മെസ്സിക്ക് പറ്റിയത് യുനൈറ്റഡ്

ചാമ്പ്യന്മാരായ അത്ലറ്റിക്കോ മഡ്രീഡിനെ ബാഴ്സ 3-1 ന് സംശയമില്ലാത്ത വിധം ലാലീഗിലെ തങ്ങളുടെ ഒടുവിലത്തെ ഏറ്റുമുട്ടലില്‍ കീഴ്പെടുത്തുകയുണ്ടായി. ലിയൊണല്‍ മെസ്സിയുടെ വകയായിരുന്നു അവസാന ഗോള്‍. എന്നാലും മെസ്സി ബാഴ്സ വിടുമോ എന്നത് സംബന്ധിച്ച സംസാരങ്ങള്‍ നിലച്ചിട്ടില്ല. അത് ശക്തിപ്പെട്ടിട്ടേയുള്ളൂ.
ബാഴ്സലോണയില്‍ തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ച് മെസ്സി തന്നെയാണ് ചില സൂചനകള്‍ നല്‍കിയത്. അടുത്ത വര്‍ഷം താന്‍ എവിടെയായിരിക്കുമെന്ന് അറിയില്ലെന്ന് മെസ്സി പറഞ്ഞതാണ് അദ്ദേഹം ഏതു വഴിക്കു നീങ്ങുമെന്നതിനെക്കുറിച്ച് വീണ്ടും സംസാരം തുടങ്ങാന്‍ കാരണം. ഫുട്ബോള്‍ ഒരു കലയായി ആവിഷ്ക്കരിക്കുന്ന ഈ കളിക്കാരന് എങ്ങോട്ടായിരിക്കും കൂടു മാറുക? ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി , ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ മെസ്സിയോട് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സൂചന.
ബാലണ്‍ദോര്‍ സമ്മാന വിതരണത്തിനു ശേഷമാണ് മെസ്സി പുതുതായി ചില കാര്യങ്ങള്‍ പറഞ്ഞത്.'അടുത്ത വര്‍ഷം ഞാന്‍ എവിടെയായിരിക്കുമെന്ന് ഉറപ്പില്ല. ബാഴ്സലോണയിലായിരിക്കും എന്റെ കളി ജീവിതം അവസാനിപ്പിക്കുക എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. പക്ഷെ ക്രിസ്റ്റ്യാനോ പറഞ്ഞതു പോലെ ദൈവത്തിന് മാത്രമേ ഭാവി എന്തെന്ന് അറിയൂ. ഒറ്റ രാത്രി കൊണ്ട് ഫുട്ബോളില്‍ കാര്യങ്ങള്‍ മാറിമറിയാം.'അത്ലറ്റിക്കോ മഡ്രീഡുമായുള്ള കളിക്കു ശേഷം താന്‍ ക്ലബ്ബ് മാറാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്ത മെസ്സി നിഷേധിച്ചുവെങ്കിലും അത് ആരും പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല. ' ഇവിടെ തുടരാന്‍ ഞാന്‍ എന്തെങ്കിലും ആവശ്യപ്പെടുന്നില്ല. കാരണം ഞാന്‍ എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ല. ചെല്‍സി, അല്ലെങ്കില്‍ സിറ്റിയുമായി ഞാന്‍ സംസാരിച്ചു എന്ന വാര്‍ത്ത ഞാനും കേട്ടു. ഇതൊക്കെ കളവാണ്.'ബാഴ്സ ടിവിയോട് മെസ്സി പറയുകയുണ്ടായി. കോച്ച് ലൂയി എന്റിക്കുമായി മെസ്സി തെറ്റിയിരിക്കയാണെന്ന ഊഹാപോഹങ്ങള്‍ കെടുത്താന്‍ വേണ്ടി കൂടിയായിരിക്കണം മെസ്സി ഇത് പറഞ്ഞിട്ടുണ്ടായിരിക്കുക എന്നു കരുതുന്നു. കഴിഞ്ഞാഴ്ച ബാഴ്സയില്‍ എന്തൊക്കെയോ നടക്കുകയാണെന്നതിന് സൂചനകളുണ്ടായിരുന്നു. ബാഴ്സ, റയല്‍ സോസ്യഡാഡു മായി തോറ്റ കളിയില്‍ മെസ്സി ബെഞ്ചിലായിരുന്നു. സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ആന്റണി സുബിസറേറ്റയെ ക്ലബ്ബ് പുറത്താക്കകുകയും ചെയ്തു.
