സൗദി ഓണ്‍ലൈന്‍ ഫാമിലിവിസ ഏര്‍പ്പെടുത്തുന്നു

മനാമ: സൗദിഅറേബ്യയില്‍ കുടുംബസന്ദര്‍ശക വിസ (ഫാമിലി വിസിറ്റ്‌വിസ) ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഈ സംവിധാനംവഴി പാസ്‌പോര്‍ട്ട് ഓഫീസിലോ വിദേശകാര്യാലയത്തിലോ വിസക്കായി കയറിയിറങ്ങേണ്ട. ഓണ്‍ലൈന്‍ വഴി വിസനടപടികള്‍ എളുപ്പമാക്കുന്നതാണ് പദ്ധതി. കുടുംബത്തെ സന്ദര്‍ശനത്തിനായി സൗദിയില്‍ കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്ന പ്രവാസികള്‍ക്ക് പുതിയപദ്ധതി ഏറെപ്രയോജനം ചെയ്യും.
പ്രവാസികള്‍ക്ക് സമയം ലാഭിക്കാനും വിസഓഫീസുകളിലെ വര്‍ധിച്ചതിരക്ക് കുറയ്ക്കാനും ഈ നടപടി സഹായിക്കും. കൂടാതെ അപേക്ഷയോടൊപ്പം നിരവധിരേഖകള്‍ ഹാജരാക്കേണ്ട ആവശ്യമില്ല എന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയായിരിക്കും.
സന്ദര്‍ശകവിസ ഓണ്‍ലൈനായി നല്‍കുന്നതിന്റെ പൈലറ്റ്‌പ്രോഗ്രാം മാസങ്ങളായി റിയാദ് മേഖലയില്‍ നടന്നുവരികയായിരുന്നു. ഇത് വിജയമായതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി രാജ്യമെമ്പാടും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. വിസഅപേക്ഷകര്‍ക്ക് കൂടുതല്‍സമയവും സൗകര്യവും ലഭിക്കാനും മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍കാര്യക്ഷമമാക്കാനും വിസ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ തങ്ങളുടെ പേരുവിവരങ്ങള്‍ സിവില്‍ രജിസ്ട്രിയിലും ഇഖാമയിലുമുള്ളതുപോലെതന്നെ കൃത്യമായി നല്‍കണം. കുടുംബാംഗങ്ങളുടെ വിവരങ്ങളും അവരുടെ പാസ്‌പോര്‍ട്ടിലേതുപോലെ കൃത്യമായിരിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും. എന്നാല്‍, കുടുംബ സന്ദര്‍ശകവിസയില്‍ വരുന്നവര്‍ക്ക് ഹജ്ജോ ഉംറയോ നിര്‍വഹിക്കാന്‍ അനുമതിയില്ല. അക്കാര്യം അപേക്ഷകന്‍ ഉറപ്പുനല്‍കണം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബത്തിന് താമസയോഗ്യമായ ഫഌറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിസകാലവധി തീരുംമുമ്പ് കുടുംബത്തെ സൗദിയില്‍നിന്നും തിരിച്ചയക്കല്‍ എന്നിവ അപേക്ഷകന്‍ ഉറപ്പുവരുത്തണം. രാജ്യത്തെ നിയമവും വ്യവസ്ഥയും സന്ദര്‍ശകര്‍ പാലിക്കുമെന്ന് അപേക്ഷകന്‍ ഉറപ്പുനല്‍കണം.
അതേസമയം, ഫാമിലി വിസ ഓണ്‍ലൈന്‍വഴി നല്‍കുന്നത് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതിനു മുന്നോടിയായി ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് സൗകര്യം അടുത്ത ഞായറാഴ്ച നിലവില്‍വരും. ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ നിര്‍ദേശപ്രകാരമാണിത്. മന്ത്രാലയത്തിന്റെ www.moi.gov.sa എന്ന ഇ-പോര്‍ട്ടലിലെ റിക്രൂട്ട്‌മെന്റ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ സേവനങ്ങള്‍ ലഭ്യമാകും. സര്‍ക്കാരിന്റെ പുതിയ നീക്കത്തെ പ്രവാസികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സന്ദര്‍ശക വിസയില്‍വരുന്ന കുടുംബത്തിന് ഹജ്ജ്, ഉംറ നിര്‍വഹിക്കാനുള്ള അനുവാദംനല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.