• 04 Oct 2023
  • 07: 26 PM
Latest News arrow

ഐഎസ്എല്ലില്‍ അറ്റ്‌ലറ്റികോ ഡീ കൊല്‍ക്കത്തക്ക് ആദ്യ ജയം

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്റെ ഉദ്ഘാടനപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അറ്റ്‌ലറ്റികോ ഡീ കൊല്‍ക്കത്തക്കു തകര്‍പ്പന്‍ ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്.

ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ സ്വന്തം കാണികളുടെ പിന്തുണ കളിയില്‍ ചെന്നൈയ്ക്ക് ഗുണം ചെയ്തില്ല. കൊല്‍ക്കത്തയുടെ മാര്‍ക്വീ താരം ഹെല്‍ടര്‍ പോസ്റ്റിഗ ഇരട്ട പ്രഹരവുമായി കളം നിറഞ്ഞപ്പോള്‍ പകരക്കാരനായെത്തി നിമിഷങ്ങള്‍ക്കകം വിജയം നിര്‍ണയിച്ച മനോഹരമായൊരു ഗോളിന് അര്‍ഹനായത് സ്പാനിഷ് താരം വാല്‍ദോ. ചെന്നൈയിന്റെ ആദ്യ ഗോള്‍ നേടി ജെജെ ലാല്‍പെഖ്‌ലുവ രണ്ടാം സീസണിലെ ആദ്യ ഇന്ത്യന്‍ ഗോള്‍ സ്‌കോറര്‍ കൂടിയായി. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററും ചെന്നൈയിന്‍ മാര്‍ക്വീ താരവും ക്യാപ്റ്റനുമായ എലാനോ ബ്‌ളൂമറിന്റെ വകയായിരുന്നു ആതിഥേയരുടെ രണ്ടാം ഗോള്‍.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് എഫ്‌സി ഗോവയെ നേരിടും.