ബ്ലാറ്റര്‍ക്ക് ആര് മണി കെട്ടും?

വരുന്ന മേയില്‍ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും പ്രബലമായ സ്പോര്‍ട്സ് സംഘടനയായ ഫിഫയുടെ പ്രസിഡന്റായി 78കാരനായ സെപ്പ് ബ്ലാറ്റര്‍ തുടരും. അഞ്ചാം തവണയും പ്രസിഡന്റാവാന്‍ ഒരുങ്ങുന്ന ഈ സ്വിറ്റസര്ലണ്ടുകാരന് തന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് പറയുന്നു. ഫുട്ബോളിലെ തന്റെ ദൗത്യം ഒരിക്കലും പൂര്‍ത്തിയാവില്ലെന്നും കാല്പനിക കാവ്യ ഭാഷയില്‍ ബ്ലാറ്റര്‍ പറയുണ്ടായി. 1998 മുതല്‍ പ്രസിഡന്റാണ് ബ്ലാറ്റര്‍. 1975 ടെക്നിക്കല്‍ ഡയറക്ടറായി ഫിഫയില്‍ എത്തപ്പെട്ട ബ്ലാറ്റര്‍ 1981 മുതല്‍ 98 വരെ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ബ്ലാറ്റര്‍, സ്വിസ് ആണെങ്കിലും മരിച്ചാല്‍ മാത്രം ഭരണാധികാരികള്‍ സ്ഥാനമൊഴിയുന്ന കിഴക്കിന്റെ ഏകാധിപത്യ സംവിധാനത്തോടാണ് ഫിഫയ്ക്ക് കൂടുതല്‍ സാമ്യം. 2022ലെ ലോകകപ്പ് ഖത്തറിന് അനുവദിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വേണ്ടത്ര സുതാര്യതയില്ല ഫിഫയുടെ പ്രവര്‍ത്തനത്തിന് എന്ന ആരോപണവും ശക്തമാണ്. 2018ലെ ലോകകപ്പ് റഷ്യക്ക് അനുവദിച്ചതിനെയും രാഷ്ട്രീയ കാരണങ്ങളാല്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍ക്കുന്നു. ചൂടാണ് ഖത്തറിന്റെ പ്രശ്നം. ഇവിടെയും ബഹിഷ്കരണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. രണ്ടിടത്തും ബഹിഷ്ക്കരണമുണ്ടാവില്ലെന്നാണ് ബ്ലാറ്ററുടെ ഉറച്ച വിശ്വാസം.
അമേരിക്കന്‍ പ്രസിഡന്റിന്, അത് ജോര്‍ജ് വാഷിംഗ്ടണായാലും എബ്രഹാം ലിങ്കണായാലും, രണ്ട് ഊഴത്തിനേ അര്‍ഹതയുള്ളൂ. അദ്ദേഹത്തിന്റെ സേവനമൊന്നും അവിടെ മൂന്നാമത് പരിഗണിക്കില്ല. രണ്ട് ഊഴം കഴിഞ്ഞാല്‍ പിന്നെ വീട്ടിലിരിക്കാം. ഇന്ത്യയില്‍ സാധാരണക്കാരില്‍ സാധാരണക്കാരായവരായവര് എതിരായി വോട്ടു കുത്തിയാല്‍ ഇന്ദിരാഗാന്ധിയും പുറത്താവും. ഏകകക്ഷി ഭരണമുള്ള ചൈന പോലും സംഘര്ഷമൊഴിവാക്കിക്കൊണ്ടുള്ള അധികാരക്കൈമാറ്റത്തിന് വഴി കണ്ടെത്തിയിട്ടുണ്ട്. 10 വര്‍ഷം കൂടുമ്പോള്‍ അധികാര സ്ഥാനത്തുള്ള ആള് മാറണം എന്ന ധാരണയനുസരിച്ചാണ് അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അങ്ങനെ സെക്രട്ടറിയും പ്രസിഡന്റുമായി ഹു ജിന്താവോ പോയി ഷീ ജിന്‍പിംഗ് വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറന്തള്ളിയ റഷ്യയില്‍ പുടിന് ഇടയ്ക്ക് പ്രധാനമന്ത്രിയാവും, ശേഷിച്ച സമയം പ്രസിഡന്റും. ഭരണാധികാരിയെ മാറ്റാന്‍ അവിടെ ലെറ്റര്‍ഹെഡ് മാറ്റിയാല്‍ മാത്രം മതി. ഫിഫയില്‍ അതുമില്ല. ഫിഫയിലെ 209 