• 10 Jun 2023
  • 04: 15 PM
Latest News arrow

പിടക്കോഴിക്ക് കൂവാം...

എം എന്‍ കാരശ്ശേരി മാസ്റ്ററുടെ പുതിയ പുസ്തകത്തിന്റെ പേരാണ് 'പിടക്കോഴി കൂവരുത്'. ഈ  പുസ്തകം വായിക്കുന്ന ആര്‍ക്കുംതോന്നുക പിടക്കോഴി കൂവണം എന്നുതന്നെയാണ്. എന്തിന്, ഇക്കാലത്ത് പിടക്കോഴി കൂവിയേ മതിയാവൂ. സ്ത്രീകള്‍ എല്ലാ മേഖലയിലും പുരുഷന്മാര്‍ക്കൊപ്പം കഴിവും ഊര്‍ജ്ജസ്വലതയും ആര്‍ജവത്വവും പ്രകടിപ്പിച്ചിട്ടും അത് അംഗീകരിക്കാന്‍ തയ്യാറില്ലാത്ത ഒരു വിഭാഗം സമൂഹത്തില്‍ ഉണ്ടായിരിക്കേ എങ്ങിനെ കൂവാതിരിക്കും?

1979 മുതല്‍ 1984 വരെ കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഞാന്‍ പഠിച്ചിരുന്ന കാലത്ത് കാരശ്ശേരി മാഷ്  അവിടെ മലയാളം ഡിപ്പാര്‍ട്‌മെന്റില്‍ അധ്യാപകനായുണ്ടായിരുന്നു. മാഷും മാസ്റ്ററുടെ ക്ലാസ്സുകളും കാമ്പസിന്റെ ആവേശമാണെന്ന് മനസ്സിലാക്കിയതുമുതല്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ആ ആഗ്രഹം അന്ന് സഫലമായതേയില്ല.

എന്റെ ക്ലാസിലുണ്ടായിരുന്ന പല ആണ്‍കുട്ടികളും സയന്‍സ് ക്ലാസുകള്‍ കട്ട് ചെയ്ത് കാരശ്ശേരി മാഷിന്റെ ക്ലാസിലേക്ക് നുഴഞ്ഞുകയറാറുണ്ടായിരുന്നു. തിരിച്ചുവരുമ്പോള്‍ അവരുടെ മുഖത്ത് അലയടിച്ചിരുന്ന ആനന്ദവും വെളിച്ചവും അവരെ ആ ക്ലാസുകളില്‍ കയറുന്നതിനു മുമ്പുള്ള അവരില്‍നിന്ന് വ്യത്യസ്തരാക്കിയിരുന്നു. കോളേജ് വിട്ടതിനുശേഷം പലപ്പോഴായി മാഷിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാനും ലേഖനങ്ങള്‍ വായിക്കാനും സാധിച്ചപ്പോഴാണ് പണ്ട് എന്റെ കൂട്ടുകാരുടെ മുഖങ്ങളില്‍കണ്ട വെളിച്ചത്തിന്റെ പൊരുള്‍ പിടികിട്ടിയത്- അതെ, 'എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ഒരുകോടി ഒരുകോടി'  എന്ന് അനുഭവപ്പെടുന്നതായിരുന്നു ആ വാക്കുകള്‍. അദ്ദേഹത്തിന്റെ വാക്കുകളില്‍ സ്ത്രീകള്‍, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വങ്ങളും അനീതികളും പ്രതിപാദ്യവിഷയമാകുന്നു. 'ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജി' എന്ന തന്റെ പുസ്തകത്തിന്റെ തൊട്ടുപുറകെതന്നെയാണ് കാരശ്ശേരി മാഷ് 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്' എഴുതുന്നത് എന്ന വസ്തുത ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. തോല്‍ക്കുമെന്ന് ഉറപ്പുള്ള ഒരു ധര്‍മ്മയുദ്ധം താന്‍ തുടര്‍ന്നുകൊണ്ടേയിക്കുന്നു എന്നാണ് മാഷ് ഇതുവഴി പറയുന്നത്.

