• 10 Jun 2023
  • 04: 28 PM
Latest News arrow

ജയ്പുര്‍ സാഹിത്യോത്സവത്തിന് തുടക്കമായി

ജയ്പുര്‍:    ഡിഗ്ഗി പാലസിലെ ആറ് വേദികളിലായി നടക്കുന്ന ജയ്പുര്‍ സാഹിത്യോത്സവത്തിന് ബുധനാഴ്ച തുടക്കമാവും.സാഹിത്യോത്സവത്തില്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലെയും വിദേശ ഭാഷകളിലെയും പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും.  

ദീര്‍ഘമായ പ്രസംഗങ്ങളില്‍നിന്ന് മാറി ലഘുഭാഷണങ്ങളും ചര്‍ച്ചകളുമായി ക്രമപ്പെടുത്തിയ പരിപാടികളിലെ പ്രധാന ആകര്‍ഷണം നൊബേല്‍ സമ്മാന ജേതാവായ വി.എസ്. നയ്പാളിന്റെ സാന്നിധ്യമാണ്.   'എഴുത്തുകാരനും ലോകവും' എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തും. 
നയ്പാളിന് പുറമെ, കവി കേദാര്‍ നാഥ് സിങ്, നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാട്, ലോകപ്രശസ്ത യാത്ര എഴുത്തുകാരനായ പോള്‍ തെറൂ, കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍, 
ചേതന്‍ ഭഗത്, അമീഷ് തൃപാഠി, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം, ഹനീഫ് ഖുറേഷി, ജീത് തയ്യില്‍, ശശി തരൂര്‍, ജോണ്‍ എലിയട്ട്, വാല്‍മീക് താപ്പര്‍, സുധ മൂര്‍ത്തി, നയന്‍താര സെഹ്ഗാള്‍, രാം ജേഠ്മലാനി തുടങ്ങിയവരും പങ്കെടുക്കും.

 'സാഹിത്യം ഇന്ത്യന്‍ സിനിമയില്‍' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും  'ആന്‍ഡ് ദന്‍ വണ്‍ഡേ' എന്ന ആത്മകഥയുമായി നടന്‍ നസിറുദ്ദീന്‍ ഷാ യും ആത്മകഥയുമായി നടി വഹീദാ റഹ്മാനും വിശാല്‍ ഭരദ്വാജും വേദിയില്‍ വരും. ശോഭാ ഡേ, ഫെയ്‌സ് അഹമ്മദ് ഫെയ്‌സ്, കൈഫി ആസ്മി എന്നീ കവികളെക്കുറിച്ച് സംസാരിക്കുന്നത് നടി ശബാന ആസ്മിയാണ്. ഇന്ത്യന്‍ ശാസ്ത്രത്തെക്കുറിച്ചാണ് ശശി തരൂര്‍ ചര്‍ച്ചചെയ്യുക. മലയാള സാഹിത്യത്തില്‍നിന്ന് ഇത്തവണ ആരും ജയ്പുര്‍ സാഹിത്യോത്സവത്തിന് എത്തുന്നില്ല.