അനധികൃത താമസക്കാര്‍ക്കെതിരെ കുവൈത്ത് റെഡയ്ഡിന് ഒരുങ്ങുന്നു

മനാമ: അനധികൃത താമസക്കാര്‍ക്കെതിരെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡിന് കുവൈത്ത് തയ്യാറെടുക്കുന്നു. 25,000 ത്തോളം ഇന്ത്യക്കാരടക്കം ഒരു ലക്ഷത്തിലധികം വിദേശികള്‍ കുവൈത്തില്‍ താമസ നിയമം ലംഘിച്ച് കഴിയുന്നുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ആഭ്യന്തര മന്ത്രാലയം, സാമൂഹ്യ-തൊഴില്‍ മന്ത്രാലയം, മുനിസിപ്പല്‍ മന്ത്രാലയം തുടങ്ങിയവ സംയുക്തമായാകും ഓപ്പറേഷന്‍. പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും തൊഴില്‍ വിഭാഗം ഉദ്യോഗസ്ഥരും ഓപ്പറേഷന് നേതൃത്വം നല്‍കും. അനധികൃത താമസക്കാര്‍ കഴിയുന്ന മേഖലകളെപ്പറ്റി ആഭ്യന്തര മന്ത്രാലയം വിവരം ശേഖരിച്ചിട്ടുണ്ട്.
മാസങ്ങളായി അനധികൃത താമസക്കാര്‍ ഒളിച്ചു കഴിയുകയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് മാസെന്‍ അല്‍ജറ അറിയിച്ചു. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ കര്‍ശന നിയമ നടപടി നേരിടേണ്ടിവരും. ഇത്തരം തൊഴിലാളികളുടെ താമസം നിയമ വിധേയമാക്കാന്‍ അഭയം നല്‍കുന്നവര്‍ അവരെ കൈമാറണമെന്നും അദ്ദേഹം അറിയിച്ചു. തെരച്ചില്‍ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഷെയ്ഖ് മാസെന്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ പ്രവാസി സമൂഹത്തില്‍ നിന്നുള്ളവരും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട താമസ നിയമം ലംഘകരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അനധികൃത താമസക്കാര്‍ ബംഗ്ലാദേശികളാണ് 20,000. ശ്രീലങ്ക 15,000, ഈജിപ്ത് 7,000, ഫിലിപ്പൈന്‍സ് 6,700, സിറിയ5,200, പാക്കിസ്ഥാന്‍ 2,500, ഇറാഖ് 1,500, ഇറാന്‍ 750 എന്നിങ്ങനെ യാണ് മറ്റു രാജ്യക്കാരുടെ എണ്ണം.
ഏതാണ്ട് 34 ലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 23 ലക്ഷത്തോളമാണ് വിദേശികള്‍. ഇതില്‍ ഏഴു ലക്ഷത്തോളവും ഇന്ത്യക്കാരാണ്.
അനധികൃത താമസക്കാര്‍ക്കെതിരെ 2013 മുതല്‍ നാടുകടത്തലടക്കം കടുത്ത നടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. താമസ, ഗതാഗത നിയമ ലംഘനത്തിന്റെ പേരില്‍ 2013 ല്‍ മാത്രം 15,000 ത്തോളം വിദേശികളെ കുവൈത്ത് നാടുകടത്തി. ആ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടന്ന റെയ്ഡ് കുവൈത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു. റെയ്ഡ് കര്‍ശനമാക്കിയതോടെ ജയിലുകളും ഡീപ്പോര്‍ട്ടേഷന്‍ സെന്ററുകളും നിറഞ്ഞു കവിഞ്ഞിരുന്നു. തെരുവുകളിലും റോഡുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും എല്ലാം രാത്രിയെന്നോ പകലെന്നോയില്ലാതെ പരിശോധനയും നടപടിയും അരങ്ങേറി. മലയാളികള്‍ ഉള്‍പ്പെടെ 3,000 ലധികം ഇന്ത്യക്കാരാണ് നാടുകടത്തലിന് വിധേയമായത്. എന്നാല്‍, അതിലും വലിയ ഓപ്പറേഷനാണ് ഇത്തവണ അധികൃതര്‍ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആവശ്യമായ രേഖകളില്ലാത്ത 8,000 പ്രവാസികളെയും കുവൈത്ത് നാടുകടത്തിയിട്ടുണ്ട്.