• 10 Jun 2023
  • 05: 29 PM
Latest News arrow

എം മുകന്ദന്റെ 'പ്രവാസ'ത്തിന് യൂത്ത് ഇന്ത്യ പ്രവാസി പുരസ്‌കാരം

കുവൈത്ത് സിറ്റി: പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ 'പ്രവാസം' എന്ന കൃതിക്ക് മൂന്നാമത് യൂത്ത് ഇന്ത്യ കുവൈത്ത് പ്രവാസി സാഹിത്യ പുരസ്‌കാരം. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഗള്‍ഫ് പ്രവാസം ഉള്‍പ്പെടെ മലയാളിയുടെ ഒരുനൂറ്റാണ്ടുകാലത്തെ പ്രവാസാനുഭങ്ങള്‍ ബൃഹത് നോവല്‍ രൂപത്തില്‍ സംവേദനം ചെയ്യുകയായിരുന്നു എം മുകുന്ദനെന്ന് ജൂറി വിലയിരുത്തി. ഫെബ്രുവരി 13ന് കുവൈത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണംചെയ്യുമെന്നു യൂത്ത് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു. 
         
യൂത്ത് ഇന്ത്യ കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷം 56559 ദിനാറിന് (ഏകദേശം ഒരുകോടി 19 ലക്ഷം രൂപ) വ്യത്യസ്തങ്ങളായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഈ അവസരത്തില്‍ പുതിയ സേവനപദ്ധതികള്‍ പ്രഖ്യാപിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. 'ബെറ്റര്‍ ടുമോറോ' എന്ന പ്രമേയത്തില്‍ ജനകീയപങ്കാളിത്തത്തോടെ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് തുച്ഛവരുമാനക്കാരായ പ്രവാസികള്‍ക്ക് വിതരണംചെയ്യും. വയനാട് ജില്ലയിലെ നൂറു കുടുംബങ്ങള്‍ക്കായി റേഷന്‍പദ്ധതി നടപ്പിലാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.