വിവാദചിത്രത്തിന് അനുമതി: സെന്‍സര്‍ ബോര്‍ഡില്‍നിന്ന് കൂട്ട രാജി

ന്യൂഡല്‍ഹി: ദേര സച്ച സൗദ നേതാവ് ഗുര്‍മീത് രാം റഹീം സിങ് മുഖ്യകഥാപാത്രത്തിമായെത്തുന്ന 'മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് പ്രദര്‍ശനാനുമതി നല്‍കിയതില്‍ വിയോജിച്ച് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ലീല സാംസണും തൊട്ടുപിന്നാലെ ഷാജി എന്‍ കരുണ്‍ ഉള്‍പ്പെടെ 12 ബോര്‍ഡ് അംഗങ്ങളും രാജിവെച്ചു. സിനിമ പ്രദര്ശനയോഗ്യമല്ലെന്നാണ് ഇവരുടെ നിലപാട്. 'മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് മേല്കമ്മിറ്റിയായ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എഫ്സിഎടി) പ്രദര്‍ശനാനുമതി നല്‍കിയതാണ് പെട്ടെന്നുള്ള രാജിക്ക് കാരണം. അതേ സമയം ലീലാ സാംസന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
സെന്റര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അഴിമതി നടമാടുകയാണെന്ന് ലീല കുറ്റപ്പെടുത്തി. അംഗങ്ങളില്‍ ചിലരും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി കാര്യാലയം നിയമിച്ച ചില ഉദ്യോഗസ്ഥരും അഴിമതിക്കാരാണ്. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ പല തലത്തിലുള്ള കേന്ദ്ര ഇടപെടലുകളും നടക്കുന്നുണ്ട്. പലവിധ സമ്മര്‍ദ്ദങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
ഇറാ ഭാസ്കര്‍, എം കെ റെയ്ന, ലോറ പ്രഭു, പങ്കജ് ശര്‍മ്മ, രാജീവ് മസന്ദ്, ശേഖര്‍ബാബു കാഞ്ചര്‍ല, ശുഭ്ര ഗുപ്ത, ടിജി ത്യാഗരാജന്, അന്‍ജും രാജാബാലി, മമങ് ദായി, നിഖില്‍ ആല്‍വ എന്നിവരാണ് രാജിവെച്ചിട്ടുള്ളവര്. ബോര്‍ഡ് അംഗങ്ങളായി നിയമിക്കപ്പെട്ടതുമുതല്‍ സെന്‍സര്‍ ബോര്‍ഡില്‍ പരിഷ്കരണം കൊണ്ടുവരണമെന്ന് ആവശ്യം ഉന്നയിച്ചുവന്നവരാണ് രാജിവെച്ചതെന്ന് ഇവര്‍ കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്.
സെന്‍സര്‍ബോര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ചെയര്‍പേഴ്സന്റെയും കാലാവധി അവസാനിച്ചിട്ടും പുതിയ സര്‍ക്കാര്‍ പകരം ഇതുവരെയും ആരെയും നിയമിച്ചിട്ടില്ല. ഒമ്പത് മാസമായി ബോര്‍ഡ് കൂടിയിട്ടുമില്ല.
വിവാദപരമായ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന സൂചനയാണ് ഉയരുന്നത്. സിനിമ സാമുദായികസംഘര്‍ഷം ഉണ്ടാക്കുമെന്ന ആശങ്കയും രാം റഹീം സിങ് സ്വയം ദൈവാവതാരമായി ചിത്രീകരിക്കപ്പെട്ട രീതിയുമാണ് സെന്‍സര്‍ബോര്‍ഡില്‍ എതിര്‍പ്പുണ്ടാക്കിയത്.
ഹരിയാനയിലെ സിര്‍സ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ദേര സച്ച സൗദ. സിഖുകാരില്‍ നിന്ന് വലിയ എതിര്‍പ്പ് ഈ സംഘം നേരിടുന്നുണ്ട്. സംഘത്തിന്റെ അവകാശ വാദങ്ങളും പ്രവര്‍ത്തന രീതികളും വിവാദപരമാണ്.
പഞ്ചാബിലും ഹരിയാനയിലുമുള്ള സിഖ് ഗ്രൂപ്പുകള്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേര നേതാവിനെ മഹത്വവല്ക്കരിക്കുന്നതിനെതിരെയാണ് പ്രതിഷേധം. സിനിമയിലെ ഗുര്‍മീത് സിങ്ങിന്റെ സംഭാഷണങ്ങള്‍ പ്രകോപനപരവും സിഖുകാരെ വെല്ലുവിളിക്കുന്നതുമാണെന്നും ആരോപണമുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് ഗുര്‍മീത്. അമൃത്സറിലും ഗുഡ്ഗാവിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. സിനിമക്കെതിരെ പ്രതിഷേധിക്കുന്നവരും ഗുര്‍മീത് സിങ് അനുകൂലികളും തമ്മില്‍ വിവിധയിടങ്ങളില്‍ സംഘര്‍ങ്ങളുണ്ടായി.
സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ കേന്ദ്രത്തിന്റെ ഇടപെടലുണ്ടായിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
ഇതിനിടെ ലീലാ സാംസണിനോട് സര്‍ക്കാര്‍ ഇടപെടലില്‍ തെളിവ് ചോദിച്ച വാര്‍ത്താപ്രക്ഷേപണ സഹമന്ത്രി അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണ്ണ സെന്‍സര്‍ ബോര്‍ഡ് നിലവില്‍ വരുമെന്നും അറിയിച്ചിട്ടുണ്ട്.