അംഗങ്ങള്‍ക്ക് തീര്‍ച്ചയായും ബ്ലാറ്ററെ വോട്ടു ചെയ്ത് പുറത്താക്കാന്‍ അവസരമുണ്ട്. ശരിയാണ്, അങ്ങനെയൊരു അവകാശം അവര്‍ക്കുണ്ട്. പിന്നെ, ബ്ലാറ്റര്‍ മോശക്കാരനാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ വോട്ടു ചെയ്ത് പുറത്താക്കുന്നില്ല എന്ന് ചോദിക്കാം. അംഗരാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് പലവിധ ആനുകൂല്യങ്ങളും വെച്ചുനീട്ടുന്നു ഫിഫ എന്ന് അനുമാനിക്കാവുന്നതേയുള്ളൂ. മാത്രമല്ല ഈ അംഗരാജ്യാധിപന്മാര് തന്നെ തങ്ങളുടെ രാജ്യത്ത് ഫുട്ബോള്‍ സംഘടനയിലെ ഏകാധിപതികളുമായിരിക്കും, അല്ലെങ്കില്‍ ചെറുതരം ബ്ലാറ്റര്മാരായിരിക്കും അവര്‍. ഇന്ദിരാഗാന്ധിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ആവുമെങ്കിലും എന്‍ ശ്രീനിവാസനയോ കെ എംഐ മേത്തറെയോ തോല്‍പ്പിക്കുക വിഷമമാവുന്നത് അതു കൊണ്ടാണ്. വോട്ടുകള്‍ എങ്ങനെ ഉറപ്പിക്കണമെന്ന് അവര്‍ക്കറിയാം. സ്പോര്‍ട്സ് സംഘടനകളില്‍ ജനാധിപത്യവും സുതാര്യതയും ഉറപ്പാക്കണമെങ്കില്‍ അധികാരസ്ഥാനങ്ങള്ക്ക്് കാലപരിധി നിശ്ചയിക്കുകയേ വഴിയുള്ളൂ. അപ്പോഴും ഒരു ബിനാമി വരാന്‍ സാധ്യതയില്ലെന്നില്ല, ലാലുപ്രസാദിന് പകരം റാബ്രീ ദേവിയോ നിതീഷ് കുമാറിന് പകരം ജിതന്‍ റാം മഞ്ചിയോ വന്നേക്കാം. സ്ഥിരം സെക്രട്ടേറിയേറ്റോടെ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അധികാരസ്ഥാനത്ത് ഒരാള്‍ പോയി മറ്റൊരാള്‍ വരുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് മാത്രമല്ല ഒരു ശൈലീ മാറ്റത്തിന് അത് നല്ലതാണ് താനും. പുതിയ ആള് പുതിയ ആശയങ്ങള്‍ കൊണ്ടു വന്നേക്കാം.
ഇത്തവണ ബ്ലാറ്ററോട് മത്സരിക്കാന്‍ ഏതാനും പേര് രംഗത്തുണ്ട്. അതില്‍ രണ്ടുപേര്‍ ഫ്രഞ്ചുകാരാണ്. മത്സരിക്കാന്‍ യോഗ്യതയുള്ള മൂന്നാമത്തെ ഫ്രഞ്ചുകാരന് പക്ഷെ മത്സരിക്കാനില്ല. യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ, യുവേഫയുടെ പ്രസിഡന്റ് ഫ്രഞ്ചുകാരനായ മിഷല്‍ പ്ലറ്റീനി താന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചുണ്ട്. പകരം യുവേഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മാര്‍ച്ചില്‍ വീണ്ടും മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
മത്സരിക്കാന്‍ തയ്യാറായിട്ടുള്ള രണ്ട് ഫ്രഞ്ചുകാര്‍, 47കാരനായ മുന്‍ ഫുട്ബോള്‍ താരം ഡേവിഡ് ജിനോലയും 56കാരനായ മുന്‍ നയതന്ത്ര കാര്യഞ്ജന് ജെറോം ഷാംപെയ്നുമാണ്. ഇംഗ്ലീഷ് ടീമുകളായ ടോട്ടനമിനും ന്യൂകാസിലിനും കളിച്ചിട്ടുള്ള ആളാണ് ജിനോല. 1999ല്‍ ഫിഫയില്‍ ചേര്‍ന്ന ഷാംപെയ്ന്‍ 11 വര്‍ഷം ഫിഫയുടെ എക്സിക്യൂട്ടീവായിരുന്നു.
