• 10 Jun 2023
  • 04: 43 PM
Latest News arrow

കുവൈത്ത് വിദേശികളുടെ എണ്ണം പരിമിതപ്പെടുത്തുന്നു

മനാമ: വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നീക്കവുമായി കുവൈത്ത് മുന്നോട്ട്. 2022 ഓടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം 10 ലക്ഷമാക്കി ചുരുക്കികൊണ്ടുവരാനുള്ള പദ്ധതിക്കാണ് സാമൂഹ്യ, തൊഴില്‍ മന്ത്രാലയം തുടക്കമിട്ടത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ജനസംഖ്യാ ഘടന പരിഷ്‌കരിക്കാനുള്ള പദ്ധതിയാരംഭിച്ചതെന്ന് സാമൂഹ്യ, തൊഴില്‍ കാര്യ മന്ത്രി ഹിന്ദ് അല്‍ സുബാഹി വിശദീകരിച്ചു.
ഓരോ രാജ്യക്കാരായ പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിക്കുന്നതിനായി രാജ്യത്തിന്റെ ജനസംഖ്യാ ഘടന സംബന്ധിച്ച് കരട് ബില്ല് തയ്യാറാക്കാന്‍ മന്ത്രി ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചന നടത്തുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി കുവൈത്ത് ഒപ്പുവെച്ച അന്താരാഷ്ട്ര ഉടമ്പടികള്‍ കാരണമാണ് ഈ കരട് നിയമം വൈകുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
12.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഏതാണ്ട് 30 ലക്ഷമാണ് വിദേശികള്‍. രാജ്യത്തെ ജനസംഖ്യാ സന്തുലനം നിലനിര്‍ത്താന്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അടുത്ത ഏഴുവര്‍ഷം കൊണ്ട് പ്രവാസികളുടെ എണ്ണം 10 ലക്ഷമാക്കി ചുരുക്കാന്‍ ക്വാട്ടാ സിസ്റ്റം അടക്കം വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
സ്വകാര്യ മേഖലക്ക് ആവശ്യമായതിലധികം വിദേശികള്‍ രാജ്യത്തുണ്ടെന്നാണ് മന്ത്രാലയം കണ്ടെത്തല്‍. അതുപോലെ ബാച്ചിലര്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുമുണ്ട്. ചില തൊഴില്‍ മേഖലകളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച പാശ്ചാത്തലത്തിലാണ് ക്വാട്ട സമ്പ്രദായം കൊണ്ടുവരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ മേഖലകള്‍ പ്രവാസികള്‍ കുത്തകയാക്കിവെക്കുന്നത് അവസാനിപ്പിച്ച് സ്വദേശികള്‍ക്ക് അവസരം നല്‍കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ക്വാട്ട സമ്പ്രദായം പ്രവാസി തൊഴിലാളികളുടെ വരവ് ക്രമീകരിക്കും. കുവൈത്തികള്‍ കുറഞ്ഞ മേഖലകളില്‍ വൈദഗ്ധ്യം ലഭിച്ച വിദേശികളെ മാത്രം റിക്രൂട്ട് ചെയ്യാനും ഇതുപകരിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ താല്‍പ്പര്യവും അതേസമയം, വിദേശ തൊഴിലാളികളുടെ അവസ്ഥയും അനുഭാവപൂര്‍വം പരിഗണിച്ചുമാണ് പദ്ധതികള്‍ നടപ്പാക്കുകയെന്ന് മന്ത്രാലയം അറിയിച്ചു.
നിലവില്‍ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഏഴരലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തിലുണ്ട്.  ഈജിപ്താണ് രണ്ടാം സ്ഥാനത്ത് 5,20,000. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഫിലിപ്പെന്‍സ്, സിറിയ എന്നീ രാജ്യക്കാരും പിന്നിലായുണ്ട്.
ഓരോ വിദേശ രാജ്യക്കാരുടെയും എണ്ണം കുവൈത്ത് ജനസംഖ്യയുടെ പത്തു ശതമാനമായി കുറക്കാനുള്ള പദ്ധതി കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റും ക്യാബിനറ്റും തള്ളിയിരുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ പാര്‍ലമെന്റ്  നിയമ നിര്‍മ്മാണ സമിതിയുടെ അംഗീകാരം ലഭിച്ച കരട് ബില്ലായിരുന്നു ഇത്. വിദേശികളുടെ താമസം അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്താനും വിദേശികള്‍ കുടുംബത്തെ കൊണ്ടുവരുന്നത് വിലക്കാനുമുള്ള കരട് നിര്‍ദേശവും ഇതോടൊപ്പമുണ്ടായിരുന്നു. ഇതും തള്ളപ്പെട്ടു. പ്രവാസികളുടെ താമസം അഞ്ചോ പത്തോ വര്‍ഷമായി പരിമിതപ്പെടുത്താനുള്ള പദ്ധതിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുള്ള വിസ കച്ചവടം ഇതു വര്‍ധിപ്പിക്കുമെന്നതിനാലാണത്. കൂടാതെ, താമസത്തിന് പരിധി നിശ്ചയിക്കുന്നത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) ഉച്ചകോടി നേരത്തെ തള്ളിയതുമാണ്.