ഒരുകാലത്ത് തുടച്ചുനീക്കപ്പെട്ട മന്ത്, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നതുപോലെ പല പഴയ അനാചാരങ്ങളും തിരികേവന്ന് സമൂഹത്തെ, പ്രത്യേകിച്ചും സ്ത്രീകളെ ശ്വാസം മുട്ടിക്കുന്നുവെന്നും പല പുതിയ ആചാരങ്ങളും സൃഷ്ടിക്കപ്പെട്ട് പെണ്ണിനെ ചങ്ങലയ്ക്കിടുന്നുവെന്നും മാഷ് ഈ പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ഉദാഹരണത്തിന് അറബി കല്യാണം, മൈസൂര്‍ കല്യാണം,  മുഖം മൂടുന്ന പര്‍ദ്ദ എന്നിങ്ങനെ.

പിടക്കോഴി കൂവരുത് എന്നുതന്നെയാണ് ഏവരും ഒരേസ്വരത്തില്‍ ആക്രോശിക്കുന്നതെന്നും നാം റിവേഴ്‌സ് ഗീയറിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നും മാഷ് വിലയിരുത്തുന്നുണ്ട്. പ്രീണനം കൊണ്ട് കൂടെനിര്‍ത്തേണ്ട വോട്ടുബാങ്കുകളായിമാത്രം സമുദായങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ള രാഷ്ട്രീയകക്ഷികള്‍ മുസ്ലിം സമുദായത്തിലെയെന്നല്ല, എല്ലാ സമുദായത്തിലെയും ജീര്‍ണതകള്‍ക്കുനേരെ മൗനം പാലിച്ചു എന്ന് മാഷ് പറയുമ്പോള്‍ അതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇവിടുത്തെ സാധാരണ ജനങ്ങളും രാഷ്ട്രീയക്കാരും മതനേതാക്കന്മാരും കാണേണ്ടതുണ്ട്. 'സ്ത്രീയും അധികാരവും' എന്ന അധ്യായത്തില്‍ സ്ത്രീ അധികാരസ്ഥാനത്തെത്തിനില്‍ക്കുന്നതുകാണാന്‍ നമുക്കിഷ്ടമല്ല എന്ന സത്യം അദ്ദേഹം തുറന്നടിക്കുന്നുണ്ട്. പള്ളീലമ്മമാരും പൂജാരിണികളും ഇവിടെ ഉണ്ടാകുന്നില്ല എന്ന് അതിനോടനുബന്ധമായി കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. 

മാഷ് ഏറ്റവുമധികം വാചാലനാകുന്നത് പര്‍ദ്ദക്കെതിരെയാണ്. മതവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ് പര്‍ദ്ദ എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. മതത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധത്തിന്റെ പ്രശ്‌നമില്ല എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചാണ് അദ്ദേഹം ഇത് സ്ഥാപിക്കുന്നത.് മുസ്ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം വിദ്യാഭ്യാസമില്ലായ്മയാണെന്ന് വിലയിരുത്തുമ്പോള്‍തന്നെ അതിനുകാരണം ബാല്യവിവാഹമാണെന്ന് മാഷ് ചൂണ്ടിക്കാണിക്കുന്നു. 'കെട്ടിച്ചുകൊടുക്കുക' എന്ന പ്രയോഗത്തില്‍ സ്ത്രീ കര്‍തൃസ്ഥാനത്തല്ല, കര്‍മ്മസ്ഥാനത്താണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഏതുകാലത്തും ഏതു മതത്തിലും എത്ര അന്വര്‍ഥമാണ്! 