ജിനോലയുടെ സ്ഥാനാര്‍ഥിത്വം ഗൗരവമുള്ളതാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ഥി ചുരുങ്ങിയത് അഞ്ച് അംഗ രാജ്യങ്ങളുടെ പിന്തുണ മുന്‍കൂറായി നേടിയിരിക്കണം. മാത്രമല്ല കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രണ്ടു വര്‍ഷം ഫുട്ബോളില്‍ സക്രിയമായ ഇടപെടല്‍ നടത്തിയിരിക്കുകയും വേണം. ജിനോലയെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നത് വാതുവെപ്പ് സ്ഥാപനമായ പാഡി പവര്‍ ആണെന്നാണ് ഒരു സവിശേഷത. ഇത്തരത്തില്‍ ചില പ്രവര്‍ത്തനങ്ങളിലൂടെ നേരെ ശ്രദ്ധ പിടിച്ചെടുത്തിട്ടുള്ളവരാണ് പാഡി പവര്‍. മത്സരിക്കുന്നതിന് അവര്‍ ജിനോലയ്ക്ക് രണ്ടര ലക്ഷം പൗണ്ട് (ഏതാണ്ട് 2.32 കോടി രൂപ) നല്‍കും. ജിനോല, പിന്തുണയെന്ന ആദ്യകടമ്പ കടന്നില്ലെങ്കില്‍ പോലും അദ്ദേഹത്തിന് ഈ തുക ലഭിക്കും. തിരഞ്ഞെടുപ്പ് ചെലവിന് അവര്‍ ഓണ്‍ലൈന്‍ വഴി ഫണ്ട് ശേഖരണവും തുടങ്ങിയിട്ടുണ്ട്. 23 ലക്ഷം പൗണ്ട് (21.39 കോടി രൂപ) സ്വരൂപിക്കുകയാണ് ലക്ഷ്യം. ഫണ്ട് 10 ലക്ഷം പൗണ്ടിനപ്പുറം പോയാല്‍ അതിന്റെ 10 ശതമാനം ജിനോലയ്ക്ക് നല്‍കും. പാഡിപവര് ഇത്തരം പലസംഗതികളും ഇതിന്മുമ്പും ചെയ്തിട്ടുണ്ട്. ജിനോലയ്ക്ക് രണ്ടര ലക്ഷം കൊടുക്കുന്നതിനു പകരം കിട്ടുന്ന പ്രശസ്തിയാണ് പാഡി പവറിന്റെ ലാഭം. ഫിഫയെ മാറ്റുക, ചെയ്ഞ്ച് ഫിഫ, എന്ന സമ്മര്‍ദ്ദ ഗ്രൂപ്പിന്റെ പിന്തുണയും ഈ സംരംഭത്തിനുണ്ട്. പാഡി പവറിന്റെ ശ്രമം വൃഥാവിലായാലും പണമിറക്കി ഇങ്ങനെ കളിക്കുന്നതില്‍ തന്നെ ഒരു പരിഹാസമുണ്ട്. ഫിഫ എക്സിക്യൂട്ടീവ് അംഗമായ ജോര്‍ഡാനിലെ പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈനും താന്‍ മത്സരത്തിന് ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരാള്‍ ചിലി ഫുട്ബോള്‍ ഫെഡറേഷന് മുന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്ന്‍ നിക്കള്‍സ് ആണ്. എത്രപേര്‍ ഉണ്ടായാലും ആറ് ഭൂഖണ്ഡ സംഘടനകള്‍ ബ്ലാറ്റര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച സ്ഥിതിക്ക് ഒരു വട്ടം കൂടി ബ്ലാറ്റര്‍ തന്റെ ദൗത്യവുമായി മുന്നോട്ടു പോകും.
ഏതായാലും വോട്ടെടുപ്പ് ഉണ്ടാവും. സ്യൂറിച്ചിലെ ഫിഫ കോണ്‍ഗ്രസ്സില്‍ മെയ് 29 നാണ് അത്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ വിജയി ആരെന്ന് അറിയാന്‍ അത്ര വരെ കാത്തിരിക്കേണ്ടതില്ല. ഷാംപെയ്ന്‍ കുപ്പി പൊട്ടിക്കുക ബ്ലാറ്റര്‍ തന്നെയാകും, ജെറോം ഷാംപെയ്നോ ജിനോലയോ ആയിരിക്കില്ല. ബ്ലാറ്റര്‍ നീണാല്‍ വാഴട്ടെ!
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