റൊണാള്‍ഡൊ ലോക ഫുട്ബോളര്; സൂപ്പര്‍ അത്ലറ്റ്

ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സുവര്‍ണപന്ത് ലിയൊണല്‍ മെസ്സിക്കായിരുന്നു. മെസ്സിയുടെ ടീം അര്‍ജന്റീന ഫൈനല്‍ വരെ എത്തിയെങ്കിലും ഈ സമ്മാനം കൊളംബിയയുടെ ഹാമിഷ് റോഡ്രിഗ്സോ ഹോളണ്ടിന്റെ ആര്യന് റോബനോ കൂടുതല്‍ അര്‍ഹിച്ചിരുന്നു എന്ന് കരുതിയവര്‍ ധാരാളമാണ്. ഫൈനലില്‍ തോറ്റതിന്റെ ക്ഷീണംകൊണ്ടു കൂടിയാകണം മെസ്സി അന്ന് ആ സമ്മാനം ഏറ്റുവാങ്ങിയത് വലിയ സന്തോഷമില്ലാതെയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോവിന്റെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് മത്സരത്തില്‍തന്നെ പുറത്തായതിനാല്‍ റൊണാള്‍ഡോ ആ ലിസ്റ്റില്‍ തന്നെ പെടുകയുണ്ടായില്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി റൊണാള്‍ഡൊ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫിഫയുടെ ബാലണ്‍ ദോര്‍ എന്ന ആ ബഹുമതി മൂന്നാംതവണയാണ് റൊണാള്‍ഡോവിനെ തേടിയെത്തുന്നത്. തുടര്‍ച്ചയായി നാലുതവണ ഈ സമ്മാനംനേടിയ മെസ്സിക്കാണ് റെക്കോര്‍ഡ്. അപ്പോള്‍ ഇരുവരും തമ്മില്തീര്ക്കാന് ഒരു കണക്ക്കൂടി ബാക്കിയുണ്ട്.
കാണികള്‍ക്ക് ഒരുപക്ഷെ സ്നേഹക്കൂടുതല് മെസ്സിയോട് ആയിരിക്കാമെങ്കിലും റൊണാള്‍ഡോവിന് ലഭിച്ച വോട്ടുകള്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം സംബന്ധിച്ച് ഒരു തര്‍ക്കത്തിന് പഴുത് അനുവദിക്കുന്നതേയില്ല. 37.66 വോട്ടുകള്‍ റൊണാള്‍ഡൊ നേടിയപ്പോള്‍ മെസ്സിക്ക് 15.76 ശതമാനമേ ലഭിച്ചൂള്ളൂ. ജര്‍മനിയുടെ ഗോളി മാന്വല്‍ ന്യൂയറായിരുന്നു ഇവരോട് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. മെസ്സിക്ക് കിട്ടിയതിന്റെ ഏതാണ്ട് അത്രയും വോട്ടുകള്‍ ന്യൂയര്‍ക്കും കിട്ടുകയുണ്ടായി 15.72 ശതമാനം. എന്നാല്‍ ലെവ് യാഷീന് ഒഴിച്ച് ഒരു ഗോളിക്കും ഈ സമ്മാനം ലഭിച്ചിട്ടില്ല. ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാരും പരിശീലകരും ഒരു രാജ്യത്തുനിന്ന് ഒന്നു വീതം പത്രപ്രവര്‍ത്തകരുമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. മെസ്സിയും റൊണാള്‍ഡോവും തങ്ങളുടെ വോട്ട് പര്സപരം നല്കുകയുണ്ടായില്ല. റൊണാള്‍ഡോവിന്റെ മികച്ച കളിക്കാരന് സെര്‍ജിയോ റാമോസ് ആയിരുന്നെങ്കില്‍ മെസ്സിയുടെ ആദ്യവോട്ട് ഡിമരിയക്കായിരുന്നു. അതേസമയം ഇംഗ്ലണ്ട്കോച്ച് റോയ് ഹോജ്സണ്‍ മികച്ച കളിക്കാരനുള്ള വോട്ട് നല്‍കിയത് ഹാവിയര്‍ മസ്ച്ചറാനോയ്ക്കായിരുന്നു.
നല്ല വേഗതയില്‍ നേര്രേഖകളിലുടെ സഞ്ചരിക്കുന്ന റൊണാള്‍ഡോവിന്റെ സ്റ്റെപ് ഓവറുകളും കനത്ത അടികളും, കരുത്തും സ്ഫോടകശക്തിയും എടുത്തുകാണിക്കുന്നു. വേഗതയോ കരുത്തോ അല്ല മെസ്സിയുടെ ശക്തി. വളഞ്ഞു പുളഞ്ഞുള്ള ആ സഞ്ചാരത്തിന് ദൃശ്യഭംഗി കൂടുതലുണ്ട്. രണ്ടും ഫുട്ബോളിലെ വ്യത്യസ്തപാതകള്‍ തന്നെ. 96 മീറ്റര്‍ 10 സെക്കന്‍ഡില്‍ ഫുട്ബോള്‍ ബൂട്ടും ധരിച്ച് ഓടിയിട്ടുണ്ട് റൊണാള്‍ഡൊ.
