• 10 Jun 2023
  • 04: 17 PM
Latest News arrow

എഴുത്തിലെ വേഷപ്പകര്‍ച്ചകള്‍

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ആകാശവാണി ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ എഞ്ചിനീയറായി ജോലി ചെയ്ത വിജയന്‍ മന്നോത്തിന്റെ 49 അനുഭവവക്കുറിപ്പുകളുടെ സമാഹാരമാണ് 'വേഷപ്പകര്‍ച്ചകള്‍'.23ാം വയസില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് 37 വര്‍ഷം നീണ്ട തന്റെ സംഭവ ബഹുലമായ ഔദ്യോഗിക ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ അപൂര്‍വ്വ വ്യക്തികളേയും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവങ്ങളേയും അത്യന്തം രസകരമായി അതേസമയം, സത്യസന്ധമായി അവതരിപ്പിക്കുന്ന പുസ്തകമാണിത്.

ഔദ്യോഗിക ജീവിതത്തിനോടൊപ്പം ലേഖകന്റെ ബാല്യകാലസ്മരണകളും കുടുംബ ജീവിതത്തിലെ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങളും ഈ കൃതിയില്‍ കടന്നുവരുന്നു. അതുകൊണ്ട് തന്നെ വേഷപ്പകര്‍ച്ചകള്‍ കേവലം ഒരു സര്‍വ്വീസ് സ്‌റ്റോറി എന്നതിലുപരി വിജയന്‍ മന്നോത്തിന്റെ ആത്മകഥ കൂടിയായി മാറുന്നു.പോയകാലത്തിലെ നിഷ്‌കളങ്കമായ ഗ്രാമജീവിതകാഴ്ച്ചകള്‍ ,പ്രത്യേകിച്ച് വൈദ്യുതി പോലും എത്തി നോക്കാത്ത അന്നത്തെ നാട്ടിന്‍ പുറത്തെ നാടകപ്രവര്‍ത്തനങ്ങളുടെ വിശേഷങ്ങള്‍ ഗൃഹാതുരത്വ ഭംഗിയോടെ ഈ പുസ്തകത്തില്‍ ആവിഷ്‌കരിക്കുന്നു.

അനുഭവമാണ് ഏറ്റവും വലിയ ഗുരുനാഥന്‍ എന്ന പാഠമാണ് ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കുന്നത്.നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന നമ്മുടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും ജീവിതരീതിയും സംസ്‌കാരവും ഭൂപ്രകൃതിയും ഒരു യാത്രാവിവരണഗ്രന്ഥത്തിലെന്നപോലെ  ആ പുസ്തകത്തില്‍ കടന്നു വരുന്നു.ഔദ്യോഗിക ജീവിതത്തില്‍ സത്യസന്ധതയോടെ  പ്രവര്‍ത്തിച്ചാല്‍ ആരുടെ മുമ്പിലും ഒരിക്കലും തല കുനിക്കേണ്ടി വരില്ല എന്ന സന്ദേശം നല്‍കുന്ന നിരവധി അനുഭവങ്ങള്‍ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നുണ്ട് .

മറുനാടന്‍ മലയാളികളുടെ കൂട്ടായ്മ ഫലപ്രദമായി സംഘടിപ്പിക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്കുള്ള മാര്‍ഗരേഖയായി ഈ പുസ്തകത്തിലെ ചില അദ്ധ്യായങ്ങളെ പ്രയോജനപ്പെടുത്താം.തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ചത് കൊണ്ടാകണം ലേഖകന്റെ ചില നിരീക്ഷണങ്ങള്‍ തത്വചിന്താപരവും ദാര്‍ശനിക മാനമുള്ളവയുമാണ്.വികാരനിര്‍ഭരമായ ഒട്ടേറെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഈ അനുഭവക്കുറിപ്പുകളിലുണ്ട്. സാങ്കല്‍പ്പിക കഥാപാത്രങ്ങളെപ്പോലും അതിശയിപ്പിക്കും വിധം പുസ്തകത്തില്‍ കടന്നു വരുന്ന പച്ച മനുഷ്യര്‍ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

മേലുദ്യോഗസ്ഥരുടെ 'ഈഗോകോംപ്ലക്‌സുകളും' അവയുടെ പ്രത്യാഘാതങ്ങളും ഔദ്യോഗിക ജീവിതത്തെ എത്രമാത്രം അരോചകമാക്കുന്നുവെന്ന് വിശകലനം ചെയ്യുന്നുണ്ട് ഈ കൃതി. അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ ഓഫീസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ഉള്ള വ്യത്യാസമില്ലാതെ  ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വായിച്ചിരിക്കേണ്ട പുസ്തകമാണ് വേഷപ്പകര്‍ച്ചകള്‍.
ആത്മാര്‍ത്ഥതയും ചുമതലാബോധവുമുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാത്രമല്ല വിജയന്‍ മന്നോത്തിലെ പ്രതിഭയുള്ള നാടകകലാകാരനേയും എഴുത്തുകാരനേയും വായനക്കാര്‍ ഈ പുസ്തകത്തിലെ ഓരോ വരിയിലും ദര്‍ശിക്കുന്നു.കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവും ഫലിതവും അനുഭവങ്ങളുടെ ആഖ്യാന ശൈലിയെ ആകര്‍ഷകമാക്കുന്നു. ഒപ്പം ചിത്രകാരന്‍ കൂടിയായ ലേഖകന്റെ രേഖാചിത്രങ്ങള്‍ പുസ്തകത്തിന് പ്രത്യേക ഭംഗി നല്‍കുന്നു.ഒരു നോവലിന്റെ വായനാസുഖം പ്രദാനം ചെയ്യുന്ന കൃതിയാണ് വിജയന്റെ വേഷപ്പകര്‍ച്ചകള്‍.
കോഴിക്കോട്ടെ ലിപി പബ്ലിക്കേഷന്‍സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.