• 22 Sep 2023
  • 03: 16 AM
Latest News arrow

ഐപിഎല്‍ ഒത്തുകളി: മാധ്യമ റിപ്പോര്‍ട്ടിനെതിരെ പൊട്ടിത്തെറിച്ച് പ്രീതി സിന്റ

ന്യൂഡല്‍ഹി: ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന മാധ്യമവാര്‍ത്തക്കെതിരെ ആഞ്ഞടിച്ച് ടീം ഉടമ പ്രീതി സിന്റ. കിംഗ്‌സ് ഇലവന്‍ ടീമിലെ ചില കളിക്കാര്‍ക്ക് ഐപിഎല്‍ വാതുവെപ്പുമായി ബന്ധമുണ്ടെന്ന് പ്രീതി സിന്റ ബിസിസിഐയോട് വെളിപ്പെടുത്തിയെന്നായിരുന്നു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.
സത്യം എന്താണ് എന്ന് പോലും അന്വേഷിക്കാതെ അസംബന്ധം പ്രചരിപ്പിക്കുകയാണ് പത്രങ്ങള്‍ എന്നാണ് പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചത്.
ഈ മാസം എട്ടിന് നടന്ന ബിസിസിഐ യോഗത്തില്‍ ഇക്കാര്യം പ്രീതി സിന്റ അറിയിച്ചതെന്നും നേരത്തെ തന്നെ തനിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്ന് പ്രീതി സിന്റ പറഞ്ഞതായാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ ടീമുള്‍പ്പെടുന്ന ചില മല്‍സരങ്ങളും വാതുവയ്പ്പ് അനുസരിച്ചായിരുന്നോയെന്ന സംശയവും പ്രീതി സിന്റയ്ക്ക് പലതവണയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംശയം തോന്നിയ താരങ്ങളെ ചില മല്‍സരങ്ങളില്‍ നിന്ന് ഒഴിവാക്കുകയും അവരെ ലേലത്തിനു വയ്ക്കുകയും ചെയ്‌തെന്നും സിന്റ പറഞ്ഞുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, ബിസിസിഐ ട്രഷറര്‍ അനിരുദ്ധ ചൗധരി, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.