• 08 Jun 2023
  • 06: 01 PM
Latest News arrow

കവാനിക്ക് ചുവപ്പുകാര്‍ഡ്; ചിലി സെമിയില്‍

സാന്റിയാഗോ: കളിക്കുന്നത് വലതു ബാക്കായിട്ടാണെങ്കിലും മൗറീഷ്യോ ഈസ്ല തന്നെയായിരുന്നു ചിലിയുടെ വിജയ ഗോള്‍ നേടേണ്ടിയിരുന്നത്.  അങ്ങനെയാണ് സംഭവിച്ചതും.  വലത് വിംഗില്‍ തുടര്‍ച്ചയായി കയറിയും ഇറങ്ങിയും  കളിച്ച ഈസ്ല 81 ാം മിനുട്ടില്‍ നേടിയ ഗോളില്‍ ആതിഥേയരായ ചിലി കോപ്പ അമേരിക്കയുടെ സെമിയില്‍ കടന്നു. ഈസ്ല ഗോള്‍ നേടുമ്പോള്‍ ചാമ്പ്യന്മാരായ യുറഗ്വായുടെ ഭാഗത്ത് 10 പേരേ ഉണ്ടായിരുന്നുള്ളൂ. വേണമെങ്കില്‍ ഫൈനലിലേക്ക് അവര്‍ കാല്‍ വെച്ചു എന്നു പറയാം. കാരണം അത്ര ശക്തരല്ലാത്ത പെറുവോ ബൊളീവ്യയോ ആയിരിക്കും അവരുടെ എതിരാളി. പെറുവിനെ നിസ്സാരമായി കണ്ടുകൂടെങ്കിലും ഇന്നത്തെ നിലക്ക് ചിലിക്ക് തന്നെയാണ് മുന്‍കൈ. ബൊളീവ്യയെ ഗ്രൂപ്പ് മത്സരത്തില്‍ ചിലി മടക്കമില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ചിരുന്നു.

  സുവാരസിന്റെ അഭാവത്തില്‍ ചാമ്പ്യന്‍മാരെ ചിറകിലേറ്റേണ്ട ചുമതലയുണ്ടായിരുന്നു എഡിന്‍സണ്‍ കവാനിക്ക്. എന്നാല്‍ പോസ്റ്റ് ലക്ഷ്യമാക്കി ഒരു തവണ നിറയൊഴിച്ചതൊഴിച്ചാല്‍ എങ്ങനെ കളിക്കാതിരിക്കാം എന്ന പരീക്ഷണത്തിലായിരുന്നു പിഎസ്ജിയുടെ ഈ  മുന്‍നിര താരം. ആദ്യ തവണ അസിസ്റ്റന്റ് റഫറിയെ ശരീരം കൊണ്ട് തട്ടിയതിനായിരുന്നു മഞ്ഞക്കാര്‍ഡ്. രണ്ടാം തവണ ഡിഫന്‍ഡര്‍ യാറയുടെ മുഖത്ത് അടിച്ചതിനും. രണ്ടു തവണ ഫൗള്‍ ചെയ്ത് രണ്ട് മഞ്ഞ ക്കാര്‍ഡ് സമ്പാദിച്ച് ചവപ്പുകാര്‍ഡും വാങ്ങി കവാനി മടങ്ങി. ഇതോടെ 63 ാം മിനുട്ട് മുതല്‍ 10 പേരെയും വെച്ചായി യുറഗ്വായുടെ കളി. കളിയുടെ അന്ത്യഘട്ടത്തില്‍ ഡിഫന്‍ഡര്‍ ജോര്‍ഗ് ഫ്യൂച്ചിലെയും ഇതേ മട്ടില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയതോടെ കളി കയ്യാങ്കളിയായി. കാലിന് വയ്യായ്കയുള്ള യുറഗ്വായ് കോച്ച് ഓസ്‌കാര്‍ ടബരേസ് പോലും വഴക്ക് കൂടാന്‍ രംഗത്തെത്തി. ബ്രസീല്‍ കൊളംബിയ മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളെ ഓര്‍മിപ്പിച്ചു ഈ കളിയും.

യൂറഗ്വായ്ക്ക് പരുക്കന്‍ കളി അത്ര പുതിയതല്ല. ഈ കളിയില്‍ ആദ്യ ഘട്ടങ്ങളില്‍ ഗോളടിക്കാനുള്ള പരിശ്രമം അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. പിന്നീട് ചിലിയുടെ മുന്നേറ്റത്തിനിടയില്‍. അവര്‍ ഉള്‍വലിഞ്ഞു. ദീഗോ ഗോഡിനും ഹോസെ ജിമനേസും അടങ്ങുന്ന യുറഗ്വായുടെ സെന്‍ട്രല്‍ ഡിഫന്‍സ് ഒരു മതില്‍ പോലെ നിലകൊണ്ടു. അറാംഗീസിന്റൈയും വിഡാലിന്റെയും ശ്രമങ്ങള്‍ ഗോളി മുസ്ലേരയുടെ നേരെയാണ് ചെന്നത്. അവസാന ഘട്ടത്തില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം വിഡാലിന് കിട്ടിയിരുന്നുവെങ്കിലും അടി പുറത്തേക്ക് പോയി. യുറഗ്വായുടെ ഡീഗോ റോളാന് പോസ്റ്റിനടുത്തുവെച്ച് അവസരം ലഭിച്ചിരുന്നുവെങ്കിലും ആ ശ്രമത്തിന് ശക്തിപോരായിരുന്നു.