'വ്യാജ' ബിരുദക്കാര്ക്കെതിരെ കടുത്ത നടപടിയുമായി സൗദി

ജിദ്ദ: വ്യാജ ബിരുദവുമായി തൊഴില്‍ നേടിയവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സൗദി തയ്യാറെടുക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റുകള്‍ക്കെതിരെയും നടപടിയുണ്ടാകും. വിദ്യാഭ്യാസ രേഖ വ്യാജമായുണ്ടാക്കിയതായി കണ്ടെത്തിയാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തിയെയും സ്ഥാപനത്തെയും കരിമ്പട്ടികയില്‍ പെടുത്തി നിയമ നടപടിക്ക് വിധേയമാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഇയിടെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജന്മാരെ കണ്ടെത്താന്‍ വ്യാപക പരിശോധന ഉടന്‍ ഉണ്ടാകും.
പ്രശസ്തമായ സര്‍വകലാശാലകളുടെ പേരില്‍ വ്യാജ ബിരുദ, ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധി പേര് ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കിയതായി വിദ്യഭ്യാസ മന്ത്രാലയവും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. സ്വദേശികളും വിദേശികളും ഒരുപോലെ ഇതില്‍ ഉള്‍പ്പെടും.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മൊഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മരോല് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജയിലിടക്കും. ഇവരില്‍ നിന്നും നിയമ പ്രകാരമുള്ള പിഴ ഈടാക്കും. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വില്‍പ്പന, ഉപയോഗ കേസുകളില്‍ ഉള്‍പ്പെട്ടെ വിദേശികളെ ജയില്‍ ശിക്ഷക്കു ശേഷം നാടുകടത്തും. അവര്‍ക്ക് പിന്നെ രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്നും അല്മരോല് വ്യക്തമാക്കി.
ഈയിടെ 70 സൗദി ഉദ്യോഗാര്‍ത്ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലയുടെ വ്യാജ ഡിപ്ലോമ വാങ്ങിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം അടിയന്തിര അന്വേഷണം നടത്തിയിരുന്നു. മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ സ്വദേശികളും വിദേശികളുമായി നിരവധി ഉദ്യോഗാര്‍ത്ഥികള്‍ നിയമ വിരുദ്ധ ഏജന്റുമാരില്‍നിന്നും വ്യാജ ബിരുദ, ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,000 മോ 15,000 സൗദി റിയാല്‍ നല്കിയാല് ഏതൊരാള്‍ക്കും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ലോക പ്രശസ്തമായ സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റ് വരെ ഉണ്ടാക്കി നല്കുന്ന റാക്കറ്റ് രാജ്യത്തെ ചില പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിനു ലഭിച്ച വിവരം.
വ്യാജ ഡിഗ്രിയുമായി രാജ്യത്ത് 30,000 എന്ജീനിയര്മാര് ഉണ്ടെന്നാണ് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിന്റെ കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗവും വിദേശികളാണ്. ഇതേതുടര്‍ന്ന് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത എന്ജിനീയര്മാരെയല്ലാതെ ജോലിക്കുവെക്കരുതെന്ന് പൊതു-സ്വകാര്യ മേഖലകളോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിലവില്‍ സൗദികളും വിദേശികളുമായ 13,231 എന്‍ജിനീയര്‍മാരാണ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് റാക്കറ്റ് തലവനായ വിദേശിയെ ഈയിടെ റിയാദില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം 1.30 കോടി റിയാല്‍ ഇയാള്‍ സമ്പാദിച്ചതായാണ് കണ്ടെത്തിയത്. ഇയാളുടെ കേന്ദ്രത്തില്‍നിന്ന് വിവിധ സര്‍വ കലാശാല വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, സീലുകള്‍ എന്നിവ കണ്ടെടുത്തിരുന്നു.
റിയാദിലെ ബത്ത, സൊമൈസി, ഹാര ജില്ലകള്‍, ജിദ്ദയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയവ വ്യാജ സര്‍ട്ടിഫിക്കറ്റിന് കുപ്രസിദ്ധിയാര്ജിച്ചതാണെന്ന് വിദ്യാഭ്യാസ കണ്സള്ട്ടന്റ്മാരും അധികൃതര്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ആയിരകണക്കിന് പേര് ജോലി ചെയ്യുന്നതായും വെളിപ്പെട്ടിട്ടുണ്ട്.
2013 ല്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റു ബന്ധപ്പെട്ട ഏജന്‍സികളും നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി തൊഴില്‍ നേടിയ 620 ജീവനക്കാരെ പിടികൂടിയിരുന്നു. ഇതില്‍ 234 പേരുടെ ഡോക്ടറേറ്റും 230 ബിരുദാനന്തര ബിരുദവും 56 ബിരുദവും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