പര്‍ദ്ദയുടെ കാര്യത്തിലെന്നപോലെ കാരശ്ശേരി മാഷെ അസ്വസ്ഥനാക്കുന്ന മറ്റൊരു പ്രശ്‌നം ഇസ്ലാം ബഹുഭാര്യാത്വമാണ്. ഇസ്ലാം ബഹുഭാര്യാത്വത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് നബിയുടെ ജീവിതപരിസരത്തുനിന്നുതന്നെ ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. ഈ അധ്യായത്തിന്റെ തലക്കെട്ടുതന്നെ 'ചിരിക്കുന്ന മരപ്പാവ ആരൊക്കെ വായിക്കണം' എന്നാണ്. തന്റെ ഭര്‍ത്താവിന്റെ പുനര്‍വിവാഹത്തിന് മതനേതാക്കള്‍ ശാസിക്കുന്നതുകൊണ്ടുമാത്രം ഗത്യന്തരമില്ലാതെ പങ്കുചേരേണ്ടിവരുന്നവളെ വിശേഷിപ്പിക്കാന്‍ ഇതിലും മികച്ച ഉപമ വേറെയുണ്ടോ? അതുപോലെ, വിവാഹമോചിതയുടെ ജീവനാംശത്തിനുള്ള അവകാശം, ലൗ ജിഹാദ് ഇവയെ പറ്റിയെല്ലാം വിശദമായ പരാമര്‍ശങ്ങളുണ്ട് പുസ്തകത്തില്‍. ലൗ ജിഹാദിനെപ്പറ്റി പറയുമ്പോള്‍ രസകരമായ ഒരു കഥയില്‍ തുടങ്ങി 'ഇവിടെ പരിക്കുപറ്റുന്നത് പ്രണയം എന്ന വിശുദ്ധ വികാരത്തിനാണ്' എന്ന് അവസാനിപ്പിക്കുമ്പോള്‍ നമ്മള്‍ ശരിക്കും അസ്വസ്ഥരാകും. പ്രണയവിരുദ്ധമായി സംസാരിക്കുന്നത് ജനാധിപത്യപ്രവര്‍ത്തനമായി മാറിയിരിക്കുകയാണ് എന്ന പ്രസ്താവനയും ഈയടുത്തകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സദാചാരപോലീസിങ്ങുംതമ്മില്‍ നമ്മള്‍ ചേര്‍ത്തുവായക്കേണ്ടതുണ്ട്. 

ഇഎംഎസും ശരീഅത്തും, സ്ത്രീപീഡനവും വേഷവും, സ്ത്രീ പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ അസ്ഗര്‍ അലി എഞ്ചിനീയറുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ തുടങ്ങി പ്രസക്തമായ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുമ്പോള്‍ പുരുഷന്മാര്‍ക്കുവേണ്ടി പുരുഷന്മാരാല്‍ കൊണ്ടുനടക്കുന്ന പുരുഷന്മാരുടെ മതം ആവാന്‍ പാടില്ല ഇസ്ലാം എന്ന് കലഹിക്കുന്നുണ്ട് കാരശ്ശേരി മാഷ്.

തെളിമയാര്‍ന്ന ഗദ്യംകൊണ്ടും നാട്ടുഭാഷാ പ്രയോഗങ്ങളുടെ (കോഴിക്കോടന്‍ ശൈലി) സമൃദ്ധികൊണ്ടും സത്യസന്ധവും ധീരവുമായ സാമൂഹ്യവിമര്‍ശനങ്ങള്‍കൊണ്ടും ശ്രദ്ധേയമായ ഈ പുസ്തകം ഇസ്ലാമിലും ഇന്ത്യക്കകത്തും പുറത്തും വായിക്കപ്പെടേണ്ടതുണ്ട്. 

ഈ വിഷയങ്ങളെത്തന്നെ ആധാരമാക്കി കാരശ്ശേരി മാഷിന്റെ പുസ്തകങ്ങള്‍ ഇനിയും ഇറങ്ങുമെന്ന് തീര്‍ച്ചയാണ്. കാരണം നേരത്തേ സൂചിപ്പിച്ചപോലെ തോല്‍ക്കുമെന്ന് ഉറപ്പുണ്ടെങ്കിലും അദ്ദേഹത്തിന് ഈ യുദ്ധം നിര്‍ത്താനാകില്ലല്ലോ.