നിന്നാണെന്നതിനാല്‍ മലയാള സാഹിത്യ കഥാഖ്യാനത്തിന്റെ പാരമ്പര്യം കോഴിക്കോടിന് സ്വന്തം.
മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്നു കരുതുന്ന കുന്ദലത റാവു ബഹദൂര്‍ ടി എം അപ്പു നെടുങ്ങാടി എഴുതിയതാണ്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്ന ഒ ചന്തുമേനോനാണ് ഇന്ദുലേഖയുടെ കര്‍ത്താവ് (1889). ചാത്തുനായര്‍ 1890ല്‍ മീനാക്ഷി പ്രസിദ്ധീകരിച്ചു. കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പിസി അമ്മാവന് രാജയാണ് ഇന്ദുമതി സ്വയംവരത്തിന്റെ രചയിതാവ്. ഈ നോവലും ഇതേ വര്‍ഷം - 1890ല്‍ തന്നെ.
പക്ഷേ ആദ്യനോവല്‍ എന്ന പരിഗണന കുന്ദലതയും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന നിലയ്ക്ക് ഇന്ദുലേഖയും സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയപ്പോള്‍ മീനാക്ഷിക്ക് എന്തുകൊണ്ടോ അര്‍ഹിക്കുന്ന പരിഗണനയോ പ്രസിദ്ധിയോ ലഭിക്കാതെ പോയി.
"മീനാക്ഷി അതിന്റെ സ്വരൂപം മുതലായവകൊണ്ടും പ്രധാനപ്പെട്ട പ്രകൃതങ്ങള്‍ കൊണ്ടും അടുത്ത പൂര്‍വഗ്രന്ഥമായ ഇന്ദുലേഖയോട് എത്രയും അനുരൂപമായിരിക്കുന്നുവെങ്കിലും കഥയ്ക്ക് പ്രത്യക്ഷമായ പ്രത്യേകതയുള്ളതായി കാണുന്നുവെങ്കില്‍ ചാത്തുനായര്‍ അവര്‍കളുടെ വാസനയെ വളരെ പ്രശംസിക്കേണ്ടിയിരിക്കുന്നു". എന്നാണ് മലയാള മനോരമയുടെ സ്ഥാപക പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള അഭിപ്രായപ്പെട്ടിട്ടുള്ളത്. (മലയാള മനോരമ 1891 ജനുവരി 10) പക്ഷേ ഈ കൃതി ഇന്ദുലേഖയുടെ നിര്‍ജ്ജീവമായ ഒരനുകരണമെന്നാണ് മഹാകവി ഉള്ളൂരിന്റെ വിലയിരുത്തല്‍.
തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയില്‍ ഒരു ഭൂകുടുംബത്തില്‍ ജനിച്ച ചാത്തുനായര്‍ ഉന്നതവിദ്യാഭ്യാസം നേടി കോഴിക്കോട് ബിഇഎം സ്കൂളില്‍ സംസ്കൃതാധ്യാപകനായി. അക്കാലത്ത് പുറത്തിറങ്ങിയ ചില കഥാപ്രബന്ധങ്ങളില്‍ ആവേശഭരിതനായി 1890 മാര്‍ച്ചില്‍ ആരംഭിച്ച മീനാക്ഷിയുടെ രചന നവംബറില്‍ പൂര്‍ത്തിയാക്കിയതായി നോവലിന്റെ ആമുഖത്തില്‍ ചാത്തുനായര്‍ പറയുന്നു.
സവര്‍ണരായ സ്ത്രീകളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നി പറയുകയും 19ാം നൂറ്റാണ്ടില്‍ നടമാടിയ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും വിമര്‍ശിക്കുകയും ചെയ്യുന്ന ഈ രചനയിലൂടെ ചാത്തുനായര്‍ക്ക് സമുദായത്തില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഉന്നതകുലജാതയായ ഭാര്യയെ കോഴിക്കോട്ട് താന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിനു സമീപം കൊണ്ടു വന്നു താമസിപ്പിച്ചതിന് സമുദായത്തില്‍ ഭ്രഷ്ട് നേരിടേണ്ടിവന്നിട്ടുമുണ്ട്. അക്കാലത്ത് വടക്കേ മലബാറിലെ സവര്‍ണ സമുദായ വനിതകള്‍ കോരപ്പുഴ കടന്ന് തെക്കോട്ട് വരാന്‍ പാടില്ലെന്നായിരുന്നു നിബന്ധന. അത് ലംഘിക്കുന്നവരെ സമുദായത്തില്‍നിന്നും പുറത്താക്കിയിരുന്നു. ചാത്തുനായരുടെ ഭാര്യ കാരയാട് അംശത്തിലെ വേട്ടിയോട്ട് തറവാട്ടിലെ മാതുഅമ്മയ്ക്കും ഈ മാനഹാനി നേരിടേണ്ടി വന്നു. ഇത് സംബന്ധിച്ച് 1891 ഫിബ്രവരി 14ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു.
