ലക്ഷത്തിലേറെ ഗതാഗതലംഘനം; നോട്ടീസ് അയച്ചത് 3000 പേർക്ക് മാത്രം

തിരുവനന്തപുരം: റോഡുകളിൽ എ.ഐ കാമറകൾ പ്രവർത്തനം തുടങ്ങി ദിവങ്ങൾ പിന്നിടുമ്പോഴും സാങ്കേതിക തകരാറുകൾ പരിഹരിക്കാനാവാതെ ഗതാഗതവകുപ്പ്. ഇതിനകം ഒരു ലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങൾ കാമറകൾ രേഖപ്പെടുത്തിയെങ്കിലും പിഴയടക്കാനുള്ള നോട്ടീസ് അയച്ചത് വെറും 3000 പേർക്ക് മാത്രം.
കാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളിലും, അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻ.ഐ.സി സംവിധാനത്തിലുമുള്ള തകരാറുമാണ് ഇതിന് കാരണം. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നിയമലംഘനങ്ങൾ മാത്രമാണ് ഇപ്പോൾ കൃത്യമായി കാമറ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നത്. പഴയ രീതിയിലുള്ള നമ്പർ പ്ലോറ്റുകളിലെ സ്ക്രൂകളും മറ്റും പൂജ്യമായി പരിഗണിച്ച് തെറ്റായ വാഹനമ്പർ രേഖപ്പെടുത്തുന്നതും വകുപ്പിനെ വലക്കുന്നുണ്ട്.
ദൃശ്യങ്ങൾ വിശകലനം ചെയ്ത് ‘പരിവാഹൻ സൈറ്റി’ലേക്ക് മാറ്റി വാഹന ഉടമകൾക്ക് ഇ-ചെലാൻ അയക്കുന്നതിലും തകരാറുകൾ നേരിടുന്നുണ്ട്. ഒരു നിയമലംഘനം നടത്തിയ വാഹനയുടമയുടെ പേരിൽ ഒന്നിലധികം നിയമലംഘനങ്ങൾക്കുള്ള ചെലാൻ അയക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സാങ്കേതിക തകരാർ രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.