മെസ്സിയെ താങ്ങാന്‍ സാമ്പത്തികമായി കെല്പുള്ള ഇംഗ്ലീഷ് ടീം മാന്‍ യുനൈറ്റഡായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യുനൈറ്റഡിന് മെസ്സിയെ വേണമെങ്കില്‍ ബാഴ്സക്ക് ഒറ്റയടിക്് 19.5 കോടി പൗണ്ട് (ഏതാണ്ട് 1813 കോടി രൂപ)നല്‍കേണ്ടി വരും. സിറ്റിയും മെസ്സിയെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അതിന് മാത്രമുള്ള സാമ്പത്തിക ശേഷി അവര്‍ക്കില്ല. യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ ഫെയര്‍ പ്ലേ ചട്ടങ്ങള്‍ പ്രകാരം ഒരു ക്ലബ്ബിന് പണം ചെലവിടാനുള്ള സാമ്പത്തിക ശ്രോതസ്സുണ്ടാവണം.അത്രയും കരുതല്‍ ധനം സ്വരൂപിക്കാനുള്ള വരുമാനം കണ്ടെത്താന്‍ സിറ്റി പ്രയാസപ്പെടും. റയല്‍ മഡ്രീഡിനോ, യുനൈറ്റഡിനോ മാത്രമേ മെസ്സിയെ കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷിയുള്ളൂ. എതിരാളികളായ റയലിലേക്ക് പോകാന്‍, വിശേഷിച്ചും അവിടെ റൊണാള്‍ഡൊ കൂടി ഉള്ള സ്ഥിതിക്ക് മെസ്സിക്ക് താല്പര്യമുണ്ടാവില്ല. പിഎസ്ജിക്ക് ഒരു ശ്രമം നടത്താന്‍ സാധിക്കുമെങ്കിലും കരുതല്‍ ധനത്തിന്റെ പ്രശ്നം അവരേയും പിന്നോട്ട് വലിച്ചേക്കും.
യുനൈറ്റഡിന്റെ സ്ഥിതി വ്യത്യസ്തമാണ്. പണം ഒരു പ്രശ്നമല്ലെന്നാണ് എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് എഡ് വുഡ്വാര്‍ഡ് കോച്ച് ലൂയി വാന്‍ ഗാളിന് നല്കിയ ഉറപ്പ്. ബാഴ്സയുമായുള്ള കരാറനുസരിച്ച് 1.63 കോടി പൗണ്ടാണ് (ഏതാണ്ട്151.5കോടി രൂപ) ഒരു സീസണില്‍ മെസ്സിക്ക് നല്‍കേണ്ടത്.ഈ ശമ്പളവും ട്രാന്‍സ്ഫര്‍ തുകയും കൂട്ടിയാല്‍ ഏതാണ്ട് 27.5 കോടി പൗണ്ടിന്റെ(ഏതാണ്ട് 2557.5കോടി രൂപ) ഇടപാടിന് യുനൈറ്റഡ് മുന്നിട്ടിറങ്ങേണ്ടി വരും.അതിനുള്ള കെല്‍പ്പ് യുനൈറ്റഡിന് ഉണ്ട്. അഡിഡാസുമായുള്ള 10 വര്‍ഷത്തെ കരാറനുസരിച്ച് മാത്രം ഒരു സീസണില്‍ ക്ലബ്ബിന് 7.5 കോടി പൗണ്ട് (ഏതാണ്ട് 697.5 കോടി രൂപ)ലഭിക്കും. കൂടുതല്‍ സ്പോണ്സര്മാരെയും ക്ലബ്ബ് ചാക്കിട്ടുകൊണ്ടിരിക്കയാണ്. ലോകത്തെങ്ങും ക്ലബ്ബിന് ആരാധകരും ഉണ്ട്. അവരുടെ എണ്ണം 65 കോടിയിലധികം വരും.
ബാഴ്സയിലേക്ക് വരും മുമ്പുള്ള ഒരു കാലത്ത് മെസ്സി നാട്ടില്‍ അര്‍ജന്റീനയില്‍ ന്യുവെല്‍സ് ഓള്‍ഡ് ബോയ്സില് കളിക്കുകയുണ്ടായി. മാറഡോണയുടെയും ക്ലബ്ബായിരുന്നു ഇത്. ന്യൂവെല്‍സിന് കളിക്കുമോ എന്നും മെസ്സിയോട് ബാലണ്‍ ദോര്‍ ചടങ്ങിനു ശേഷം മെസ്സിയോട് ചോദിക്കുകയുണ്ടായി.'എന്നെങ്കിലും ഒരു ദിവസം ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് തിരിച്ചു പോകുമോ എന്ന് എനിക്ക് ഉറപ്പില്ല.'എന്നായിരുന്നു മെസ്സിയുടെ മറുപടി. എന്നെങ്കിലും ഒരിക്കല്‍ താന്‍ വിട്ടു പോന്ന ആ കൂട്ടിലേക്ക് മെസ്സി തിരിച്ചുപോകേണ്ടതല്ലേ? മറഡോണ അവസാന കാലത്ത് തിരിച്ചു പോയതുപോലെ? ഖസാക്കിലെ രവിയെപ്പോലെ മന്ദാരങ്ങളുടെ ഇലകള്‍ തുന്നിച്ചേര്‍ത്ത ആ കൂട്ടിലേക്ക് മെസ്സിയുടെ ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