'മലയാളം പണ്ഡിതനും മീനാക്ഷിയുടെ ഗ്രന്ഥകര്‍ത്താവുമായ ചെറുവലത്ത് ചാത്തു നായര്‍ അവര്‍കള്‍ തന്റെ ഭാര്യയെ ഇവിടെ (കോഴിക്കോട്ട്) കൊണ്ടുവന്നിരിക്കുന്നതായി അറിയുന്നു. വടക്കേ മലബാറിലെ മലയാള സ്ത്രീകളെ കോരപ്പുഴയ്ക്ക് തെക്കോട്ട് കടത്തിക്കൂടാ എന്ന മൂഢതയെ ഇദ്ദേഹം അനാദരിച്ചത് വളരെ ഉചിതമായി.'
ഋണബാധ്യതയും കുടുംബഭാരവും കൊണ്ട് ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ച നിര്‍ഭാഗ്യവാനായിട്ടാണ് മീനാക്ഷിയുടെ ജന്മശതാബ്ദി പതിപ്പില്‍ പ്രശസ്ത കഥാകൃത്ത് പള്ളിക്കര വിപി മുഹമ്മദ് ചാത്തുനായരെ പരിചയപ്പെടുത്തുന്നതു കൊണ്ടാവണം മറ്റു രണ്ടു നോവലുകളുടെ പ്രശസ്തിയോ പ്രസക്തിയോ മീനാക്ഷിക്ക് ലഭിക്കാതെ പോയതും. ഈ നോവല്‍കൃതികളുടെ പിറവി കോഴിക്കോട്ടായെന്നതിനാല്‍ മലയാള നോവല്‍ ശാഖയില്‍ കോഴിക്കോടിന്റെ സംഭാവനയ്ക്ക് പ്രാധാന്യമേറുന്നു.
നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍, കോഴിക്കോട് മുന്‍സിപ്പല്‍ ചെയര്മാന്, അച്ചുതന് ഗേള്‍സ് സ്കൂളിന്റെ ആദ്യരൂപമായ നേറ്റീവ് ഗേള്‍സ് സ്കൂളിന്റെ സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ തലക്കൊടി മഠത്തില്‍ അപ്പു നെടുങ്ങാടിയുടെയും ന്യായാധിപനായിരുന്ന ഒയ്യാരത്ത് ചന്തുമേനോന്റെയും പെരുമയും പ്രശസ്തിയും അവരുടെ നോവലുകള്‍ക്ക് സ്വീകാര്യത വര്‍ധിപ്പിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലെ നാട്ടിന്‍പുറത്തുകാരനായ ചാത്തുനായരുടെ രചനയുടെ പ്രത്യേകതകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയെന്ന് കരുതുന്നവരുണ്ട്. മറ്റു രണ്ടു കൃതികളെ അപേക്ഷിച്ച് ദീര്‍ഘമായ ഈ കഥയുടെ അവതരണവിവരണ രീതി പഠനാര്‍ഹമാണ്. 18ാം നൂറ്റാണ്ടില്‍ മലബാറിലെ ദായക്രമങ്ങളിലേക്കും ആചാരാനുഷ്ഠാന രീതികളിലേക്കും സാമൂഹിക സാമ്പത്തിക സ്ഥിതിഗതിയിലേക്കും മാമൂലികളില്‍നിന്ന് കുതറിമാറി ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജനത നേരിടുന്ന പ്രതിസന്ധികളിലേക്കും അനുഭവിക്കുന്ന ഭയവിഹ്വലതകളിലേക്കും ഈ നോവല്‍ കണ്ണു തുറക്കുന്നു.
