ഗാനങ്ങളിലൂടെ മോഹന്‍ലാല്‍

തിരശ്ശീലയിലെ മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തെ, ലാല്‍ അഭിനയിച്ച സിനിമകളിലെ പാട്ടുകളിലൂടെ അടയാളപ്പെടുത്തുന്ന സംഗീത പരിപാടി 'ലാലിസം ദി ലാല്‍ ഇഫക്ടി'ന്റെ പ്രചാരണഗാനം പുറത്തിറങ്ങി.
മോഹന്‍ലാല്‍ തന്നെയാണ് പ്രചാരണഗാനം പാടിയിരിക്കുന്നത്.ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എഴുതിയ നാല് മിനിട്ടിനടുത്ത് ദൈര്‍ഘ്യമുള്ള പ്രചാരണ ഗാനം ദൃശ്യവത്കരിച്ചത് സംവിധായകന് പ്രിയദര്‍ശനാണ്. ദേശീയ ഗെയിംസിനൊപ്പം സംഘടിപ്പിക്കുന്ന ഈ പരിപാടി ഇന്ത്യന്‍ സിനിമാ സംഗീതത്തിനുള്ള ശ്രദ്ധാഞ്ജലിയായി 'ലാലിസം ഇന്ത്യ സിങ്ങിങ്' എന്ന പേരില്‍ ജനുവരി 31ന് തിരുവനന്തപുരത്ത് നടക്കും.
മോഹന്‍ലാല്‍ അഭിനയിച്ച ഗാനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ ആദ്യ ശബ്ദചിത്രം 'ആലം ആര' മുതല്‍ 1980 കാലഘട്ടം വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ വരെ കോര്‍ത്തിണക്കിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ഒരു മണിക്കൂറോളം നീളുന്ന ലാലിസം അരങ്ങേറുക.
രതീഷ് വേഗ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന പരിപാടിയില്‍ കാര്‍ത്തിക്, അല്‍ക്ക യാഗ്നിക്, സുജാത ഹരിഹരന്, ഉദിത് നാരായണ്‍, എം.ജി. ശ്രീകുമാര്‍ എന്നിവര്‍ ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെ സിനിമാഗാനങ്ങള്‍ ആലപിക്കും.