• 10 Jun 2023
  • 04: 40 PM
Latest News arrow

കുവൈത്തില്‍ വിസ ലഭിക്കാന്‍ പുതിയ നിബന്ധന

കുവൈത്ത് സിറ്റി: പാസ്‌പോര്‍ട്ടിന് രണ്ടു വര്‍ഷം കാലാവധിയില്ലെങ്കില്‍ കുവൈത്തില്‍ ഇനി മുതല്‍ തൊഴില്‍ വിസയോ ഫാമിലി വിസയോ ലഭിക്കില്ല. പുതുതായി എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും കാലാവധിയില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടെന്നാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം പാസ്‌പോര്‍ട്ട് വിഭാഗം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് മാസന്‍ അല്‍-ജറാ അല്‍-സബാ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ഗാര്‍ഹിക തൊഴില്‍ വിസ തുടങ്ങി എല്ലാ വിഭാഗം വിസാ അപേക്ഷക്കും ഈ നിബന്ധന ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇനി മുതല്‍ ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലാവധിയുള്ള പാസ്‌പോര്‍ട്ടില്‍ വിസ പുതുക്കി നല്‍കില്ല. വിദേശികള്‍ക്ക് കുവൈത്തിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നതിന് പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറു മാസം കാലാവധിയുണ്ടായിരിക്കണം. ആറു മാസത്തില്‍ കുറഞ്ഞ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്ന് ഷെയ്ഖ് മാസന്‍ അറിയിച്ചു.
വിദേശികളുടെ പാസ്‌പോര്‍ട്ട് കാലാവധിയും അവരുടെ ഇഖാമ കാലാവധിയുമായി ബന്ധിപ്പിക്കുന്ന നിയമം കര്‍ശനമാക്കിയതിനു പിന്നാലെയാണ് പുതിയ നിബന്ധന ചുമത്തിയത്.  ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയത്തിനു നല്‍കിക്കഴിഞ്ഞുവെന്ന് ഷെയ്ഖ് മാസിന്‍ അറിയിച്ചു. 
വിദേശികള്‍ക്ക് പാസ്‌പോര്‍ട്ടിന്റെ കാലാവാധി പരിഗണിച്ച് റെസിഡന്‍സി അനുവദിക്കുന്ന നിയമം ജനുവരി പത്തുമുതലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് വിദേശികളുടെ പാസ്‌പോര്‍ട്ടിനെയും ഇഖാമയെയുമാണ് ആദ്യം ബന്ധിപ്പിച്ചത്.

ഇഖാമ പുതുക്കുന്ന സമയത്ത് രാജ്യത്തുള്ള വിദേശികളുടെ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ഒരു വര്‍ഷത്തെ കാലാവധിയുണ്ടായിരിക്കണമെന്ന വ്യവസ്ഥ ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തിനു താഴെ മാത്രമേ കാലാവധിയുള്ളൂവെങ്കില്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ അടിക്കില്ല. അത്തരക്കാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് പുതുക്കി കാലാവധി കൂട്ടാന്‍ ജാഗ്രത കാണിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പുതുക്കിയ പാസ്‌പോര്‍ട്ടുകളിലേക്ക് നിശ്ചിത കാലയളവിനുള്ളില്‍ ഇഖാമ വിവരങ്ങള്‍ മാറ്റിയിരിക്കണമെന്നും വീഴ്ച വരുത്തുന്നവരുടെ മേല്‍ പിഴ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. വിവരങ്ങള്‍ പുതുക്കാത്ത ആയിരക്കണക്കിന് വിദേശികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിഴ ഒടുക്കേണ്ടി വന്നിട്ടുണ്ട്.