കഴിഞ്ഞ വര്‍ഷം 43 കളികളില്‍നിന്ന് 52 ഗോളുകളാണ് റൊണാള്‍ഡോയുടെ പേരില്‍ കുറിച്ചിട്ടുള്ളത്. ലാ ലീഗയില്‍ ഓരോ 62 മിനുട്ടിലും ഓരോഗോള്‍ ആണ് റൊണാള്‍ഡൊയുടെ കണക്ക്. 33-35 വയസ്സുവരെ ഉയര്‍ന്നതലത്തില്‍ അദ്ദേഹത്തിന് കളിക്കാനാവുമെന്ന് പോര്‍ച്ചുഗല്‍ ടീം ഡോക്ടര്‍ അന്റോണിയോ ഗാസ്പര്‍ പറയുന്നു. ശാരീരികമായമികവ്, ഈ ഫെബ്രുവരിയില്‍ 30 തികയുന്ന റൊണാള്‍ഡോവിന് അത്രക്കുണ്ട്.
മികച്ച കളിക്കാരനു പുറമെ ലോക ഇലവനെയും ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. ജര്‍മനിയോട് ഏഴു ഗോള്‍ വാങ്ങി ലോകകപ്പില്‍ തകര്‍ന്നു പോയ രണ്ട് ബ്രസീല്‍ ഡിഫന്‍ഡര്‍മാര്‍ ടീമിലുണ്ട് ഡേവിഡ് ലൂയിസും തിയാഗൊ സില്‍വയും. ഇതാണ് ടീം. മാന്വല്‍ ന്യൂയര്‍, റാമോസ്, തിയാഗോ സില്‍വ, ഡേവിഡ് ലൂയിസ്, ഫിലിപ്പ് ലാം, ഡിമരിയ, ക്രൂസ്, ഇനിയേസ്ത, റോബന്, മെസ്സി, റൊണാള്‍ഡൊ.
ലോകകപ്പില്‍ ഉറുഗ്വായ്ക്ക് എതിരെ ഗോള്‍നേടിയ കൊളംബിയയുടെ ഹാമിഷ് റോഡ്രിംഗ്സ് മികച്ച ഗോളിനുള്ള പുസ്ക്കാസ് അവാര്‍ഡ് നേടി. സ്പെയിനിനെതിരെ ലോകകപ്പില്‍ പറന്നു വീണ് ഗോള്‍ നേടിയ ഹോളണ്ടിന്റെ വാന്‍ പേഴ്സി മൂന്നാംസ്ഥാനത്തു വന്നു. വനിത ഫുട്ബോളറാണ് വാന്‍ പേഴ്സിയെ പിന്തള്ളിയത്. അയര്‍ലണ്ടുകാരി സ്റ്റെഫാനി റോഷ് നേടിയ മനോഹരമായ ഗോള്‍ അവരെ രണ്ടാംസ്ഥാനത്തെത്തിച്ചു. ലീഗ്മത്സരത്തില് വെക്സ്ഫോഡിനെതിരെ പെര്മോണ്ടിന് വേണ്ടി കളിക്കുകയായിരുന്നു സ്റ്റെഫാനി. പോസ്റ്റിന് നേരെ തിരിഞ്ഞുനില്ക്കുമ്പോള് പന്തുകിട്ടിയ ഈ താരം വലതുകാല്‍ കൊണ്ട് ഒന്ന് തൊട്ട് ഇടതു കാല് കൊണ്ട് ഒരു ഡിഫന്‍ഡറുടെ പിറകിലേക്ക് പന്ത് മറിച്ച് ബോക്സിന് പുറത്തു വെച്ചു പന്തു തൊടുത്താണ് ഗോള്‍ നേടിയത്. ഈ കളികണ്ടത് 95 പേര് മാത്രമായിരുന്നു എന്നത് വനിത ഫുട്ബോള്‍ എത്ര അവഗണിക്കപ്പെട്ടുകിടക്കുന്നു എന്ന് കാണിക്കുന്നു.
വോള്സ്ബര്ഗിന്റെയും ജര്‍മനിയുടെയും മിഡ്ഫീല്‍ഡറായ നദീന്‍ കെസ്ലര് മികച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയുടെ കോച്ച് ജോക്കിം ലോവ് ആണ് മികച്ച പരിശീലകന്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