ദൈവം തെറ്റുചെയ്താലും

നമ്മുടെ മതങ്ങള്‍ ഇന്ന് പ്രധാനമായി നേരിടുന്ന വെല്ലുവിളി ജനാധിപത്യത്തില്‍നിന്നാണ്. കൂടിയ അളവിലോ കുറഞ്ഞ അളവിലോ എല്ലാ മതങ്ങളും ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടിവരുന്നു.
ശാസ്ത്രങ്ങളുടെ വളര്‍ച്ച, ജനാധിപത്യമൂല്യങ്ങളുടെ പ്രചാരം, കലകളുടെ ജനകീയത തുടങ്ങിയ സാഹചര്യങ്ങളാണ് ഇന്ന് മതങ്ങള്‍ക്ക് ശ്വാസംമുട്ടലുണ്ടാക്കുന്ന മട്ടില്‍ അന്തരീക്ഷം കലുഷമാവാന്‍ കാരണം. ഈ സാഹചര്യത്തില്‍ മൗനംപാലിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സത്യത്തില്‍ ആധുനികവിരുദ്ധമായ നിലപാടാണ് എടുക്കുന്നത്.
നവോത്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെടുന്നു, അന്ധവിശ്വാസങ്ങള്‍ മടങ്ങിവരുന്നു, അനാചാരങ്ങള്‍ പിടിമുറുക്കുന്നു, ദുരാചാരങ്ങള്‍ പെരുകുന്നു, യുക്തിചിന്ത പിന്‍വാങ്ങുന്നു, മുതലായ എല്ലാ മുറവിളികളുടെയും അടിയിലുള്ളത് ആധുനികത്വവുമായുള്ള പോരാട്ടത്തില്‍ മതങ്ങള്‍ മേല്‍ക്കൈ നേടുകയാണ് എന്ന പരിഭ്രാന്തിയാണ് . കാലത്തിന് തിരിച്ചുനടക്കാന്‍ കഴിയും എന്ന് നാം ബേജാറോടെ തിരിച്ചറിയുന്നു.
കാള്‍ മാര്‍ക്‌സ് പറയുകയുണ്ടായി: 'എല്ലാ വിമര്‍ശനങ്ങളും ആരംഭിക്കുന്നത് മതവിമര്‍ശനത്തിലൂടെയാണ്'; ബര്‍ണാഡ്ഷാ ചൂണ്ടിക്കാണിച്ചു: 'മഹത്തായ കാര്യങ്ങളെല്ലാം പുറപ്പെടുന്നത് ദൈവനിന്ദയുടെ രൂപത്തിലാണ്'.
ജനാധിപത്യത്തിന്റെ ഉല്‍പത്തിചരിതവും വികാസപരിണാമങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തോട് ബന്ധപ്പെട്ടതാണ്. 'അഭിപ്രായം' എന്നാല്‍ എതിരഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം. 'ദൈവം തെറ്റുചെയ്താലും ഞാന്‍ വാര്‍ത്തയാക്കും' എന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രഖ്യാപിക്കുകയുണ്ടായി. ഇവിടെ കാണുംപോലെ ജനാധിപത്യമൂല്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് അഭിപ്രായസ്വാതന്ത്ര്യം. ഇതിനോടുള്ള സഹിഷ്ണുത പിന്നെപ്പിന്നെ കുറഞ്ഞുവരികയാണ്. അസഹിഷ്ണുത ഏറിയേറിവരികയാണ്. പാരമ്പര്യമതത്തെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ഒരുവിഭാഗം ആളുകള്‍ ചേകന്നൂര്‍ മൗലവിയെ ശ്വാസംമുട്ടിച്ചുകൊന്നു; ഒരുവിഭാഗം ഭാരതീയ ദേവതകളില്‍ ചിലരുടെ നഗ്‌നചിത്രങ്ങള്‍ വരച്ചു എന്നു പറഞ്ഞ് എംഎഫ് ഹുസൈനെ നാട്ടില്‍നിന്ന് ഓടിച്ചു. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം എഴുതിയതിന്റെ പേരില്‍ പിഎം ആന്റണിക്ക് തടവില്‍ കിടക്കേണ്ടിവന്നു. ക്രിസ്തുവിനെ അപമാനിച്ചു എന്നതാണ് കേസ്!
വീക്ഷണം, വിശകലനം, വിമര്‍ശനം, പരിഹാസം എല്ലാം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്. അത്തരത്തിലൊരു സംവാദാന്തരീക്ഷത്തിലൂടെയാണ് മനുഷ്യസമൂഹം വളരുന്നത്. രാഷ്ട്രീയനേതൃത്വത്തെ വിമര്‍ശിക്കാം; മതനേതൃത്ത്വത്തെ വിമര്‍ശിച്ചുകൂടാ എന്നതാണ് എല്ലാ സമൂഹങ്ങളിലും നിലനില്‍ക്കുന്ന ധാരണ. രാഷ്ട്രീയം, മതം, ശാസ്ത്രം, ഭരണകൂടം, കല - വിമര്‍ശനാതീതമായി യാതൊന്നുമില്ല: ഇതാണ് ആധുനികത്വം, ഇതിനോടാണ് മതങ്ങള്‍ അധികവും പൊരുതുന്നത്.