• 23 Sep 2023
  • 03: 01 AM
Latest News arrow

സിനിമാ സ്റ്റൈലിൽ ‘ചേസ്’ ചെയ്ത് തമിഴ്നാട് പൊലീസ്; ഒന്നരക്കോടി തട്ടിയ രണ്ട് പേർ പിടിയിൽ

മലയാളി യുവാക്കളാണ് മൂന്നാറിൽ പിടിയിലായത്

മൂന്നാര്‍: തമിഴ് വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത ഒന്നര കോടിയുമായി കടന്ന രണ്ട് മലയാളികളെ പിൻതുടർന്ന് പിടികൂടി തമിഴ് നാട് പൊലീസ്. ചാലക്കുടി സ്വദേശികളായ ഫെബിൻ സാജു (26), എഡ്‍വിൻ തോമസ് (26) എന്നിവരെയാണ് തിരുനെൽവേലി പൊലീസ് വാഹനത്തിൽ പിന്തുടർന്ന് പിടികൂടിയത്. റോഡിലുണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുകുതിച്ച യുവാക്കളുടെ വാഹനം പൊലീസിനെ കണ്ട് പിന്നോട്ടെടുക്കുന്നതിനിടെയാണ് മൂന്നാറിൽ റേഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ച് നിന്നത്. ഇതോടെ  പിറകെയെത്തിയ പൊലീസ് ഇരുവരെയും പിടികൂടി.
തിരുനെൽവേലി ​പൊലീസ് അറിയിച്ചതനുസരിച്ച് മൂന്നാര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശമനുസരിച്ച് പൊലീസ് സംഘം വാഹനം തടയാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിൽ പിന്നോട്ടെടുത്തപ്പോഴാണ് വാഹനം സംരക്ഷണഭിത്തിയിൽ ഇടിച്ചുനിന്നത്. ഇതിനിടയിലാണ് യുവാക്കളുടെ ആഡംബര വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചത്.
യുവാക്കൾക്കൊപ്പം വാഹനത്തില്‍ നിന്ന് ലഭിച്ച പണവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിന്നക്കനാൽ മുതൽ മൂന്നാർ വരെ സിനിമാസ്റ്റൈലിൽ ‘ചേസിംഗ്’ നടത്തിയാണ് തമിഴ്നാട് പൊലീസ് യുവാക്കളെ പിടികൂടിയത്.
വ്യവസായിയില്‍ നിന്ന്  ഒന്നരക്കോടി തട്ടിയെടുത്ത് കേരളത്തിലേക്ക് മുങ്ങിയ യുവാക്കള്‍ ശാന്തന്‍പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിച്ച് താമസിക്കുന്നതായി തമിഴ്നാട് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ പിടികൂടാനായി റിസോർട്ടിലെത്തിയ പൊലീസിനെ കണ്ട് യുവാക്കൾ  റിസോര്‍ട്ടിന്‍റെ കവാടം ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെട്ടു. പിന്നീട് ഇവരുടെ നീക്കം തിരിച്ചറിഞ്ഞ പൊലീസ്  ചിന്നക്കനാലില്‍ നിന്നും  പിൻതുടരുകയായിരുന്നു.
കേരളത്തിലും പുറത്തുമായി  ഫെബിന്‍ സാജുവിനെതിരെ എട്ട് മോഷണക്കേസുകളും എഡ്‌വിന്‍ തോമസിനെതിരെ കാസര്‍കോട്, മലപ്പുറം, ചാലക്കുടി എന്നിവിടങ്ങളിയായി മോഷണക്കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

RECOMMENDED FOR YOU
Editors Choice