ഒഡിഷ ട്രെയിൻ ദുരന്തം: കുട്ടികളെ വിടില്ലെന്ന് ഗ്രാമവാസികൾ; സ്കൂൾ കെട്ടിടം പൊളിക്കുന്നു

ബാലസോർ: 288 പേരുടെ ജീവനെടുത്ത ഒഡിഷ ട്രെയിൻ ദുരത്തിൽ അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ബഹനഗ ഗവ. നോഡൽ ഹൈസ്കൂൾ കെട്ടിടം പൊളിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പ്രേതഭീതി മൂലം സ്കൂളിലേക്ക് വിദ്യാർത്ഥികളെ അയക്കാൻ രക്ഷിതാക്കൾ വിസമ്മതിച്ചതോടെയാണ് സർക്കാർ തീരുമാനമെടുത്തത്. മരിച്ചവരുടെ പ്രേതങ്ങൾ സ്കൂൾ കെട്ടിടത്തിൽ ഉണ്ടാവുമെന്നും അവ കുട്ടികളെ ഉപദ്രവിക്കുമെന്നുമുള്ള പേടിമൂലമാണ് ഗ്രാമീണരായ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്കാൻ മടിക്കുന്നത്.
സ്കൂളിലെ 16 ക്ലാസ് മുറികളിൽ ഏഴെണ്ണമാണ് മൃതദേഹങ്ങൾ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. വേനലവധിക്ക് ശേഷം ജൂൺ 19 ന് സ്കൂൾ തുറക്കാനിരിക്കെ രക്ഷിതാക്കളുടെ നിലപാട് അധികൃതരെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. കുട്ടികളിൽ ശാസ്ത്രീയ ബോധം വളർത്തുന്നതിനു പകരം പ്രേതങ്ങളെയും ആത്മാക്കളെയും കുറിച്ച് അന്ധവിശ്വാസം അവരിൽ കുത്തി നിറക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂൾ കെട്ടിട ഭാഗം പൊളിച്ചു മാറ്റണമെന്ന ആവശ്യ സർക്കാറിലേക്ക് കൈമാറിയിരുന്നുവെന്ന് ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ഭൗസാഹെബ് ഷിൻഡെ പറഞ്ഞു.
67 വർഷം പഴക്കമുള്ള കെട്ടിടം ഏതായാലും പൊളിക്കേതാണെന്നും ഈ സാഹചര്യത്തിൽ അത് വേഗത്തിലാക്കുകയാണ് വേണ്ടതെന്നുമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പറയുന്നത്.
മന്ത്രവാദത്തിലുള്ള വിശ്വാസവും ഗ്രാമത്തിൽ വ്യാപകമാണെന്നും മൃതദേഹങ്ങൾ സൂക്ഷിച്ചതിന് ശേഷം സ്കൂളിനു സമീപത്ത് താമസിക്കുന്നവർ അർധ രാത്രിക്ക് ശേഷം പല ശബ്ദങ്ങളും കേൾക്കുന്നതായി പരാതിപ്പെടുന്നുണ്ടെന്നും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗം രാജാറാം വാർത്താമാധ്യമങ്ങളോട് പറഞ്ഞു.