ഇന്ദുലേഖയും മീനാക്ഷിയും പ്രസിദ്ധീകരിച്ച ശേഷം അത്തരത്തിലുള്ള കഥാരചനരീതികളെ കണക്കിന് പരിഹസിച്ചുകൊണ്ട് പ്രസിദ്ധപ്പെടുത്തിയതാണ് 'പറങ്ങോടീപരിണയം'. ഈ ഹാസ്യനോവലിന്റെ കര്‍ത്താവ് കോഴിക്കോട്ടുകാരനായ കിഴക്കേപ്പാട്ട് രാമന്‍കുട്ടി മോനോനാണ്. 1892 ആഗസ്റ്റില്‍ കോഴിക്കോട്ടുണ്ടായിരുന്ന സ്പക്ടേറ്റര് പ്രസിലാണ് അച്ചടിച്ചത്. പ്രസാധകന്റെ പേര് പിസി അച്യുതസോദരന്മാര്.
നോവലിസ്റ്റിന്റെ പേരുണ്ടായിരുന്നില്ല. തല്‍സ്ഥാനത്ത് ആദിമലയാള ഭാഷാകര്ത്താവ് എന്നാണ് എഴുതിയിരുന്നത്. (കുറേകഴിഞ്ഞാണ് അത് രാമന്‍കുട്ടി മേനോനാണെന്ന് തിരിച്ചറിഞ്ഞത്.) 'കേസരി' വേങ്ങയില്‍ കുഞ്ഞിരാമന് നായനാരാണ് പറങ്ങോടി പരിണയത്തിന്റെ രണ്ടാം പതിപ്പിന് അവതാരിക എഴുതിയത്. പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയപ്പോള്‍ ഈ രചന തന്റെതാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും വാസ്തവത്തില്‍ ഈ കൃതി വായിച്ചുനോക്കി തിരുത്തലുകള്‍ വരുത്തിയതല്ലാതെ മറ്റു ബന്ധമൊന്നുമില്ലെന്നും അവതാരികയില്‍ നായനാര്‍ പറയുന്നുണ്ട്.
കോഴിക്കോട്ട് സബ്ജഡ്ജിയായിരുന്ന കിഴക്കേപ്പാട്ട് കൃഷ്ണമേനോന്റെ മരുമകനും പാട്ടത്തില്‍ കൃഷ്ണമേനോന്റെ പുത്രനുമാണ് രാമന്കുട്ടിമേനോന് ഇംഗ്ലീഷും സംസ്കൃതവും അറിയാവുന്ന ഈ യുവാവ് നോവലിനുപുറമേ പരിഹാസലേഖനങ്ങളും എഴുതിയിട്ടുണ്ട്. 1894ല്‍ 36-ാം വയസ്സില്‍ മരണപ്പെട്ടു. പറങ്ങോടീപരിണയം എഴുതാനുണ്ടായ പ്രേരണയെക്കുറിച്ച് അവതാരികയിലെ വിശദീകരണം തന്നെ ചിരിക്ക് വക നല്‍കുന്നുണ്ട്. 'മലയാള ഭാഷയില്‍ രണ്ടു നോവല്‍ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുകൊണ്ട് അതിന് യത്നിച്ചതില് ഒന്നാമന് താനാകയാല്‍ ആദിമലയാള നോവല്‍ കര്‍ത്താവ് മറ്റാരുമല്ലെന്ന് വായനക്കാര്‍ സമ്മതിക്കണം.' എന്നു കരുതിയാണ് സ്വന്തം പേര് വെളിപ്പെടുത്താതെ ആദിമലയാള നോവല്‍ കര്‍ത്താവ് എന്ന് എഴുതിയതെന്ന് അവതാരികയില്‍ ഗ്രന്ഥകാരന് പറയുന്നുണ്ട്. പുസ്തകത്തിന് വിലയിട്ടിരുന്നില്ല. അതിനുമുണ്ട് വിശദീകരണം- എന്തെങ്കിലുമൊരു വിലയിട്ടാല്‍ അത്രയേ ഈ പുസ്തകത്തിന് യോഗ്യതയുള്ളു എന്ന് വായനക്കാര്‍ ധരിക്കുമെന്നും അതുകൊണ്ട് വായനക്കാര്‍ വല്ലതും സന്തോഷിച്ചുതന്നാല് അത് സ്വീകരിക്കുമെന്നും അതാണ് ഈ പ്രയത്നത്തിനുള്ള പ്രതിഫലമെന്നും സൂചിപ്പിച്ചുകൊണ്ടാണ് അവതാരിക അവസാനിപ്പിക്കുന്നത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