യുഎഇ സന്ദര്‍ശക വിസ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പദ്ധതി

ദുബായ്: ഇന്ത്യക്കാര്‍ക്ക് യുഎഇ സന്ദര്‍ശക വിസ ഓണ്‍ ലൈന്‍ വഴി ലഭ്യമാക്കുന്ന സൗകര്യം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഒരുക്കുന്നു. മാര്‍ച്ച് 31 ന് ഈ സൗകര്യം നിലവില്‍ വരും. കടുത്ത മത്സരം നേരിടുന്ന ഇന്ത്യയുഎഇ സെക്ടറില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ബിസിനസ് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
ദുബായിലുള്ള ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ നാട്ടില്‍ നിന്നു കൊണ്ടുവരുന്നതിന് പുതിയ സൗകര്യം എളുപ്പമാക്കും. കൂടാതെ ദുബായ്, അബുദബി എന്നിവടങ്ങളില്‍ അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കും എക്‌സ്പ്രസ് മുഖേന സന്ദര്‍ശക വിസ ലഭ്യമാകും. യുഎഇയിലെ ബിസിനസ് പാര്‍ട്ണറായ അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ചാണ് ഈ സൗകര്യം ലഭ്യമാക്കുകയെന്ന് എയര്‍ ലൈന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കോപ്പറേറ്റീവ് നിരക്കാണ് ഈടാക്കുക. എക്‌സ്പ്രസില്‍ നിന്നും ടിക്കറ്റും മറ്റു ഏജന്‍സിയില്‍നിന്ന് വിസയും എടുക്കുന്നവരേക്കാര്‍ കുറഞ്ഞ നിരക്ക് ഇതു രണ്ടും എക്‌സ്പ്രസില്‍നിന്ന് ഒരുമിച്ചെടുക്കുന്നവര്‍ക്ക് ലഭിക്കുമെന്നും അവര്‍ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ ബജറ്റ് കാരിയറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആദ്യമായാണ് ഈ സൗകര്യം ഒരുക്കുന്നത്. യുഎഇ ഇന്ത്യ സെക്ടറില്‍ വിദേശ എയര്‍ലൈനുകളില്‍നിന്നും കടുത്ത മത്സരമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരിടുന്നത്. പ്രത്യേകിച്ചും എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വന്‍കിട വിമാന കമ്പനികളില്‍നിന്നും. യാത്രാ നിരക്കിലുള്ള വര്‍ധയും സൗകര്യങ്ങളിലെ കുറവും സര്‍വീസിലെ നിരുത്തരവാദിത്വവും കാരണം യാത്രക്കാര്‍ വിദേശ എയര്‍ ലൈന്‍സുകളിലേക്ക് ചേക്കേറുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വ്വീസ് വൈദഗ്ദ്യവത്ക്കരിച്ച് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് യുഎഇ ഓണ്‍ലൈന്‍ വിസിറ്റ് വിസ സൗകര്യം ഏര്‍പ്പെടുത്തുന്നത്. സമീപ ഭാവിയില്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലേക്കും ഓണ്‍ലൈന്‍ സന്ദര്‍ശക വിസ ഒരുക്കുന്നത് എക്‌സ്പ്രസ് പരിഗണനയിലാണ്്.
തിരഞ്ഞെടുത്ത സെക്ടറുകളില്‍ ബാഗേജ് പരിധി 20 കിലോയില്‍ നിന്ന് 30 കിലോയാക്കി വര്‍ധിപ്പിച്ചതായും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഹാന്‍ഡ് ബാഗേജ് അടക്കം 37 കിലോ വരെ ഇപ്പോള്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാം. മാര്‍ച്ച് 11 വരെ ഈ ആനുകൂല്യം ലഭ്യമാകും. 10 കിലോയുടെ അധിക ലഗേജിന് ഇതിനകം പണം മുടക്കിയിട്ടുള്ളവര്‍ക്ക് 30 കിലോയും അധികമായി 10 കിലോയും കൊണ്ടുപോകാം. നേരത്തേ അധിക പണമടച്ചാല്‍ മാത്രമേ 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നുള്ളൂ.